Advertisment

ബിഷപ്പുമാരെ ചീത്തവിളിക്കുന്ന സംസ്കാരത്തിനുതന്നെ തുടക്കം കുറിച്ചതിലൂടെ ക്രൈസ്തവര്‍ക്കിടയില്‍ ഇപ്പോഴും വിയോജിപ്പ് ! ഉമ്മന്‍ ചാണ്ടിയെ നാട്ടിലെ എല്ലാ കൊള്ളരുതായ്മകളുടെയും കേന്ദ്രമെന്ന് വിശേഷിപ്പിച്ചത് 'എ' ഗ്രൂപ്പും ക്ഷമിക്കുന്നില്ല. ഹിന്ദു, മുസ്ലിം സമുദായങ്ങള്‍ക്കിടയിലും അപ്രീതി തുടരുന്നു. പിസി ജോര്‍ജിനെ യുഡിഎഫിലെത്തിക്കാനുള്ള 'ഐ' ഗ്രൂപ്പ് നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. ജോസഫിനും വിയോജിപ്പ്. ജോര്‍ജിനെ കൊണ്ടുവന്ന് ഉമ്മന്‍ ചാണ്ടിയുടെ ശത്രുത ക്ഷണിച്ചുവരുത്താന്‍ ചെന്നിത്തലയ്ക്കും ഭയം. പിസി ജോര്‍ജിനെ സഹകരിപ്പിക്കുന്നതില്‍ യുഡിഎഫ് തീരുമാനം വൈകിയേക്കും

New Update

publive-image

Advertisment

കോട്ടയം: ജനപക്ഷം നേതാവ് പിസി ജോര്‍ജിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. ഐ ഗ്രൂപ്പിലെ ജോസഫ് വാഴയ്ക്കന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഒഴികെ കോണ്‍ഗ്രസിലെ ഭൂരിപക്ഷവും ജോര്‍ജിനെ എതിര്‍ക്കുകയാണ്.

പൂഞ്ഞാറിലെ കോണ്‍ഗ്രസ് പ്രാദേശിക ഘടകവും പിസി ജോര്‍ജുമായി സഹകരിക്കുന്നതിനെ പൂര്‍ണമായും എതിര്‍ക്കുകയാണ്. കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തിന്‍റെ പുതിയ നിലപാടും ജോര്‍ജിനെതിരാണ്. മാത്രമല്ല, ജോര്‍ജിനെ ഒരു കാരണവശാലും യുഡിഎഫുമായി സഹകരിപ്പിക്കേണ്ടതില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളി ജോര്‍ജുമായി സഹകരിക്കുന്ന തരത്തിലേയ്ക്ക് യുഡിഎഫില്‍ ചര്‍ച്ച കൊണ്ടുവന്ന സാഹചര്യം ഉണ്ടായതില്‍ 'എ' ഗ്രൂപ്പിന് കടുത്ത എതിര്‍പ്പുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ജില്ലയില്‍ അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി 'ഐ' ഗ്രൂപ്പിനെ പിന്തുണക്കുന്ന പിസി ജോര്‍ജിനെ മുന്നണിയിലെടുക്കുന്ന തരത്തിലേയ്ക്ക് തന്ത്രങ്ങള്‍ മെനയുന്ന 'ഐ' ഗ്രൂപ്പ് നീക്കങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്ക് കടുത്ത അമര്‍ഷമാണുള്ളത്.

ഉമ്മന്‍ ചാണ്ടിയെ തള്ളി അത്തരമൊരു നിലപാട് മുന്നണി കൈക്കൊണ്ടാല്‍ അത് രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യ നിലപാടെടുക്കുന്നതിലേക്കുവരെ 'എ' ഗ്രൂപ്പിനെ എത്തിക്കുമെന്ന സാഹചര്യവും നിലവിലുണ്ട്.

സഭയിലെ ഒരുന്നതനെ സ്വാധീനിച്ചാണ് അദ്ദേഹം വഴി മുന്നണിയില്‍ കയറിപ്പറ്റാന്‍ പിസി ജോര്‍ജ് കരുക്കള്‍ നീക്കിയത്. ഫ്രാങ്കോ കേസിലും കന്യാസ്ത്രീ സമരങ്ങളിലും സ്വീകരിച്ച സഭാ അനുകൂല നിലപാട് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് സഭയെ സ്വധീനിക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ സഭയില്‍തന്നെ വലിയൊരു വിഭാഗം വൈദികര്‍ക്കും ജോര്‍ജിന്‍റെ നിലപാടുകളോട് വിയോജിപ്പാണുള്ളത്. ബിഷപ്പുമാരെ പരസ്യമായി പൊതുപ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്ന സംസ്കാരത്തിനുതന്നെ തുടക്കം കുറിച്ചത് ജോര്‍ജാണെന്നത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ സഭാ ശത്രുക്കള്‍ പോലും നടത്തിയിട്ടില്ലാത്തവിധം കടുത്ത ഭാഷയില്‍ ജോര്‍ജ് നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ഇന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ബിഷപ്പിന്‍റെ ഇമേജിനെത്തന്നെ ഇത് സാരമായി ബാധിച്ചു.

ഈ സാഹചര്യത്തില്‍ പിസി ജോര്‍ജ് യുഡിഎഫിലെത്തുന്നതില്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്കും താല്‍പര്യക്കുറവുണ്ട്. മാത്രമല്ല, മേഖലയില്‍ മുസ്ലിം സമുദായത്തിന്‍റെ എതിര്‍പ്പും യുഡിഎഫ് ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.

ഈ സാഹചര്യത്തില്‍ ജോര്‍ജിനെ പിന്തുണക്കുന്നതില്‍ ആലോചിച്ചുമാത്രം തീരുമാനം കൈക്കൊണ്ടാല്‍ മതിയെന്നതാണ് യുഡിഎഫിന്‍റെ നിലപാട്. ഉമ്മന്‍ ചാണ്ടിയുടെ അപ്രീതി സമ്പാദിക്കുന്നതില്‍ രമേശ് ചെന്നിത്തലയ്ക്ക് താല്‍പര്യമില്ല. അതേസമയം വാഴയ്ക്കന്‍ ഉള്‍പ്പെടെയുള്ള സ്വന്തം ഗ്രൂപ്പിലെ നേതാക്കളുടെ സമ്മര്‍ദ്ദവും അദ്ദേഹത്തിനുണ്ട്.

എന്തായാലും ജോര്‍ജിനെ യുഡിഎഫിന്‍റെ ഭാഗമാക്കാന്‍ നിലവില്‍ തീരുമാനമില്ല. പകരം യുഡിഎഫ് പൊതു സ്വതന്ത്രനായി ജോര്‍ജിനെ പിന്തുണയ്ക്കാനാണ് സാധ്യത. കാഞ്ഞിരപ്പള്ളിയാണ് ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്തായാലും ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകാനാണ് സാധ്യത.

 

pc george kottayam news
Advertisment