1989 മുതൽ ജീവിതം ആസ്വദിക്കുന്നു, 31 വയസ് തികയുമ്പോൾ ഞാൻ എനിക്ക് തന്നെ ജൻമദിനാശംസകൾ നേരുന്നു!; ഇനിയും ഒരു നൂറ് വർഷം കൂടി വേണം, എനിയ്ക്ക് പിറന്നാൾ ആശംസകൾ; പേളി മാണി

ഫിലിം ഡസ്ക്
Friday, May 29, 2020

അവതാരകയും അഭിനേത്രിയുമായ പേളി മാണിക്ക് ജൻമദിനാശംസകളുമായി ആരാധകർ. മെയ് 28 ന് ആണ് പേളി മാണിയ്ക്ക് 31 വയസ് തികയുന്നത്. താരത്തിന് ആശംസ നേർന്ന് ഭർത്താവും നടനുമായ ശ്രീനീഷ് അരവിന്ദും സുഹൃത്തുക്കളും രം​ഗത്തുണ്ട്. ഇതിനൊപ്പം പേളി തന്നെ ഇൻസ്റ്റാ​ഗ്രാമിൽ തന്റെ പിറന്നാൾ വിശേഷങ്ങൾ പങ്ക് വെച്ച് തനിക്ക് തന്നെ ജൻമദിനാശംസകൾ നേർന്ന് കുറിപ്പെഴുതിയിട്ടുണ്ട്.

അവതാരകയായി കരിയർ ആരംഭിച്ച പേളി മാണി ആദ്യസീസൺ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ റണ്ണർ അപ് കൂടിയായിരുന്നു. ഡി ഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോയിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ആങ്കറാണ് പേളി മാണി. മോഹൻലാൽ അവതാരകനായെത്തിയ മലയാളത്തിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് വഴിയും പേളി മാണിക്ക് വലിയ ആരാധകവൃദ്ധത്തെ സൃഷ്ടിക്കാനായിരുന്നു. തുടർന്നുള്ള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. ബിഗ് ബോസിലെ മറ്റൊരു താരമായിരുന്ന തമിഴ് നടനും മോഡലുമായ ശ്രീനിഷ് അരവിന്ദുമായുളള വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് പേളി കൂടുതല്‍ സജീവമായിരുന്നത്.

ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ജീവിതത്തിന്റെ പുതിയ ഘട്ടത്തെ കുറിച്ച് താരം പങ്കുവെച്ചത്. ഭർത്താവ് ശ്രീനീഷിനോടൊപ്പമുള്ള പിറന്നാൾ കേക്കുമായുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 31 വർഷത്തെ അത്ഭുതകരമായ അനുഭവങ്ങൾ. 31 വർഷത്തെ സ്നേഹം. ഉയർച്ചയിലൂടേയും താഴ്ച്ചയിലൂടേയും കടന്നു പോയ ആ 31 വർഷം. ദൈവം അനുഗ്രഹിച്ച 31 വർഷങ്ങൾ. ഭാഗ്യവും അനുഗ്രഹങ്ങളും ലഭിച്ച 31 വർഷം.1989 മുതൽ ജീവിതം ആസ്വദിക്കുന്നു. ഇനിയും ഒരു നൂറ് വർഷം കൂടി വേണം. എനിയ്ക്ക് പിറന്നാൾ ആശംസകൾ – പേളി കുറിച്ചത് ഇങ്ങനെ.

പ്രിയതമയ്ക്ക് മനോഹരമായ പിറന്നാൾ ആശംസയുമായി ശ്രീനീഷും രം​ഗത്തെത്തിയിട്ടുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞതിന് ശേഷമുള്ള രണ്ടാമത്തെ പിറന്നാളാണിത്. എന്റെ പ്രിയപ്പെട്ട ഭാര്യയും എറ്റവും അടുത്ത സുഹൃത്തുമായ ചുരുളമ്മയ്ക്ക് പിറന്നാൾ ആശംസകൾ . ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ. എന്റെ പൊണ്ടാട്ടിയ്ക്ക് പിറന്നാൾ ആശംസകൾ. പേളിയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ട് ശ്രീനി കുറിച്ചു.

×