പത്തനംതിട്ടയിൽ നിരീക്ഷണ കേന്ദ്രത്തിൽ കഴിയവെ മ​ദ്യപിച്ചയാൾക്ക് കൊവിഡ്; ഇയാൾക്ക് ക്വാറന്റീൻ കേന്ദ്രത്തിൽ കയറിൽ തൂക്കി മദ്യക്കുപ്പികൾ എത്തിച്ചവരോട് നിരീക്ഷണത്തിലിരിക്കാൻ പൊലീസ് നിര്‍ദേശം

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Sunday, July 5, 2020

പത്തനംതിട്ട: പത്തനംതിട്ടയിൽ നിരീക്ഷണ കേന്ദ്രത്തിൽ കഴിയവെ മ​ദ്യപിച്ചയാൾക്ക് കൊവിഡ്. ഇയാൾക്ക് ക്വാറന്റീൻ കേന്ദ്രത്തിൽ കയറിൽ തൂക്കി മദ്യക്കുപ്പികൾ എത്തിച്ചവരോട് നിരീക്ഷണത്തിലിരിക്കാൻ പൊലീസ് നിർദേശിച്ചു. പത്തനംതിട്ട അടൂരിൽ കഴിഞ്ഞ ദിവസം ദുബായിൽ നിന്നെത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് നിരീക്ഷണ കേന്ദ്രത്തിൽ എത്തി രണ്ട് യുവാക്കൾ മദ്യം കൈമാറുകയായിരുന്നു.

ശനിയാഴ്ചയാണ് ഇയാളുടെ പരിശോധനാഫലം വന്നത്. ഇതെ തുടർന്ന് മദ്യം കൈമാറി എന്ന് കരുതുന്ന സുഹൃത്തുക്കളെ വിളിച്ച് പൊലീസ് നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടു. കിളിവയൽ, കുളക്കട സ്വദേശികളായ സുഹൃത്തുക്കളാണ് മദ്യം കൈമാറിയതെന്നാണ് പൊലീസ് അറിയിച്ചത്. ഇവരിൽ ഒരാളുടെ വീട്ടിൽ എത്തിയും ഒരാളെ ഫോണിൽ വിളിച്ചുമാണ് നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടത്. മദ്യം കൈമാറാൻ ഉപയോഗിച്ച കയറോ, കവറോ വഴി സമ്പർക്കമുണ്ടാകാമെന്നതിനെ തുടർന്നാണിത്.

കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറിൽ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ മദ്യം വെച്ച് മുകളിലേക്ക് നൽകിയ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പിന്നീട് യുവാവ് മദ്യപിച്ച് ബഹളമുണ്ടാക്കുകയും മണിക്കൂറുകളോളം ഒരു മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തു. ജനപ്രതിനിധികളും പോലീസും ചേർന്ന് അനുനയിപ്പിച്ചാണ് പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചത്.

×