പ്ലാസ്റ്റിക്കില്‍ നിന്ന് പെട്രോള്‍ നിര്‍മ്മിക്കാം ; മലയാളി വ്‌ളോഗറുടെ വീഡിയോ യുട്യൂബില്‍ ഹിറ്റ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, February 17, 2020

രിസ്ഥിതിയ്ക്ക് ഏറ്റവും ദോഷകരമായ പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ നിർമ്മിക്കാമെന്ന് ലളിതമായി വിശദീകരിക്കുന്ന മലയാളി വ്ലോഗറുടെ വിഡിയോ യൂട്യൂബിൽ ഹിറ്റ്. വിഡിയോ പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ വിഡിയോ യൂട്യൂബ് ട്രന്റിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തി. എം4ടെക് വ്ലോഗർ സിയോ ജോസഫിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ പ്രധാന ചർച്ചാവിഷയം.

പെട്രോൾ പോലെയുള്ള ഒരു ഇന്ധനമാണ് പ്ലാസ്റ്റിക്കിൽ നിന്ന് നിർമിക്കുന്നത്. ഒരു ഓയിലിന്റെ തകര ക്യാൻ, അലൂമിനിയം ട്യൂബ്, ഗ്ലാസ് ജാർ എന്നിവയാണ് വേണ്ടത്. പ്ലാസ്റ്റിക് വേസ്റ്റുകൾ ക്യാനിലിട്ട് ഉരുക്കി ട്യൂബ് വഴി ജാറിലെത്തിക്കുന്നു. ജാറിലെത്തുന്ന വാതക രൂപത്തിലുളള ഇന്ധനം ഐസ് ഉപയോഗിച്ച് ദ്രാവക രൂപത്തിലേക്ക് മാറ്റുകയാണ്.

എന്നാൽ, ജാറിൽ എത്തുന്ന ഇന്ധനം പെട്രോളിയം രൂപത്തിലാണ്. ഈ ഇന്ധനം കൂടുതൽ ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് പെട്രോൾ, ഡീസൽ, മണ്ണെണ്ണ രൂപത്തിൽ ഉപയോഗിക്കാൻ കഴിയൂ. പൈറോലിസിസ് രീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇന്ധനമുണ്ടാക്കുന്ന രീതിയെ പറയുന്നത് പൈറോലിസിസ് ഓഫ് പ്ലാസ്റ്റിക് എന്നാണ്. ഈ പ്ലാസ്റ്റിക് ഇന്ധനത്തിൽ നിന്നു വേണ്ട രീതിയിൽ മറ്റു ഇന്ധനങ്ങൾ വേർത്തിരിച്ചെടുക്കാനാകും.

28 ലക്ഷത്തിലേറെ വരിക്കാരുള്ള എം 4 ടെക് കൊച്ചുകുട്ടികൾക്കു പോലും സുപരിചിതമായ യൂട്യൂബ് ചാനലാണ്. ടെക്നോളജി രംഗത്തെ ടിപ്സും വിഡിയോകളും വിലയിരുത്തലുകളും അവർക്കു മനസ്സിലാകുന്ന വിധത്തിൽ ലളിതമായി അനായസതയോടെ അവതരപ്പിക്കുന്നതാണ് ചാനലിനെ പ്രിയങ്കരമാക്കുന്നത്. യൂട്യൂബിൽ നിന്ന് ലക്ഷക്കണക്കിനു രൂപ വരുമാനമുണ്ടാക്കുന്ന വ്ലോഗറാണ് ജിയോ ജോസഫ്.

ഹൈദരാബാദ് സ്വദേശിയായ ഒരു എൻജിനീയറും സമാനമായ രീതിയിൽ പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനം നിർമിച്ചിരുന്നു. മൂന്ന് ഘട്ടമുള്ള സ്റ്റെപ്പുകളിലൂടെയാണ് 45 വയസ്സുകാരനായ പ്രൊഫസർ‌ സതീഷ് കുമാർ വിപ്ലവകരമായ കണ്ടുപിടിത്തം നടത്തിയത്. പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ നിർമ്മിക്കുന്നതിനായി ഒരു സ്ഥാപനം തന്നെ സതീഷിനുണ്ട്.

ഡിപോളിമെറൈസേഷൻ എന്ന പ്രക്രിയയിലൂടെയാണ് സതീഷ് കുമാർ ഇന്ധനം നിർമിക്കുന്നത്. പ്ലാസ്റ്റിക് ഉരുക്കുന്നതാണ് പ്രക്രിയയിൽ പ്രധാനപ്പെട്ടത്. വാക്വം ചേംബറിൽ 350 മുതൽ 400 വരെ ഡിഗ്രി സെൽഷ്യസിലാണ് ഇത് ചൂടാക്കുക. മൂന്നു ഘട്ടങ്ങളിലായുള്ള പ്രോസസ് പൂർത്തിയാകുന്നതോടെ പെട്രോൾ ലഭിച്ചു തുടങ്ങും.

അതേസമയം, വാണിജ്യപരമായ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടല്ല പ്രകൃതിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന കരുതലോടെയാണ് ഇത്തരത്തിൽ ഒരു പ്ലാന്‍റ് ആരംഭിച്ചതെന്ന് സതിഷ് പറയുന്നുണ്ട്. ഈ തലമുറയ്ക്കും വരുന്ന തലമുറയ്ക്കും വേണ്ടി ശുദ്ധമായ ഒരു പ്രകൃതി നൽകണം. താൽപര്യമുള്ള വ്യവസായസ്ഥാപനങ്ങൾക്ക് ടെക്നോളജി നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്താണ് ഇന്ധനമാക്കി മാറ്റുന്നത്. 500 കിലോഗ്രാം പ്ലാസ്റ്റിക്കിൽ നിന്നും 400 ലിറ്റർ ഇന്ധനമുണ്ടാക്കാൻ സാധിക്കും. അന്തരീക്ഷ മലിനീകരണം ഇല്ലാതെയുള്ള ലളിതമായ പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. 2016 ലെ കണക്കനുസരിച്ച് സതീഷ് 50 ടൺ പ്ലാസ്റ്റിക് ഇന്ധനമാക്കി മാറ്റിയിട്ടുണ്ട്. പ്രതിദിനം 200 ലിറ്ററോളം പെട്രോൾ ഇന്ന് സതീഷിന്റെ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. ചെറുകിട സ്ഥാപനങ്ങൾക്ക് ലിറ്ററിന് നാല്‍പതു രൂപ നിരക്കിൽ വിൽക്കുന്നുമുണ്ട്. ഈ പെട്രോൾ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടന്നുവരികയാണ്.

×