/sathyam/media/post_attachments/pcQfW4f6CN2ZHZEBjt5i.jpg)
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വനിതാ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. വനിതാ ബ്ലോക്കിലെ വാർഡിൽ തൂങ്ങിമരിക്കാനാണ് ഇവർ ശ്രമിച്ചത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം കുതിരവട്ടത്ത് ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്ന നിരന്തര പരാതിയെ തുടർന്ന് ഹൈക്കോടതി ഇടപെട്ടിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയുൾപ്പെടെയുളള കാര്യങ്ങളിൽ മൂന്ന് ദിവസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.
ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്നും ചുറ്റുമതിലിന്‍റെ ഉയരം കൂട്ടണമെന്നും ആശുപത്രിയിൽ പരിശോധന നടത്തിയ പൊലീസ് സംഘം നിർദേശിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു പൊലീസ് പരിശോധന.
കഴിഞ്ഞ ദിവസം പുറത്തുകടക്കാൻ ശ്രമിച്ച അന്തേവാസി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുൾപ്പെടെ പരിഗണിച്ചാണ് സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച് മെഡി. കോളജ് എന്നീ അസി.കമ്മീഷണർമാരുടെ നേതൃത്വത്തലുളള സംഘം ആശുപത്രിയിൽ പരിശോധനക്കെത്തിയത്.