പത്തനംതിട്ട: അതിരുതര്‍ക്കത്തിന്റെ പേരില്‍ മര്‍ദിച്ചുവെന്ന ഭിന്നശേഷിക്കാരിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു.
നഗരസഭാ കൗണ്‍സിലറടക്കം 13 പേര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 25 പേര്‍ക്കുമെതിരേയാണ് പോലീസ് കേസെടുത്തത്.
നഗരസഭാ ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സാബു, മുഹമ്മദ് റാവുത്തര്‍, മുഹസിന, മുബീന, അംജിദ് അലി, അലിക്കുട്ടി, ജാസ്മിന്‍, അര്‍ജുന്‍, വിഷ്ണു, ശരത്, സുരാജ് എസ്.പിള്ള, അജ്മല്‍, നിസാര്‍ എന്നിവരും കണ്ടാലറിയാവുന്ന 25 പേരുമാണ് പ്രതികള്‍.
വെട്ടിപ്പുറം പാറയടിയില്‍ അന്‍സല്‍ന ഹസന്‍കുട്ടി നല്‍കിയ പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
അതിര് തര്‍ക്കത്തിനിടെയാണ് 40 ശതമാനം വൈകല്യമുള്ള പരാതിക്കാര്‍ക്ക് മര്‍ദനമേറ്റത്. എന്നാല്‍, ഇവര്‍ക്കെതിരേ എതിര്‍ കക്ഷികളുടെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്താന്‍ പോലീസ് തയാറായില്ല.
തുടര്‍ന്ന് ഇവര്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. പരാതി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൈമാറിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. മൊഴിയെടുക്കാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ ആരും ചെന്നില്ല.
രാഷ്ട്രീയ സ്വാധീനം മൂലം കേസെടുക്കുന്നില്ലെന്നായിരുന്നു മനുഷ്യാവകാശ കമ്മിഷനില്‍ നല്‍കിയ പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയോടു കേസെടുത്ത് അന്വേഷിക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈ 24 നാണ് അന്‍സലിനയ്ക്ക് മര്‍ദനമേറ്റത്. ഈ വര്‍ഷം മാര്‍ച്ച് 29 നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.