Advertisment

മുഖം സുന്ദരമാക്കാം.. ആയുര്‍വേദത്തിലൂടെ!

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം മൂലം പൊതുവെ വിപരീതഫലങ്ങള്‍ അഥവാ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായികാണാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ചര്‍മ്മമുള്ളവര്‍ വിദഗ്ധ ഉപദേശം കൂടാതെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് സൂക്ഷിക്കണം''

Advertisment

publive-image

കറുപ്പാണെങ്കിലും വെളുപ്പാണെങ്കിലും തിളങ്ങുന്ന മുഖം ആത്മവിശ്വാസം വര്‍ധിപ്പിക്കും. നിത്യവും കഴിക്കുന്ന ആഹാരം, ദഹനപ്രക്രീയയുടെ താളക്രമം, ഉറക്കം, മാനസിക ഭാവങ്ങള്‍ തുടങ്ങി ഭൗതിക ചുറ്റുപാടുകള്‍ വരെ മുഖസൗന്ദര്യത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്നുണ്ട്.

മുഖചര്‍മത്തിന്റെ പ്രത്യേകത

എണ്ണമയമുള്ള മുഖചര്‍മ്മമുള്ളവരും വരണ്ട ചര്‍മ്മമുള്ളവരും എന്ന് പൊതുവെ രണ്ടായി പറയപ്പെടുന്നുണ്ടെങ്കിലും ആയുര്‍വേദശാസ്ത്രമനുസരിച്ച് മൂന്ന് തരത്തില്‍ കാണപ്പെടുന്നു. വാതികസ്വഭാവത്തോടു കൂടിയ ചര്‍മം കനം കുറഞ്ഞതും വരണ്ടതും തൊട്ടാല്‍ തണുപ്പ് അനുഭവപ്പെടുന്നതും ചുളിവുകള്‍ എളുപ്പം വീഴുവാന്‍ സാധ്യതയുള്ളതുമാണ്.

ഇത്തരക്കാരില്‍ വിവിധതരം എണ്ണകള്‍ പുറമെ പുരട്ടുന്നതും നന്നായി വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്. അല്ലെങ്കില്‍ പെട്ടെന്ന് ചുളിവുകള്‍ വീണ് സൗന്ദര്യം കുറയാന്‍ ഇടവരും.

മറ്റൊരു വിഭാഗം, പൈത്തിക സ്വഭാവത്തോടു കൂടിയ ചര്‍മ്മമുള്ളവരാണ്. ഇവരുടെ ചര്‍മം ഒരുവിധം കനത്തോടു കൂടിയും മൃദുവായതും തൊട്ടാല്‍ ചൂട് അനുഭവപ്പെടുന്നതും പാടുകളും മറുകുകളും ഉണ്ടാകാന്‍ സാധ്യത കൂടിയവരുമാണ്.

ഇത്തരക്കാരില്‍ കൃത്രിമമായതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം മൂലം പൊതുവെ വിപരീതഫലങ്ങള്‍ അഥവാ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായികാണാറുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരം ചര്‍മ്മമുള്ളവര്‍ വിദഗ്ധ ഉപദേശം കൂടാതെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് സൂക്ഷിക്കണം. അതുപോലെ കൂടുതല്‍ എരിവ്, മസാലകള്‍ ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതും നല്ലതാണ്.

മൂന്നാമത്തെ വിഭാഗം, ചില ആളുകളില്‍ ചര്‍മ്മം മൃദുവായതും എന്നാല്‍ കട്ടിയുള്ളതും എണ്ണമയത്തോടു കൂടിയതുമായിരിക്കും. ഇത്തരം ആളുകളില്‍ മുഖത്ത് ചുളിവുകള്‍ സാവകാശമേ പ്രത്യക്ഷപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ ഈ വിഭാഗക്കാര്‍ക്ക് എണ്ണയുടെയും മധുരപദാര്‍ഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതാണ്.

ത്വക്കിന്റെ സൗന്ദര്യമെന്നത് ശരീരത്തിലെ ആമാശയത്തിലും കോശങ്ങളിലും നടക്കുന്ന ദഹനപ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനത്തിന്റെ വൈകല്യം മൂലം ഉല്പാദിപ്പിക്കപ്പെടുന്ന ചില വിഷസ്വഭാവങ്ങള്‍ മുഖക്കുരു പോലെയുള്ള ആരോഗ്യസൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

മുഖക്കുരുവിന് പരിഹാരം

കൗമാരക്കാരില്‍ കൂടുതലായും കണ്ടുവരുന്ന സൗന്ദര്യആരോഗ്യ പ്രശ്‌നമായ മുഖക്കുരു ഗുരുതരമായ അസുഖമല്ലെങ്കിലും അതുളവാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇതുമൂലം കൗമാരക്കാരില്‍ ഉത്ക്കണ്ഠയും അപകര്‍ഷതാബോധവും കണ്ടുവരാറുണ്ട്. മാനസികപിരിമുറുക്കം ഈ പ്രശ്‌നത്തെ കൂട്ടുവാനെ ഉപകരിക്കുകയുള്ളൂ.

ആഹാരനിയന്ത്രണവും അല്പം ശ്രദ്ധയും ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാവുന്നതേ ഉള്ളൂ. മുഖക്കുരുവിന്റെ പ്രശ്‌നം കൂടുതലായി അലട്ടുന്നവര്‍ മുട്ട, കൊഴുപ്പുകള്‍, എണ്ണയിലും മറ്റും വറുത്ത ആഹാരപദാര്‍ഥങ്ങള്‍, തൈര്, പുളി, ഉപ്പ്, എരിവ്, മറ്റ് മസാലകള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണ്.

1. മുഖക്കുരു മാറാനായി ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.

2. പാച്ചോറ്റിത്തൊലി, കൊത്തമല്ലി, വയമ്പ് എന്നിവ അരച്ച് പുരട്ടുന്നതും മുഖക്കുരുവിന് നല്ലതാണ്.

3. ആര്യവേപ്പിലയും ചെറുപയറും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടി ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആര്യവേപ്പില കഷായം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

മുഖത്തെ പാടുകള്‍ക്ക് പരിഹാരം

മുഖത്തുണ്ടാകുന്ന വിവിധതരം പാടുകള്‍, സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന കണ്ണുകള്‍ക്ക് താഴെയും ചുറ്റുമായുണ്ടാകുന്ന കറുത്ത അടയാളങ്ങള്‍, ചിക്കന്‍ പോക്‌സ് വന്നതിനു ശേഷം കാണുന്ന പാടുകള്‍ എന്നിവ മുഖസൗന്ദര്യവുമായി ബന്ധപ്പെട്ട് സാധാരണ കാണുന്ന പ്രശ്‌നങ്ങളാണ്.

മുഖത്തെ പാടുകള്‍ മാറ്റുന്നതിന് ഉപയോഗിക്കുന്നവയില്‍ വളരെ പ്രധാനപ്പെട്ട ഔഷധമാണ് രക്തചന്ദനം. രക്തചന്ദനം തേനുമായി ചേര്‍ത്തരച്ച് കിട്ടുന്ന ലേപനം മുഖത്ത് പൂശിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് മുഖത്തും കണ്ണിനു ചുറ്റും കാണുന്ന പാടുകളും കരുവാളിപ്പും മാറ്റി മുഖകാന്തി വര്‍ധിപ്പിക്കുന്നു.

1. ഞാവല്‍ തളിര്, മാവിന്‍ തളിര്, മഞ്ഞള്‍, മരമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ ഇവ തൈരില്‍ അരച്ച് പുതിയ ശര്‍ക്കരയും ചേര്‍ത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതിനു ഫലപ്രദമാണ്.

2. ആര്യവേപ്പിലയും പച്ചമഞ്ഞളും തേങ്ങാപ്പാലില്‍ അരച്ചു പുരട്ടുന്നത് ചിക്കന്‍പോക്‌സ് മൂലം വന്ന പാടുകള്‍ മാറാന്‍ ഉപയോഗിച്ചു വരുന്നു.

മുഖകാന്തി വര്‍ധിപ്പിക്കാം

1. മുഖത്തെ അഴുക്കുകള്‍ പോയി പുതുമയാര്‍ന്നതാകുവാന്‍ ത്രിഫലാ കഷായം കൊണ്ട് മുഖം കഴുകുക.

2. ചെറുനാരങ്ങാ നീരും തേനും ചേര്‍ത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും.

3. രക്തചന്ദനം, വെളുത്ത ചന്ദനം എന്നിവ തേന്‍ ചേര്‍ത്ത് അരച്ചു പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറുന്നതിനും മുഖചര്‍മത്തിന്റെ ആരോഗ്യവും കാന്തിയും എന്നും നിലനിര്‍ത്തുന്നതിനും

ഉപയുക്തമാണ്.

4. കറ്റാര്‍വാഴയും മഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നിയന്ത്രിക്കുവാന്‍ നല്ലതാണ്.

മാനസിക പ്രശ്‌നങ്ങള്‍

ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ നിരന്തര സമ്മര്‍ദങ്ങള്‍ നിശ്ചയമായും മുഖത്ത് ചുളിവുകള്‍ നേരത്തെ പ്രത്യക്ഷപ്പെടാനും മുഖത്തുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മനോവൈകാരിക വിക്ഷോഭങ്ങളുടെ കണ്ണാടിയാണ് മുഖം.

ഉള്ളിലേക്കും പുറമേക്കുമായി കരിങ്ങാലി, കണിക്കൊന്ന, കടുക്ക, നെല്ലിക്ക, താന്നിക്ക, ആര്യവേപ്പ്, വെളുത്ത ചന്ദനം, രക്തചന്ദനം, തഴുതാമ, മഞ്ചട്ടി, നെന്മേണി വാക, രാമച്ചം, പതിമുഖം, കസ്തൂരി മഞ്ഞള്‍ തുടങ്ങിയ വിവിധ ഔഷധദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള പലതരം ഔഷധങ്ങള്‍ ഉപയോഗിച്ചു വരുന്നു.

ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്ന ഖദിരാരിഷ്ടം, നിംബാദി കഷായം, ആരഗ്വധാദി കഷായം, ഏലാദികേരം, ഏലാദി ചൂര്‍ണ്ണം, ത്രിഫല ചൂര്‍ണം മുതലായ ഔഷധങ്ങളും ഫലപ്രദമാണ്.

beauty tips pimples
Advertisment