നിങ്ങളെ വെറുക്കുന്നു എന്ന കമന്റുകളോടും നന്ദി ! കോവിഡിന് ഇടയിലും തന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ട പ്രേക്ഷകരോട് നന്ദി പറഞ്ഞ് പാര്‍വതി തിരുവോത്ത്

ഫിലിം ഡസ്ക്
Sunday, April 4, 2021

കോവിഡിന് ഇടയിലും തന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ട പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ഇക്കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലുമായി മൂന്ന് ചിത്രങ്ങളാണ് പാര്‍വതിയുടെതായി റിലീസ് ചെയ്തത്. വര്‍ത്തമാനം, ആണും പെണ്ണും, ആര്‍ക്കറിയാം എന്നീ ചിത്രങ്ങള്‍ കണ്ട പ്രേക്ഷകരോട് ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയാണ് പാര്‍വതി നന്ദിയും സ്‌നേഹവും അറിയിച്ചത്.

ലൈവിനിടയില്‍ എത്തിയ കമന്റുകള്‍ക്കും ചോദ്യങ്ങള്‍ക്കും താരം മറുപടിയും നല്‍കി. നിങ്ങളെ വെറുക്കുന്നു എന്ന കമന്റുകളോടും നന്ദി എന്ന് പറഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് പാര്‍വതി. നിങ്ങളെ ഇഷ്ടമാണ് എന്ന കമന്റുകള്‍ക്ക് പിന്നാലെയാണ് വെറുക്കുന്നു എന്ന കമന്റുകള്‍ വന്നത്. രണ്ടിനും ഒരേ പോലെ താങ്ക്യൂ എന്ന് പറഞ്ഞ് പാര്‍വതി ലൈവ് തുടരുകയായിരുന്നു.

മാര്‍ച്ച് 12ന് ആണ് വര്‍ത്തമാനം റിലീസ് ചെയ്തത്. സിദ്ധാര്‍ത്ഥ് ശിവ ഒരുക്കിയ ചിത്രത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യാനെത്തിയ ഫൈസ സൂഫിയ എന്ന വിദ്യാര്‍ത്ഥിനി ആയാണ് പാര്‍വതി വേഷമിട്ടത്. ആന്തോളജി ചിത്രമായ ആണും പെണ്ണും മാര്‍ച്ച് 26ന് ആണ് തിയേറ്ററില്‍ എത്തിയത്. ഉറൂബിന്റെ രാച്ചിയമ്മയെ അടിസ്ഥാനമാക്കി വേണു സംവിധാനം ചെയ്ത ചിത്രത്തിലാണ് പാര്‍വതി വേഷമിട്ടത്.

ഏപ്രില്‍ ഒന്നിനാണ് ആര്‍ക്കറിയാം ചിത്രം റിലീസ് ചെയ്തത്. സാനു വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. അതേസമയം, നവരസ എന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം മമ്മൂട്ടിക്കൊപ്പം പുഴു എന്ന ചിത്രങ്ങളാണ് പാര്‍വതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

×