കഥയറിയാതെ ആട്ടം കാണുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍: അവർ ഒരിക്കലും മാറില്ല: പ്രവാസികളുമായി സംസാരിച്ചതിനെ പറ്റി പോലും കുശുമ്പ് പറയുന്നു: മുല്ലപ്പള്ളിയെ പരിഹസിച്ച് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 7, 2020

തിരുവനന്തപുരം: പ്രവാസികളുമായ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതിനെതിരെ വിമര്‍ശിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ദുരന്തമുഖത്ത് ഇത്തരം സമീപനം ശരിയല്ല. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് ശതകോടീശ്വരൻമാർ മാത്രമല്ല.

എല്ലാ വിഭാഗം പ്രവാസികളുടേയും അഭിപ്രായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുമായി സംസാരിച്ചതിനെ പറ്റി പോലും കുശുമ്പ് പറയുന്നുവെന്ന് മുല്ലപ്പള്ളിയെ മുഖ്യമന്ത്രി പരിഹസിച്ചു.

കഥയറിയാതെ ആട്ടം കാണുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. അവർ ഒരിക്കലും മാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ നമ്മളേക്കാൾ കേരളീയരാണ്. നിങ്ങളുടെ വിമർശനം കേട്ട് പ്രവാസികളോടുള്ള നയം തിരുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടുങ്ങിയ മനസ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് മുല്ലപ്പള്ളിയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. കോൺഗ്രസ് വിമർശനത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. ശതകോടീശരന്മാരോടുള്ള മുഖ്യമന്ത്രിയുടെ താല്‍പര്യമാണ് വീഡിയോ കോണ്‍ഫറന്‍സിംഗിന് പിന്നിലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

×