ഇന്ധന വിലവർദ്ധനവ്: മോദി സർക്കാരിന്‍റെ കൊള്ള – ഗണേഷ് വടേരി

ന്യൂസ് ബ്യൂറോ, മലപ്പുറം
Sunday, July 5, 2020

മലപ്പുറം : കോവിഡിന്റെ മറവിൽ ഇന്ധന വിലവർദ്ധനവ് നടത്തി മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി പറഞ്ഞു. മോഡി സർക്കാരിൻ്റെ കൊള്ള അവസാനിപ്പിക്കുക,ഇന്ധനവില കുറക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ് ഐ ടി യു) വിന്‍റെ നേതൃത്വത്തിൽ മലപ്പുറം ദൂർദർശൻ കേന്ദ്രത്തിൽ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് വാടേരി.

കൊറോണ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനെന്ന പേരില്‍ രാജ്യത്ത് നടപ്പാക്കിയ ലോക് ഡൗണ്‍ സാധാരണക്കാരെ അതിഭീകരമായ തൊഴിലില്ലായ്മയിലേക്കും സമാനതകളില്ലാത്ത ദുരിതങ്ങളിലേക്കും തള്ളിവിട്ടിരിക്കുകയാണ്.സാംക്രമിക രോഗ പ്രതിരോധത്തിന്‍റെ പേര് പറഞ്ഞു സംഘടിത പ്രതിഷേധങ്ങള്‍ നിരോധിക്കപ്പെട്ട കാലത്താണ് ജനങ്ങളെ യാകെ കൊളളയടിക്കുന്ന ഇന്ധന വില വര്‍ധനവ് അടിച്ചേല്‍പ്പിക്കുന്നത്.

നൂറ്റാണ്ടുകളായി ജീവത്യാഗത്തിലുടെയും നീണ്ട സമരങ്ങളിലൂടെയും നേടിയെടുത്ത അവകാശങ്ങളെ ഹനിച്ച് കൊണ്ട് തൊഴിലാളികളെ അടിമത്വത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് മോദി സർക്കാർ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല, ഇക്കാര്യത്തിൽ മുഴുവൻ തൊഴിലാളി സംഘടനകളും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. FlTU ജില്ലാ പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു, കളത്തിങ്ങൽ കുഞ്ഞമുഹമ്മദ്, എ.സദ്റുദ്ദീൻ, ജംഷീർ വാറങ്കോട്, ടി.അഫ്സൽ, ഇർഫാൻ നൗഫൽ എന്നിവർ സംസാരിച്ചു.

×