ഉമ്മന്‍ചാണ്ടി വരുന്നതോടെ പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനം വീണ്ടും ത്രിശങ്കുവില്‍ ! ചെന്നിത്തല വഴി നടത്തിയ ഓപ്പറേഷന്‍ പാളിയതിന്റെ ക്ഷീണത്തില്‍ ജോര്‍ജ്. ജോര്‍ജിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ലാതെ എ ഗ്രൂപ്പ്. ജോര്‍ജിനെ കൂടെ കൂട്ടുന്നത് ദോഷം ചെയ്യുമെന്നും വിലയിരുത്തല്‍. സോളാര്‍ കേസിലടക്കം ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കിയ ജോര്‍ജിനോട് താല്‍പ്പര്യം കാട്ടാതെ ഉമ്മന്‍ചാണ്ടിയും. പൂഞ്ഞാറില്‍ ഇനിയും മുന്നണിയില്ലാത്ത സ്വതന്ത്രനാകേണ്ടി വരുമോ ജോര്‍ജ് !

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, January 19, 2021

കോട്ടയം: ഉമ്മന്‍ചാണ്ടി തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാനെത്തുന്നതോടെ പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനം വീണ്ടും ത്രിശങ്കുവില്‍ ! പിസി ജോര്‍ജിനോട് ഉമ്മന്‍ചാണ്ടിക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ ഇതോടെ വഴിമുട്ടും.

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വഴിയാണ് പിസി ജോര്‍ജ് യുഡിഎഫ് പ്രവേശന സാധ്യതകള്‍ തുടങ്ങിവച്ചത്. ചര്‍ച്ച ഏതാണ്ട് വിജയകരമായി മുമ്പോട്ടുപോകുന്നതിനിടെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ നടന്നത്. ഉമ്മന്‍ചാണ്ടി നേതൃപദവിയിലേക്ക് എത്തുമെന്ന പ്രഖ്യാപനം വന്നതോടെ ജോര്‍ജും കരുതിതന്നെയാണ് പ്രതികരിച്ചത്.

നേരത്തെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെയും ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിപരമായും ആക്രമിച്ച നേതാവായിരുന്നു പിസി ജോര്‍ജ്. സോളാര്‍ കേസിലടക്കം പിസി ജോര്‍ജ് സ്വീകരിച്ച നിലപാട് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരുന്നു. യുഡിഎഫിന്റെ തുടര്‍ഭരണ സാധ്യതകളെ ഇല്ലാതാക്കുന്നതില്‍ നല്ല പങ്കും ജോര്‍ജ് വഹിച്ചിരുന്നു.

അതിനിടെ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി സ്ഥിതി അതല്ല. ജോര്‍ജിന് പൂഞ്ഞാറില്‍ സുരക്ഷിതമല്ല കാര്യങ്ങള്‍.

അതുകൊണ്ടുതന്നെ ജോസഫ് വാഴയ്ക്കന്‍ വഴി രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തി മുന്നണിക്കുള്ളില്‍ കയറാനുള്ള നീക്കമാണ് ജോര്‍ജ് നടത്തിയത്. ഇതിന്റെ ഭാഗമായി ചെന്നിത്തലയ്ക്ക് അനുകൂലമായ പല പരാമര്‍ശങ്ങളും നടത്തിയാണ് ജോര്‍ജ് ഈ ദിവസങ്ങളില്‍ മാധ്യങ്ങളെ കണ്ടത്. ഇതോടെ യുഡിഎഫ് സ്വതന്ത്രനായി പിസി ജോര്‍ജിനെ മത്സരിപ്പിക്കുന്നതിനുള്ള നീക്കം യുഡിഎഫും നടത്തിയിരുന്നു.

ഇതിനിടെയാണ് ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരുന്നത്. യുഡിഎഫിലെ കാര്യങ്ങല്‍ മാറുന്നതനുസരിച്ച് പിസി ജോര്‍ജ് തന്റെ നിലപാടില്‍ മാറ്റം വരുത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. നാളെ മുതല്‍ ഉമ്മന്‍ചാണ്ടി സ്തുതികളുമായി അദ്ദേഹം രംഗത്തെത്താനും ഇടയുണ്ട്.

എന്നാല്‍ പിസി ജോര്‍ജിന്റെ ഈ നിലപാടില്‍ ഉമ്മന്‍ചാണ്ടി വീഴുമോ എന്നാണ് കണ്ടറിയേണ്ടത്. ഉമ്മന്‍ചാണ്ടി ഇടഞ്ഞുനിന്നാല്‍ ജോര്‍ജിന്റെ മുന്നണി പ്രവേശനം നടക്കാനും സാധ്യത കുറയും.

×