സാവോപോളോ: കാൽപ്പന്തുകളിയിലെ രാജാവ്, ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.30 ഓടെ സാവോപോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരുമാസത്തോളമായി അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു.
കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണ വാർത്ത പുറത്തുവിട്ടത്. അദ്ദേഹത്തെ ബ്രസീൽ ഭരണകൂടം 'രാജ്യത്തിൻറെ നിധി'യായി പ്രഖ്യാപിച്ചിരുന്നു.
ശൂന്യതയിൽ നിന്ന് ചരിത്രമായി മാറിയ താരമാണ് പെലെ. 1940 ഒക്ടോബർ 24നായിരുന്നു ജനനം. കറുത്തമുത്ത് എന്ന് അറിയപ്പെടുന്ന ഫുട്ബോൾ താരം പെലെ ബ്രസീലിന്റെ ഒരു സാധാരണ നീഗ്രോ കുടുംബത്തിലാണ് പിറന്നത്. ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം കടലാസ് പന്ത് തട്ടിക്കളിച്ചാണ് വളർന്നത്. സ്വന്തമായി ഒരു പന്ത് പോലും വാങ്ങാൻ കഴിവില്ലായിരുന്നു.
വ്ളാഡിമർ ബ്രിട്ടോ എന്ന മുൻ ലോകകപ്പ് താരം കൂടിയായ ഫുട്ബോൾ കോച്ച് ആ കുട്ടിയെ തന്റെ ക്ലബിൽ അംഗമാക്കി. 1957-ൽ സാന്റോസ് ക്ലബ്ബിനുവേണ്ടി കളിച്ചുകൊണ്ടാണ് പെലെ തന്റെ ഫുട്ബോൾ കളിയിലെ അരങ്ങേറ്റം നടത്തിയത്. പതിനാറാമത്തെ വയസ്സിൽ ബ്രസീലിന്റെ ദേശീയ ടീമിൽ അംഗമായി. 1958-ലെ ലോകകപ്പ് ഫുട്ബോളിൽ പത്താം നമ്പർ ജേഴ്‌സിയണിഞ്ഞ പെലെ നിരവധി ഗോളുകൾ അടിച്ചു.
ഫൈനലിൽ 5-2 ന് സ്വീഡനെ തോല്പിച്ച് ബ്രസീൽ ലോകചാമ്പ്യന്മാരായപ്പോൾ അതിൽ രണ്ടു ഗോളുകൾ പെലെയുടെ സംഭാവനയായിരുന്നു. 1962-ലെ ചിലി ലോകകപ്പിൽ പരിക്ക് മൂലം ഫൈനലിൽ പെലെ കളിച്ചിരുന്നില്ല. ആ ലോകകപ്പ് ബ്രസീൽ നേടി. 1966-ലെ ലോകകപ്പിൽ എതിർ ടീമിൽ കളിച്ചവർ പെലെയെ ശാരീരികമായി ഒതുക്കുന്നതിലാണ് ശ്രദ്ധിച്ചത്.
1970-ൽ നാലാമത്തെയും അവസാനത്തെയും ലോകകപ്പിൽ പെലെയുടെ കരുത്തിൽ ബ്രസീൽ 4-1 ന് ഇറ്റലിയെ തോല്പിച്ച് വീണ്ടും ലോകചാമ്പ്യന്മാരായി. ഇരുപതാം നൂറ്റാണ്ടിൽ മൂന്ന് ലോകകപ്പ് നേടിയ ടീമിൽ അംഗമായ ഏക ഫുട്ബോൾ താരമാണ് പെലെ. ബ്രസീൽ അഞ്ചു തവണ ലോകകപ്പ് നേടിയപ്പോൾ അതിൽ മൂന്നുതവണയും പെലെ ടീമിലുണ്ടായിരുന്നു.
പെലെയുടെ നേതൃത്വത്തിൽ ബ്രസീൽ ധാരാളം മത്സരങ്ങൾ വിജയിച്ചു. 1363 മത്സരങ്ങളിലായി 1281 ഗോൾ നേടിയ അദ്ദേഹം ലോകറെക്കോർഡിനു അർഹനായി. മറ്റ് രാജ്യങ്ങളിൽ നിന്ന് വൻതുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള ക്ഷണം ഉണ്ടായിട്ടും സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. 1971 ജൂലൈ 18ന് ഒന്നാംകിട ഫുട്ബോൾ മത്സരത്തോട് വിടപറഞ്ഞു.
ഫുട്ബാൾ ചിരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ പ്രഥമഗണനീയനായാണ് പെലെ വാഴ്‌ത്തപ്പെടുന്നത്. ബ്രസീലിനെ മൂന്ന് തവണ ലോകചാമ്പ്യൻമാരാക്കുന്നതിൽ പങ്കുവഹിച്ചു (1958, 1962,1970). നാല് ലോകകപ്പുകളിൽ കളിച്ചു. ഫിഫ നൂറ്റാണ്ടിന്റെ താരമന്ന ബഹുമതി നൽകി ആദരിച്ചു. 15-ാം വയസിൽ ബ്രസീലിയൻ ക്ലബ് സാന്റോസിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. 16-ാം വയസിൽ ബ്രസീൽ ദേശീയ ടീമിലെത്തി. ബ്രസീലിനായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ (1957-1971).
ആകെ 1281 ഗോളുകൾ പെലെ നേടിയിട്ടുണ്ട്. ഒരേസമയം ഗോൾ നേടാനും സഹതാരങ്ങൾക്ക് ഗോളടിക്കാൻ വഴിയൊരുക്കാനും മിഡ്ഫീൽഡിൽ പന്ത് നിയന്ത്രിച്ചു നിറുത്താനും പെലെയ്ക്ക് കഴിഞ്ഞിരുന്നു. കളിക്കളത്തിൽ ആര് എവിടെയയാക്കെ നിൽക്കുന്നുതെന്ന് ഞൊടിയിടയിൽ മനസിലാക്കി തന്ത്രങ്ങൾ മെനയാനുള്ള അസാമാന്യമായ കഴിവാണ് അദ്ദേഹത്തെ വേറിട്ടുനിറുത്തിയത്.
90 മിനിട്ടുനേരം കളിക്കളത്തിലെ ഒാരോ ചലനങ്ങളും ഒപ്പിയെടുക്കാൻ സാധിച്ചിരുന്ന പെലെയെ കബളിപ്പിക്കാൻ ശാരീരികമായ എല്ലാ മുറകളും അക്കാലത്തെ ഡിഫൻഡർമാർ പയറ്റിയിരുന്നു. എന്നാൽ ഒടുവിലത്തെ ചിരി തന്റേതാക്കി മാറ്റി പെലെ ഫുട്ബാൾ രാജാവായി മാറി
തളരാത്ത കായികശേഷിക്ക് അതിൽ പ്രധാന പങ്കുണ്ടായിരുന്നു. ബ്രസീലിയൻ തെരുവുകളിലിൽ തേച്ചുമിനുക്കിയെടുത്ത ജീവിതാനുഭവങ്ങൾ വെല്ലുവിളികളെ നേരിടുന്നതിൽ പെലെയ്ക്ക് മാനസികമായി കരുത്തുപകർന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ അണിനിരന്ന ഒരു കാലത്തുനിന്നാണ് പെലെ കാലത്തിനപ്പുറത്തേക്ക് വളർന്നത്.
ഹംഗറിയുടെ പുഷ്‌കാസും ഡീ സ്റ്റിഫാനോയും കൈസർ ബെക്കൻ ബോവറും ജസ്റ്റ് ഫൊണ്ടെയ്നും റെയ്മെൻ കോപ്പയും ലംഗ് യാഷീനും ഷിയാസിനോയും യോഹാൻ ക്രൈഫുമൊക്കെ അരങ്ങുവാണ കാലഘട്ടത്തിലാണ് കാൽപ്പന്തുകളിക്കുന്ന എല്ലായിടത്തും പെലെ ഒരു ഇതിഹാസമായി മാറിയത്. മറ്റുള്ളവർക്കൊന്നും നേടാൻ കഴിയാത്ത അമരത്വം അദ്ദേഹം നേടിയെടുത്തത് കളിക്കളത്തിൽ കെട്ടഴിച്ചുവിട്ട പടക്കുതിരയുടെ വീര്യം കൊണ്ടായിരുന്നു.