വാഹനത്തിന്റെ ബ്രേക്ക് തകരാര്‍ പരിഹരിക്കുന്നതിനിടയില്‍ കയ്യില്‍ പുരണ്ട ഗ്രീസ് വീട്ടിലെത്തി മണ്ണെണ്ണ ഉപയോഗിച്ച് കഴുകുന്നതിനിടയില്‍ തീപടര്‍ന്നു ; ഭര്‍ത്താവിനെ രക്ഷിക്കുന്നതിനിടയില്‍ ഭാര്യയുടെ ശരീരവും കത്തിയെരിഞ്ഞു ; സമീപവാസികള്‍ സംഭവം അറിയുന്നത് ശരീരമാസകലം തീപടര്‍ന്ന നിലയില്‍ വീട്ടമ്മ വീടിനു പുറത്തേയ്ക്ക് വന്നതോടെ ; ഭാര്യയുടെ മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവും മരിച്ചു ; സംഭവം പീരുമേട്, ദുരൂഹത ?

ന്യൂസ് ബ്യൂറോ, ഇടുക്കി
Saturday, December 7, 2019

പീരുമേട് : ജോസഫിന്റെയും ബീനയുടെയും വിയോഗങ്ങളിൽ വിറങ്ങലിച്ച് കുട്ടിക്കാനം നിവാസികൾ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ബീന വ്യാഴാഴ്ച രാത്രി 7.30നു വിട വാങ്ങിയത്. രാത്രി 11 മണിയോടെ ബീനയ്ക്കു പിന്നാലെ ജോസഫും യാത്രയായി . കരാർ ജോലിയായിരുന്നു ജോസഫിന്. രണ്ട് മക്കൾക്കും വിദേശത്ത് ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും.

ബുധനാഴ്ച രാത്രി 11മണിക്ക് ശേഷം ശരീരമാസകലം തീപടർന്ന് നിലയിൽ വീടിനു പുറത്തേക്ക് വന്ന ബീനയെ കണ്ടതോടെ ആണ് സമീപവാസികൾ സംഭവം അറിഞ്ഞത്. വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ട ജോസഫിനെയും ബീനയെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു .

പൊളളലേറ്റവർക്കു വേണ്ടി തീവ്രപരിചരണ വിഭാഗം കോട്ടയത്ത് ഇല്ലാത്ത സാഹചര്യത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു . തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ ഇന്ന് 11ന് കുട്ടിക്കാനം വിമലാംബിക പള്ളിയിൽ സംസ്കരിക്കും. മക്കൾ: മാത്യു, അഗസ്റ്റിൻ.

ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദൃക്സാക്ഷികൾ ഇല്ലാത്ത സാഹചര്യത്തിൽ ഇരുവരുടെയും പക്കൽ നിന്നു മജിസ്ട്രേട്ട് എടുത്ത മൊഴികൾ നിർണായകമെന്നു പൊലീസ് പറഞ്ഞു . ശരീരത്തിൽ 80 ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരും മരിക്കുന്നതിനു തൊട്ടു മുൻപ് വഞ്ചിയൂർ നാലാം കോടതി മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

മജിസ്ട്രേട്ട് നൽകുന്ന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ മറ്റു ദുരൂഹതകൾ ഉണ്ടോയെന്നു വ്യക്തമാകുക എന്ന് പൊലീസ് പറഞ്ഞു . അസ്വാഭാവിക മരണത്തിന് കേസെടുത്തതായി എസ്ഐ ആർ.രാജേഷ് പറഞ്ഞു .

വാഹനത്തിന്റെ ബ്രേക്ക് തകരാർ പരിഹരിക്കുന്നതിന് ഇടയിൽ തന്റെ കൈയ്ക്കു ഗ്രീസ് പുരണ്ടു എന്നും വീട്ടിലെത്തി മണ്ണെണ്ണ ഉപയോഗിച്ചു കഴുകി കളയാൻ ശ്രമിക്കുന്നതിനിടെ വസ്ത്രത്തിൽ തീ പടരുകയായിരുന്നു എന്നും ആണ് ജോസഫ് പറഞ്ഞത് .തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യയ്ക്കും പൊളളലേറ്റതായും ജോസഫ് പറഞ്ഞു.

×