ഹസ്സൻ തിക്കോടി
ലോകത്തിലെ അതിപുരാതന ജനാതിപത്യ രാജ്യമായ അമേരിക്കയെ “ഡൊണാൾഡ് ട്രംപ് “എന്ന ഭരണാധികാരി ഭരിച്ചത് 1460 ദിവസങ്ങളായിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞ കളവുകളുടെ എണ്ണം 30,529 എന്നാണ് ന്യൂയോർക്ക് ടൈമ്സ് പത്രം എഴുതിയത്. അതായത് ശരാശരി ഇരുപതു നുണകൾ ഓരോദിവസവും ട്രംപ് പറഞ്ഞിരുന്നതായി പത്രം രേഖപ്പെടുത്തുന്നു.
ജനാധിപത്യത്തിൽ നുണകൾ പറയുന്ന ഭരണാധികാരികൾ ധാരാളമാണ്. നുണകൾ പറഞ്ഞു പ്രജകളെ പാട്ടിലാക്കി രാജ്യം ഭരിക്കുക ശീലമാക്കിയവരാണ് രാക്ഷ്ട്രീയക്കാർ. തെരഞ്ഞെടുപ്പു സമയം സമാഗതമായാൽ പരസ്പരം പഴിചാരിയും കുറ്റം പറഞ്ഞും താങ്കളുടെ പാർട്ടിയാണ് ഏറ്റവും മുന്തിയതെന്നും താങ്കൾക്ക് മാത്രമേ ഐശ്വര്വും സത്ഗുണവുമുള്ള ഭരണം കാഴ്ചവെക്കാൻ സാധിക്കുകയുള്ളൂ എന്നും എതിർപാർട്ടികളെല്ലാം മോശമാണെന്നും അവർ പറഞ്ഞു വെക്കുന്നു.
ഭരിക്കുന്ന പാർട്ടികളാവട്ടെ ഖജനാവിലെ പണം ചിലവിട്ടു മാധ്യമ പരസ്യങ്ങളിലൂടെ നേട്ടങ്ങള്‍ വിളിച്ചോതിക്കൊണ്ടായിരിക്കും തുടർഭരണം ആഗ്രഹിക്കുക. മറ്റുള്ളവർ നിഷ്പക്ഷരായ കോർപ്പറേറ്റ് കമ്പനികളെയും കച്ചവടക്കാരെയും വായ്പ്പക്കെടുത്തു കേരള യാത്രകളും സമ്മേളനങ്ങളും നടത്തുന്നു. അടി തെറ്റിയെങ്ങാനും ഭരണത്തിൽ വീണാൽ കൊടുത്ത പണം വസൂലാക്കാൻ മിടുക്കരാനാണല്ലോ കച്ചവടക്കാർ.
ചാനലുകൾ ഇതിനകം പോളിംഗ് സർവേകൾ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം കൊറോണയുടെ മടുപ്പിക്കുന്ന സന്ധ്യകളെ ശബ്ദകോലാഹലമാക്കുന്ന ചാനൽ ചർച്ചകളും. അവിടെയും കുറ്റം പറച്ചിലും, പരസ്പരം തെറി വിളിയും നടക്കുന്നു . ഒടുവിൽ ഹതഭാഗ്യനായ വോട്ടർ മനമില്ലാമനസ്സോടെ പോളിങ് ബൂത്തിലേക്ക് നടന്നു നീങ്ങുന്നു. ഇതാണ് ഒരു ശരാശരി മലയാളിയുടെ പഞ്ചവത്സര മോഹങ്ങള്‍.
ഇന്ധന വിലക്കയറ്റം ശ്രദ്ധിക്കാതെ …..
ഇന്ധന-ഗ്യാസ് വില സമാനതകളില്ലാത്തവിധം വർധിച്ചുകൊണ്ടിരിക്കുകയാണ്. പഴിചാരുന്നതാവട്ടെ കോൺഗ്രസിനെയും സാമ്പത്തിക വിദഗ്‌ദ്ധനായ മൻമോഹൻ സിംഗിനെയും. കാരണം യു.പി.എ ഭരണകാലത്തു അദ്ദേഹമാണല്ലോ എണ്ണക്കമ്പനികളെ കയറൂരിവിട്ടത്. എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികൾക്ക് വിട്ടുകൊടുത്തത്. അതൊരു ദുർഭരണമോ, തെറ്റായ തീരുമാനമോ ആയിരുന്നെങ്കിൽ അത് തിരുത്താൻ വേണ്ടിയായിരുന്നില്ലേ ജനാതിപത്യം മറ്റൊരു പാർട്ടിയെ ഭരണമേല്പിച്ചതു്.
എന്തുകൊണ്ട് ആദ്യമൂഴത്തിലും, രണ്ടാമൂഴത്തിലും പഴയ ഭരണാധികാരിയുടെ തെറ്റുകൾ തിരുത്തുന്നില്ല. ഇപ്പോഴിതാ കേവലം നാല് പൊതുസ്ഥാപനങ്ങളൊഴിച്ചു ബാക്കിയൊക്കെ വിൽക്കാൻ പോവുന്നു. യുപിഎ സർക്കാരിന്റെ തെറ്റുകളെ എന്തിനു പിന്തുടരണം? ഇവിടെയാണ് അമേരിക്കയിലെയും ഇന്ത്യയിലെയും ജനാധിപത്യത്തിലെ വ്യത്യാസം നാം മനസ്സിലാക്കേണ്ടത്.
ഡൊണാൾഡ് ട്രംപ് എന്ന ഏറ്റവും വഷളനായ അമേരിക്കയുടെ ഭരണാധികാരി കൊണ്ടുവന്ന ഇരുപതോളം “നയങ്ങൾ” ജനവരി 20-നു ഉച്ചക്ക് 12-മണിക്ക് അധികാരം ഏറ്റെടുത്ത ജോ ബൈഡൻ എന്ന 46-മാതു പ്രസിഡണ്ട് അന്ന് വൈകുന്നേരത്തോടെ തിരുത്തുകയും എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിക്കുകയും ചെയ്തു. ജനക്ഷേമപരമായ കാര്യങ്ങൾ ചെയ്യാൻ ജനം തന്നെ ഭരണമേല്പിച്ചപ്പോൾ മുൻ ഭരണാധികാരിയുടെ അറുവഷളൻ “നയങ്ങൾ” തിരുത്തുക അനിവാര്യമായിരുന്നു.
തിരുത്തിയ നയങ്ങളെല്ലാം തന്നെ ലോക നന്മക്കും അമേരിക്കൻ ജനതയുടെ ക്ഷേമത്തിനുതകുന്നതുമായിരുന്നു. അതേസമയം ജോ ബൈഡൻ മുൻ പ്രസിഡന്റിനെ വഴക്കുപറയാനോ, അദ്ദേഹത്തിന്റെ ചെയ്തികളിലും തീരുമാനങ്ങളിലും കുറ്റംചുമത്താനോ , പഴിചാരി രക്ഷപ്പെടാനോ ഒരുമ്പെട്ടില്ല. പകരം ജനങ്ങൾ തന്നിലേൽപിച്ച അധികാരത്തിന്റെ ബലത്തിൽ ചങ്കൂറ്റത്തോടെ തന്റെ കർത്യവ്യം നിർവഹിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്.
എണ്ണ നികുതികൾ കുറക്കുക :
കഴിഞ്ഞ ഏഴുവർഷങ്ങളായി നാം ഇന്ധന വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്നു. ഭരണത്തിലിരിക്കുന്നവർ കഴിഞ്ഞകാല സർക്കാർ കൊണ്ട് വന്ന നയപരമായ തീരുമാനത്തെ തിരുത്താതെ “അവരല്ലേ എണ്ണക്കമ്പനികൾക്ക് വിലകൂട്ടാൻ അധികാരം നൽകിയതെന്ന” സ്ഥിരം പല്ലവികൾ ഉരുവിട്ടുകൊണ്ടിരിക്കുന്നു.
അന്താരാഷട്ര വിപണിയിലെ ഇന്ധന വിലയുടെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ എണ്ണയുടെ വില നിശ്ചയിക്കാനുള്ള അധികാരത്തെ ഓയിൽ മാർക്കറ്റിങ് കമ്പനികൾ ചൂഷണം ചെയ്യുകയും അവരെ നിയന്ത്രിക്കാന്‍ അധികാരമുള്ള ഭരണാധികാരികൾ ഒഴിഞ്ഞു മാറുകയും ചെയ്യുന്നതാണ് ഇന്ന് ഇന്ധനവില പിടിച്ചു നിർത്താനാവാതെ വന്നത്. അതോടൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എണ്ണയുടെമേൽ ഈടാക്കുന്ന നികുതികൾ കുറയ്ക്കാനോ ഇല്ലാതാക്കാനോ സന്മനസ്സുകാണിക്കുന്നുമില്ല.
പെട്രോൾ വിലയിൽ 60 ശതമാനവും ഡീസൽ വിലയിൽ 54 ശതമാനവുമാണ് കേന്ദ്ര-സംസ്ഥാന നികുതികൾ. ജനങ്ങളോട് അല്പമെങ്കിലും കാരുണ്യവും സ്‌നേഹവും പ്രതിബദ്ധതയും ഉണ്ടെങ്കിൽ മാസത്തിൽ കേവലം 24 മണിക്കൂർ നേരത്തേക്കെങ്കിലും സർക്കാർ നികുതി വേണ്ടന്നുവെച്ച് അവരെ സഹായിക്കാമായിരുന്നു.
പകരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവരുടെ വിജയഗാഥകൾ പരസ്യത്തിലൂടെ ജനങ്ങളിലെത്തിക്കാൻ കോടികൾ ധൂർത്തടിക്കുകയാണ്. സർക്കാരുകൾ ചെലവിടുന്ന ധൂർത്തിന്റെ ചെറിയൊരു ശതമാനം മതിയായിരുന്നു ഇന്ധന വില കുറക്കാനും സാധാരണക്കാരന്റെ പ്രാരാബ്ധം ഇല്ലാതാക്കാനും.
നിർഭാഗ്യവശാൽ നമ്മുടെ അച്ചടി-ദൃശ്യ മാധ്യമങ്ങൾ പോലും ഈ ധൂർത്തിനെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. കാരണം കോവിഡ് കാലത്തേ അവരുടെ നഷ്ടം നികത്താനുള്ള ഏറ്റവും എളുപ്പവഴികൾ സർക്കാരിന്റെ മേന്മകൾ ജനങ്ങളിൽ എത്തിച്ചു കൊണ്ട് അവർ അവരുടെ ധർമം നിറവേറ്റുന്നതായി അവകാശപ്പെടുന്നു. വിരോധാഭാസത്തിന്റ മറ്റൊരു മുഖം നമുക്കിവിടെ കാണാം.
നഷ്ട്ടപ്പെടുന്ന വോട്ടുകൾ :
ഓരോ അഞ്ചുവർഷത്തിലും നമ്മൾ പോളിംഗ് ബൂത്തിലേക്ക് പോയി നമുക്കിഷ്ട്ടമുള്ള പാർട്ടിക്ക്/വ്യക്തിക്ക് വോട്ടുകൾ രേഖപ്പെടുത്തുന്നു. ഭൂരിപക്ഷാടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു പാർട്ടിയെ തെരഞ്ഞെടുക്കുകയും അവർ നമ്മളെ ഭരിക്കുകയും ചെയ്യുന്നു. കാലാ കാലങ്ങളായി ഈ പ്രക്രിയ തുടരുന്നു. നമുക്കിഷ്ടമില്ലാത്തവർ അധികാരത്തിൽ വന്നാൽ നമ്മൾ ചെയ്ത വോട്ടുകൾ നഷ്ടമായി (Wasted votes) എന്ന തോന്നൽ നമ്മിലുണ്ടാക്കുന്ന വികാരം പകയായി, വെറുപ്പായി മാറുന്നതോടെ ഭരിക്കുന്നവരെ കുറ്റം പറയാനും അവർ ചെയ്യുന്നതെല്ലാം ശരിയല്ലന്ന തോന്നലിലൂടെ മറ്റൊരു അഞ്ചു വർഷം തള്ളി നീക്കാനും നമ്മൾ നിർബന്ധിതരാവുന്നു.
ജനാധിപത്യത്തിനു നാലു തൂണുകളാണെന്ന സത്യം നമ്മെ ഓർമ്മപ്പെടുത്തുന്നത് തെരഞ്ഞെടുപ്പുകൾ വരുമ്പോഴാണ്. നിയമനിർമ്മാണസഭ (Legislative), ഭരണനിർവ്വാഹക സമിതി (Executive), നീതിന്യായം (Judictory) മാധ്യമങ്ങൾ (Media). ഇവയെല്ലാം ഒരേപോലെ അതിശക്തമായി പ്രവർത്തിച്ചെങ്കിൽ മാത്രമേ ഭരണം സാധൂകരിക്കപ്പെടുകയുള്ളൂ. ഇന്ത്യയിലെ ഭരണക്രമത്തിൽ ചില തൂണുകള്‍ ഇടക്കൊക്കെ ഇളകിയാടാറുണ്ട്.
പക്ഷെ, അവ അരക്കിട്ടുറപ്പിക്കാൻ നമ്മുടെ രാക്ഷ്ട്രീയ പാർട്ടികൾ വിമുഖത കാണിക്കുന്നതിനാൽ ഭരണത്തിൽ അസ്വസ്ഥതയും അസ്വാരസ്യങ്ങളും നിത്യ സംഭവമായി തുടരുന്നു. അതേസമയം അമേരിക്കയിൽ ഈ തൂണുകൾക്ക് പിൻബലമായി ഭരണഘടന ഉറച്ചു നിൽക്കുന്നു , ബ്രിട്ടനിലാവട്ടെ ലെജിസ്ലേറ്റീവിനാണു പ്രാധാന്യം നൽകുന്നതെങ്കിലും നീതിന്യായ കോടതികൾ ഇടപെടലുകള്‍ നടത്തുന്നതിനാൽ ഭരണം സുഗമമായി കൊണ്ടുപോവാൻ സാധിക്കുന്നു.
പൊതുജനാഭിപ്രായം രേഖപ്പെടുത്തലും, വോട്ടവകാശവും ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകമാണ്. ഏതു പാർട്ടിയാണ് താങ്കളെ ഭരിക്കേണ്ടതെന്നു തീരുമാനിക്കാനുള്ള അധികാരം ഓരോ പൗരന്റെയും അവകാശമാണ്. ഓരോ വോട്ടും അഭിപ്രായം രേഖപ്പെടുത്തലാണ്. നമ്മെ ഭരിക്കാനുള്ള അധികാരം കൊടുക്കലാണ്. ഏതെങ്കിലും ഒരു പാർട്ടിയുടെ തത്വചിന്തയേയോ, ആ പാർട്ടിയിലെ വ്യകതിയെയോ അംഗീകരിക്കൽകൂടിയാണ് ഓരോ വോട്ടിലൂടെയും നാം ചെയ്യുന്നത്. സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കുന്നതോടെ അവർ ഭരണാധികാരിയും വോട്ടു ചെയ്ത നമ്മൾ കേവലം പൗരന്മാരുമായി മാറുന്നു.
വികസന മാതൃകകൾ :
ഇയ്യിടെ മലപ്പുറത്തുനിന്നും കോഴിക്കോട്ടേക്കുള്ള കാർ യാത്രയിൽ, എയർപോർട്ടിന്നടുത്ത ഒരു നഗരത്തിലെ പുതുതായി വെച്ച തെരുവുവിളക്കുകളിൽ ഓരോന്നിലും ഫോട്ടോ പതിച്ച പോസ്റ്ററുകൾ കാണാനിടയായി. അഭിവാദ്യങ്ങളും, അഭിനന്ദനങ്ങളും, ആശംസകളും അർപ്പിച്ചുകൊണ്ടെഴുതിയ ആ പോസ്റ്ററുകളുടെ പൊരുൾ കൂടെയാത്രചെയ്യുന്നവരോട് ചോദിച്ചപ്പോളാണറിയുന്നതു, അത് അവിടത്തെ ജനപ്രതിനിധിയുടെതാനെന്നും, അദ്ദേഹം ചെയ്ത ഒരു മഹത് കാര്യം ആ നാട്ടിലൂടെ കടന്നു പോകുന്നവരെ അറിയിക്കാൻ വേണ്ടിയാണ് നഗരത്തിലുടനീളം പോസ്റ്ററുകൾ പതിച്ചതെന്നും.
നാട്ടുകാരുടെ പൗരബോധം കൊട്ടിഘോഷിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. ഭരണാധികാരി തന്നെ തെരെഞ്ഞടുത്ത ജനങ്ങൾക്ക് നൽകുന്ന ഏതൊരു സഹായങ്ങളും എന്തിനിത്രയധികം വിളംബരം ചെയ്യണം. അത് അവരുടെ പ്രാഥമികമായ കടമയല്ലേ. പൗരന്മാർ കൊടുത്തുകൊണ്ടിരിക്കുന്ന നികുതിപ്പണത്തിന്റെ ഒരംശമല്ലേ അവർ നാടിന്റെ വികസനത്തിനായി ചെലവിടുന്നത്.
യഥാർത്ഥത്തിൽ അവർ നമ്മുടെ യജമാനന്മാരാവുന്നതെങ്ങനെയാണ്. നമ്മളല്ലേ അവരുടെ യജമാനന്മാർ? എന്നിട്ടും വികസനാവശ്യത്തിനായി നാം അവരുടെ മുമ്പിൽ കൈകൂപ്പി നിൽക്കുന്നു. നാല്പതിനായിരം തവണ നാക്കിട്ടടിച്ചാൽ മാത്രമേ ഒരു വികസനം സാധ്യമാവൂ എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
തങ്ങൾക്കു ലഭിച്ച അഞ്ചു വർഷത്തിനുള്ളിൽ ഓരോരുത്തരും അവരുടെ പാർട്ടിക്കുള്ളിലെ അജണ്ടകൾ നടപ്പാക്കുന്ന ബദ്ധപ്പാടിലാണ്. അവർക്കിടയിലെ വഴക്കും പിണക്കവും തീർപ്പാക്കൽ ഒരു ഭാഗത്തു. അതിന്നിടയിൽ അധികാര ദുർവിനിയോഗവും ധൂർത്തും പൂർവാധികം ശക്തിയോടെ, ഒരു പക്ഷെ പൂർവികരെ കടത്തിവെട്ടുന്ന വാശിയോടെ നടത്താനുള്ള തിരക്കുകൾ മറ്റൊരു വശത്തുകൂടി നടക്കുന്നു.
സ്വന്തം പാർട്ടിയുടെ നിലനിൽപ്പിലും അവരവരുടെ സ്ഥാനമോഹങ്ങളിലും മാത്രമായി ചുരുങ്ങുന്നു തെരെഞ്ഞെടുപ്പിനുഷശമുള്ള നേതാക്കന്മാരുടെ അഞ്ചുവർഷങ്ങൾ. പൗരന്മാരെ കാണാനോ അവരുമായി സംവദിക്കാനോ അവർക്കു സമയമില്ല. എപ്പോഴും തിരക്കിലാണവർ. അതുകൊണ്ടു തന്നെ വികസനത്തോടുള്ള അവരുടെ കാഴ്ച്ചപ്പാടുകൾ വളരെ വിഭിന്നവും പരിമിതവുമാണ്. നാടിനു വികസനം കൊണ്ടുവന്നാൽ അതവർക്കൂടി ഉപകരിക്കുമെന്ന് തോന്നലുകളൊന്നും അവർക്കില്ല.
എയർപോർട്ടിലെകുള്ള റോഡുകളുടെ ശോചനീയാവസ്ഥ, മാലിന്യ ചാക്കുകൾ കൂട്ടിയിട്ട പാതയോരങ്ങൾ, ഒരിക്കലും കത്താത്ത തെരുവുവിളക്കുകൾ, ഇത്തിരി ഭൂമി കൂടി വാങ്ങിക്കൊടുത്തൽ അവിടെ കൂടുതൽ വിമാനങ്ങൾ വരുമെന്നും അതുമൂലം നാട് വികസിക്കുമെന്നും അറിയാത്തവരുടെ നാട്ടിലെ ഒരങ്ങാടിയിൽ കുറച്ചു തെരുവ് വിളക്കുകൾ കത്തിച്ചപ്പോഴുള്ള ആഘോഷങ്ങൾ കെങ്കേമമായി നടത്തിക്കൊണ്ടു വീരഗാഥകൾ രചിക്കപെടുന്നു. പരസ്പരം പഴിചാരി പാഴാക്കാനുള്ളതല്ല തങ്ങൾക്കു കിട്ടിയ ഭരണാവസരം എന്ന് എപ്പോഴാണാവോ നമ്മുടെ ഭരണാധികാരികൾ മനസ്സിലാക്കുക.