കേരളാ കോണ്‍ഗ്രസിന്‍റെ ചങ്കും കരളുമായ രണ്ടില ചിഹ്നം തെറിപ്പിക്കാന്‍ കോടതി കയറുന്ന ‘പിസി കുര്യാക്കോസ്’ മാണിയുടെ പഴയ വിശ്വസ്തൻ കുര്യാക്കോസ് പടവൻ ! തെരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ സുപ്രീം കോടതിവരെയും ജോസ് കെ മാണിക്കെതിരെ നിയമപോരാട്ടവുമായി നടന്നത് പടവൻ. കോടതികളിലെ വ്യവഹാരിയായ പിസി കുര്യാക്കോസ് പാർട്ടി വിട്ട് ജോസഫിൽ ചേക്കേറിയത് പാലാ സീറ്റിൽ പരിഗണിക്കില്ലെന്ന ഉറപ്പില്‍ ? തദ്ദേശ തെരഞ്ഞെടുപ്പിലും തോറ്റതോടെ പടവൻ്റെ നിലനിൽപ്പ് കേസിൽ മാത്രം !

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, March 5, 2021

കോട്ടയം: കെഎം മാണിയുടെ അഭിമാനവും ജീവനുമായിരുന്ന രണ്ടില ചിഹ്നത്തിനായി പിജെ ജോസഫ് നടത്തുന്ന നിയമപോരാട്ടം കഴിഞ്ഞ കുറച്ചു നാളുകളായി മധ്യകേരളത്തില്‍ ശ്രദ്ധേയമാണ്.

ജോസഫിന്റെ ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുന്നത് ഒരുകാലത്ത് കെഎം മാണിയുടെ വിശ്വസ്തരായിരുന്നവരാണ്. കെഎം മാണിയുടെ മരണത്തോടെ പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പിലൂടെയാണ് ഇവരൊക്കെ ജോസഫ് പക്ഷത്ത് എത്തുന്നത്.

ഇപ്പോള്‍ സുപ്രീംകോടതിയിലും നേരത്തെ ഹൈക്കോടതിയിലുമൊക്കെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കും പാര്‍ട്ടി ചിഹ്നമായ രണ്ടിലക്കും വേണ്ടി നിയമപോരാട്ടം നടത്തിയത് പിസി കുര്യാക്കോസ് എന്ന ജോസഫ് വിഭാഗം നേതാവായിരുന്നു.

പിസി കുര്യാക്കോസ് എന്നു പറഞ്ഞാല്‍ പെട്ടന്നു ആര്‍ക്കും മനസിലായില്ലെങ്കില്‍ കുര്യാക്കോസ് പടവന്‍ എന്ന പേരുകേട്ടാല്‍ മിക്കവാറും കേരളാ കോണ്‍ഗ്രസുകാര്‍ക്ക് അറിയാം.

ഒരുകാലത്ത് കെഎം മാണിയുടെ വിശ്വസ്തനായിരുന്ന കുര്യാക്കോസ് പടവന്‍ 2019 സെപ്റ്റംബറിലാണ് ജോസഫ് വിഭാഗത്തിനൊപ്പം കൂടുന്നത്. ഒരുമിച്ചായിരുന്നെങ്കില്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നത് പടവനായിരുന്നു. എന്നാല്‍ ഇടയില്‍ നിന്ന പലരും കരുക്കള്‍ നീക്കിയതോടെ പടവനും ജോസ് കെ മാണിയും തമ്മില്‍ അകന്നു.

നേരത്തെ രണ്ടു വട്ടം പാലാ നഗരസഭ വൈസ് ചെയർമാൻ, ഒരു തവണ ചെയർമാൻ പദവിയും പടവൻ വഹിച്ചിരുന്നു. പാർട്ടിയിലെ പല മുതിർന്ന നേതാക്കളെയും വെട്ടിയാണ് അന്നു പടവനെ കെ എം മാണി നഗര ഭരണത്തിന്‍റെ തലപ്പത്ത് ഇരുത്തിയത്.

അന്ന് മാണി സാറിനും ജോസ് കെ മാണിക്കും ഏറ്റവും വിശ്വസ്തന്‍ പടവനായിരുന്നു. പല പ്രമുഖ നേതാക്കളും ഇതേ ചൊല്ലി കെ എം മാണിയോട് ഇടഞ്ഞെങ്കിലും അദ്ദേഹം അതൊന്നും വകവച്ചില്ല.

എന്നാൽ മാണിസാറിന്‍റെ മരണത്തിന് മുന്‍പുതന്നെ പടവൻ പാർട്ടിയുമായി അകന്നിരുന്നു. കെ എം മാണിയുടെ അവസാന കാലഘട്ടത്തിൽ തന്നെ പടവൻ പാർട്ടിയിലെ മറുഭാഗത്തിൻ്റെ ആളായി മാറി.

തുടർന്ന് പാർട്ടി, ചിഹ്ന കേസുകളിൽ പടവൻ എന്ന പിസി കുര്യാക്കോസ് കക്ഷിയായി. കെ എം മാണിയുടെ ചങ്കായ രണ്ടില തട്ടിയെടുക്കാൻ ജോസഫ് ഉപയോഗിക്കുന്നതും പടവനെ ആയിരുന്നു. കെ എം മാണിയുടെ മറ്റൊരു വിശ്വസ്തൻ ജോയി എബ്രഹത്തിന്‍റെ നീക്കമാണ് അതിനു പിന്നിലെന്നാണ് മാണിക്കാര്‍ കരുതുന്നത് .

എന്തായാലും നിയമ പോരാട്ടങ്ങള്‍ക്ക് പിജെ ജോസഫ് മുന്നില്‍ നിർത്തിയ ഈ പഴയ മാണി വിഭാഗം നേതാക്കൾ പക്ഷേ കോടതിയിൽ തിരിച്ചടി നേരിട്ടപ്പോഴൊക്കെ ജോസഫ് പക്ഷത്തിൻ്റെ വിമർശനത്തിനും ഇരയായി. ഇടയ്ക്ക് പടവന്‍ ക്യാംപ് മാതൃ സംഘടനയുമായി അടുക്കുന്നു എന്ന കിംവദന്തി പരന്നിരുന്നെങ്കിലും പടവന്‍ ഇപ്പൊഴും ജോസഫ് പക്ഷത്ത് ഉറച്ചു നില്‍ക്കുകയാണ്.

×