പത്തനംതിട്ട: ഈ മണ്ഡലകാലത്തിനിടെ ശബരിമലയിൽ ഹൃദയാഘാതം മൂലം ഇതുവരെ മരിച്ചത് 23 പേരെന്ന് റിപ്പോർട്ട്. 35 ദിവസത്തിൽ ശരണ പാതയിൽ മരിച്ചത് 24 പേരാണ്. അതിൽ 23 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. കുത്തനെ കയറ്റമുള്ള നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ വച്ചാണ് കൂടുതൽ പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.
ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ മൂലം 106 പേരെ പമ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാം എന്ന് വിദഗ്ധർ പറയുന്നു. കുത്തനെയുള്ള കയറ്റം കയറുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കോവിഡ് വന്നവരിൽ ഗുരുതരമാകുന്നു.
പമ്പയ്ക്കും സന്നിധാനത്തിനും ഇടയിലുള്ള കാർഡിയോ സെന്ററുകളിൽ ഉള്ളത് ഓക്സിജൻ സിലിണ്ടറുകൾ മാത്രമാണ്. കൃത്യമായ അടിയന്തര ചികിത്സ ലഭിക്കാൻ പമ്പയിലെ ആശുപത്രിയിൽ എത്തിക്കണം.
തിരക്കുള്ള സമയങ്ങളിൽ ആംബുലൻസുകൾക്ക് കടന്നു പോകാനാകാതെ സാഹചര്യമാണ്. ആഴ്ചകൾക്ക് മുൻപ് ഇത്തരത്തിൽ ആംബുലൻസ് എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരുക്കേറ്റിരുന്നു.