നാം ജീവിക്കുന്ന കാലത്താണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതെന്നത് വലിയ ഭാഗ്യമാണ് ; രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത് പ്രശ്നമാക്കേണ്ട വിഷയമല്ല ; പാക് അധീന കശ്മീരിനെ മോചിപ്പിച്ച് ഇന്ത്യയോട് ചേര്‍ക്കുന്നതിന് വേണ്ടി ജനങ്ങള്‍ പ്രാര്‍ത്ഥിക്കണം ;  പാക്ക് അധീന കാശ്മീരിനെ മോചിപ്പിക്കാനുള്ള നടപടികളിലേക്ക് ഇന്ത്യ കടക്കുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 19, 2019

ഡല്‍ഹി : ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം പാക്ക് അധീന കാശ്മീരിനെ മോചിപ്പിക്കാനുള്ള നടപടികളിലേക്ക് ഇന്ത്യ കടക്കുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പാക് അധീന കശ്മീരിനെ മോചിപ്പിച്ച് ഇന്ത്യയോട് ചേര്‍ക്കുന്നതിന് വേണ്ടി ജനങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു.

‘നാം ജീവിക്കുന്ന കാലത്താണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതെന്നത് വലിയ ഭാഗ്യമാണ്. കശ്മീരില്‍ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതും വാര്‍ത്താ വിനിമയ സംവിധാനം റദ്ദാക്കിയതും പ്രശ്നമാക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവില്‍ ബിജെപി പാര്‍ട്ടി ആസ്ഥാനത്ത് പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്‍നാഥ് സിംഗും ഇനി പാകിസ്ഥാനുമായി ചർച്ച പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.

×