മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ കോൺഗ്രസ് വിടുന്നു ? ചാക്കോ എ കെ ശശീന്ദ്രനൊപ്പം എൻസിപി വഴി ഇടതു മുന്നണിയിലേക്ക് ! ചാലക്കുടിയിൽ ഇടതു സ്ഥാനാർത്ഥിയായേക്കും. ചാക്കോ പാർട്ടി വിടുന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും തന്നെ തുടർച്ചയായി അവഗണിക്കുന്നുവെന്നാരോപിച്ച്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 21, 2021

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോയും ഇടതുപാളയത്തിലേക്കെന്ന് സൂചന. ചാക്കോ ഇടതു പക്ഷത്തെ എൻസിപിയിൽ ചേക്കേറുമെന്ന സംശയമാണ് പുറത്തുവരുന്നത് . അങ്ങനെ വന്നാല്‍ ചാക്കോ ചാലക്കുടിയിൽ നിന്നും മത്സരിക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും തന്നെ അവഗണിക്കുന്നുവെന്നാരോപിച്ചാണ് ചാക്കോ പാർട്ടി വിടാൻ ഒരുങ്ങുന്നതത്രെ . പലവട്ടം സീറ്റ് ചോദിച്ചിട്ടും തന്നില്ലെന്നും മുതിര്‍ന്ന നേതാവായ ചാക്കോയ്ക്ക് പരിഭവമുണ്ട്. ഹൈക്കമാൻഡും ചാക്കോയുടെ പരാതി ഗൗരവമായി കണ്ടിട്ടില്ല.

ഇതോടെയാണ് മറുകണ്ടം ചാടാൻ ചാക്കോ തയ്യാറാകുന്നത് . സി പി എമ്മിലേക്ക് പോകാൻ താൽപര്യമില്ലാതിരുന്ന ചാക്കോ എൻസിപിയിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു. എൻസിപിയിൽ പിളർപ്പുണ്ടായാൽ ഇടതുപക്ഷത്തു നിൽക്കുന്ന എ കെ ശശീന്ദ്രനൊപ്പം ചാക്കോ നിലകൊള്ളും.

ചാക്കോയ്ക്കും ശശീന്ദ്രനുമായി രണ്ടു സീറ്റ് നൽകാൻ എൽഡിഎഫ് തയ്യാറായേക്കും . ചാക്കോയ്ക്ക് ചാലക്കുടിയാകും നൽകുക. മുതിർന്ന കോൺഗ്രസ് നേതാക്കളെ മുന്നണിയിലെത്തിക്കുന്നത് കോൺഗ്രസിനെ ക്ഷീണിപ്പിക്കുമെന്ന് സി പി എമ്മും കരുതുന്നു.

ഇതിൻ്റെ ഭാഗമായാണ് മറ്റൊരു മുതിർന്ന നേതാവ് കെ വി തോമസിനെ മുന്നണിയിലെത്തിക്കാൻ സി പി എം ശ്രമിക്കുന്നത്. എറണാകുളം നിയോജക മണ്ഡലത്തിൽ നിന്നാകും തോമസ് മത്സരിക്കുക. ശനിയാഴ്ച തൻ്റെ നിലപാട് പ്രഖ്യാപിക്കാൻ കെ വി തോമസ് എറണാകുളം ബി ടി എച്ച് ഹോട്ടലിൽ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

×