Advertisment

89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു....വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ പരാതിക്കാരിയായ 89-കാരിയെ ആക്ഷേപിച്ച് വനിത കമ്മീഷൻ അധ്യക്ഷ

New Update

പത്തനംതിട്ട: വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ പരാതിക്കാരിയായ 89-കാരിയെ ആക്ഷേപിച്ച് വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ.

Advertisment

അയൽവാസി വീട്ടിൽ കേറി മർദ്ദിച്ച സംഭവത്തിൽ നീതി തേടി വനിതാ കമ്മീഷനിൽ എത്തിയ വൃദ്ധയ്ക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിതാ കമ്മീഷൻ്റെ ശകാരം കേൾക്കേണ്ടി വന്നത്.

കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം. ലക്ഷമിക്കുട്ടിയമ്മ പത്തനംതിട്ട കോട്ടങ്കൽ സ്വദേശിനിയായ 89-കാരിയെ അയൽവാസി വീട്ടിൽ കേറി മർദ്ദിച്ചിരുന്നു. സംഭവത്തിൽ ലക്ഷമിക്കുട്ടിയമ്മയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. തുടർന്ന് ഇവർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 28-ന് അടൂരിൽ നടക്കുന്ന വനിത കമ്മീഷൻ സിറ്റിംഗിൽ പങ്കെടുക്കാൻ വിളിച്ചത്. എന്നാൽ കോട്ടാങ്കൽ സ്വദേശിയായ ലക്ഷ്മിക്കുട്ടിയോട് അൻപത് കിലോമീറ്റർ അകലെയുള്ള അടൂരിലേക്ക് ഹിയറിംഗിന് എത്താനായിരുന്നു വനിതാ കമ്മീഷൻ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ ചെറുമകൻ വനിതാ കമ്മീഷൻ വെബ്സൈറ്റിൽ നിന്നും കോണ്ടാക്ട് നമ്പർ എടുത്തു അതിൽ വിളിച്ചു.

വനിതാ കമ്മീഷൻ അധ്യക്ഷയായ എംസി ജോസഫൈനാണ് ഈ കോൾ എടുത്തത്. അവരോട് കാര്യങ്ങൾ വിശദീകരിച്ച ചെറുമകൻ ഇത്രയും പ്രായമായ മുത്തശ്ശിയുമായി ഇത്ര ദൂരം സഞ്ചരിക്കാനാവില്ലെന്നും അതിനാൽ ഹിയറിംഗിൻ്റെ സ്ഥലം മാറ്റി തരാനാവുമോ എന്നും ചോദിച്ചു. ഇതോടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതിക്കാരോട് പൊട്ടിത്തെറിച്ചത്.

പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനിൽ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ എന്നാണ് ജോസഫൈൻ പറഞ്ഞിരിക്കുന്നത്.

Advertisment