ചെരുപ്പ് കടിച്ച് കേടാക്കിയതിന് വളര്‍ത്തു നായോട് ക്രൂരത; ടാറിട്ട റോഡിലൂടെ സ്കൂട്ടറില്‍ കെട്ടിവലിച്ചു, രക്ഷകരായി നാട്ടുകാര്‍

ന്യൂസ് ബ്യൂറോ, മലപ്പുറം
Sunday, April 18, 2021

മലപ്പുറം : വളര്‍ത്തു നായയെ ടാറിട്ട റോഡിലൂടെ സ്കൂട്ടറില്‍ കെട്ടിവലിച്ച് വീണ്ടും കണ്ണില്ലാത്ത ക്രൂരത. മലപ്പുറം എടക്കരയില്‍ നാട്ടുകാര്‍ ചേര്‍ന്ന് നായയെ രക്ഷിച്ചെങ്കിലും ചോരൊലിപ്പിച്ച് തളര്‍ന്നുവീണ മിണ്ടാപ്രാണിയെ വീട്ടുകാര്‍തന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി. ചെരുപ്പ് കടിച്ചു കേടുവരുത്തി എന്നതാണ് നായയുടെ പേരില്‍ ഉടമ കരുനെച്ചി സ്വദേശി സേവ്യര്‍ ആരോപിക്കുന്ന കുറ്റം. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.

ചെരുപ്പ് കടിച്ചു കേടു വരുത്തിയതിലുളള ദേഷ്യത്തിലാണ് നായയെ സ്കൂട്ടറിനു പിന്നില്‍ കെട്ടി വലിച്ചതെന്നാണ് സേവ്യര്‍ നാട്ടുകാരോട് പറഞ്ഞ്. എങ്ങനെയോ വീട്ടിലെത്തി കുടുംബവുമായി ചങ്ങാത്തത്തിലായ നായയോടുളള ദേഷ്യംകൊണ്ട് നാടു കടത്താന്‍ വേണ്ടിയാണ് സ്കൂട്ടറിനു പിന്നില്‍ കെട്ടിയതെന്നും പറഞ്ഞിരുന്നു.

ക്രൂരദൃശ്യങ്ങള്‍ കണ്ട നാട്ടുകാര്‍ സ്കൂട്ടറിനെ പിന്തുടര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി തട്ടിക്കയറുകയായിരുന്നു. കൂടുതല്‍ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞതോടെ കയര്‍ അഴിച്ചു മാറ്റി.

നിമിഷങ്ങള്‍ക്കകം സ്കൂട്ടറുമായി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകന്‍ നായയെ നടത്തിക്കൊണ്ടുപോയി. മൃഗസ്നേഹികളുടെ സംഘടന സാലി കണ്ണന്റെ നേതൃത്വത്തില്‍ എടക്കര പൊലീസിന്റെ പരാതി നല്‍കി. ഇ.ആര്‍.എഫ് പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും സേവ്യര്‍ വീട്ടിലുണ്ടായിരുന്നില്ല.

×