രാജസ്ഥാനും ആന്ധ്രാപ്രദേശും ഇന്ധനവില കുറച്ചു. കേരളം കുറയ്ക്കുമോ ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എല്ലാ വിലവര്‍ധനവുകളിലും അധിക നികുതി ഉപേക്ഷിച്ചപ്പോള്‍ പിണറായി ‘അധിക വരുമാനം’ ആസ്വദിക്കുന്നു ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, September 10, 2018

തിരുവനന്തപുരം  : രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ പെട്രോളിനും, ഡീസലിനും വിലകുറച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മോഡലില്‍ കേരള സര്‍ക്കാര്‍ അധിക നികുതി ഉപേക്ഷിക്കാന്‍ തയ്യാറാകുമോ എന്ന് ഉറ്റുനോക്കി ജനം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തിയപ്പോഴൊക്കെ ആ വര്‍ധനവിലൂടെ ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കുന്നതായിരുന്നു കേരളത്തിന്‍റെ നിലപാട് .

എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ആ പതിവ് ഉപേക്ഷിച്ചു . ഒരിക്കല്‍പോലും ഈ മാതൃക സ്വീകരിക്കാന്‍ തയ്യാറായതുമില്ല . ഇപ്പോള്‍ അന്ന് കേരളം കാണിച്ച മാതൃക പിന്തുടര്‍ന്നാണ് രാജസ്ഥാനും ആഡ്രയും വില കുറച്ചത്. ആഡ്ര സര്‍ക്കാര്‍ ലിറ്ററിന് 2 രൂപയാണ് കുറച്ചത് . മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിങ്കളാഴ്ച നിയമസഭയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ വില ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

‘ഇന്ധന വില കൂടിയതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ഇന്ധന വില 2 രൂപ കുറയ്ക്കുന്നതിലൂടെ ചെറിയ ആശ്വാസം അവര്‍ക്ക് നല്‍കാനാവും. ഇത്തരത്തില്‍ ഇന്ധന വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തിന് 1,120 കോടിയുടെ നഷ്ടമുണ്ടാവും. എന്നാല്‍ ആ ബാദ്ധ്യത ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്-ചന്ദ്രബാബു നായിഡു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ ഇന്ധന വില ലിറ്ററിന് 2.5 രൂപ വീതം കുറച്ചത്. വാറ്റ് നികുതി നാല് ശതമാനം കുറച്ചതോടെയാണ് പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് 2.5 രൂപ കുറഞ്ഞത്‌. ഇതിനു പിന്നാലെയാണ് ആന്ധ്രപ്രദേശും ഇന്ധന വില കുറച്ചത്

×