തിരുവനന്തപുരം: സിപിഎമ്മില്‍ കാലങ്ങള്‍ക്ക് ശേഷം വിഭാഗീയതയും തൊഴുത്തില്‍ കുത്തും ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ സി.പി.എമ്മില്‍ അവസാന വാക്കായിരുന്ന പിണറായി വിജയന്റെ അപ്രമാദിത്വം സ്വര്‍ണ്ണക്കടത്ത് വിവാദത്തോടെ മങ്ങിയിരിക്കുകയാണ്. പാര്‍ട്ടിയിലെ വലംകൈയും പിന്തുടര്‍ച്ചക്കാരനുമായ കോടിയേരി ബാലകൃഷ്ണന്‍ പടിയിറങ്ങിയതോടെ പിണറായി വിജയനെതിരെ പിന്നില്‍ നിന്നുണ്ടായിരുന്ന മുറുമുറക്കലുകള്‍ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
/sathyam/media/post_attachments/MwkwkKwu5tbGh2DbgpQm.jpg)
അതിന്റെ പ്രതിഫലനമാണ് പിണറായി വിജയന് തന്റെ പോലീസ് ആക്ട് ഭേദഗതിയെ 24 മണിക്കൂറുകൊണ്ട് തള്ളിപ്പറയേണ്ടി വന്നത്. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി പാര്‍ട്ടിക്ക് വഴങ്ങിയത്. സമ്മര്‍ദ്ദ ശക്തിയെ സ്വരൂപിച്ചതാകട്ടേ എം.എ. ബേബിയും തോമസ് ഐസക്കും. പിണറായിയുടെ അപ്രമാദിത്തത്തോടെ കേരളത്തില്‍ നിന്ന് നാടുകടത്തപ്പെട്ട എം.എ. ബേബി കേരള രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായത് സ്വര്‍ണ്ണക്കടത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വിവാദത്തോടെയായിരുന്നു.
ഇപ്പോള്‍ പിണറായി വിജയന്‌റെ ഏറ്റവും വലിയ പാര്‍ട്ടി എതിരാളിയായി രംഗത്തുനില്‍ക്കുന്നത് ധനമന്ത്രി തോമസ് ഐസക്കാണ്. തന്റെ വകുപ്പില്‍ മുഖ്യമന്ത്രിയുടെ വിജിലന്‍സ് വിപുലമായ ഒരു അന്വേഷണം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. കെ.എസ്.എഫ്.ഇയില്‍ സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണം ആരുടെ വട്ട് ആണെന്നായിരുന്നു തോമസ് ഐസക്കിന്റെ ആദ്യ പ്രതികരണം. സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായി എന്ന് തോമസ് ഐസക്കിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.
കേരളത്തിലെ കെ.എസ്.എഫ്.ഇ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന്‌റെ വിശദാംശങ്ങള്‍ വിജിലന്‍സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് നല്‍കുന്നത് വകുപ്പ് തലവനായ മുഖ്യമന്ത്രിക്കും. റെയ്ഡ് നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് തോമസ് ഐസക്ക് കരുതുന്നു. കാരണം കെ.എസ്.എഫ്.ഇയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിക്കാരന്‍ വടകര സ്വദേശിയായ വ്യവസായിയാണെന്ന വിവരമാണ് ധനമന്ത്രിക്ക് കിട്ടിയിരിക്കുന്നത്.
റെയ്ഡില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടി വേദികളില്‍ തനിക്കെതിരെ നീങ്ങാനുള്ള ശ്രമമാണോ ഇതെന്നും തോമസ് ഐസക്ക് സംശയിക്കുന്നു. തോമസ് ഐസക്കിന് പിന്തുണ നല്‍കി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞിരിക്കുന്നത് എന്താണ് റെയ്ഡിലേക്ക് നയിച്ചതെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നാണ്. മുഖ്യമന്ത്രി മാത്രമാണ് മറുപടി പറയാതെയിരിക്കുന്നത്.
വിശ്വാസ്യത തകര്‍ന്ന് നില്‍ക്കുന്ന പിണറായി വിജയന്‍ മറ്റുള്ളവരെയും അതേ അവസ്ഥയില്‍ എത്തിക്കാനുള്ള ശ്രമം നടത്തുകയാണോ എന്ന് സംശയിക്കുകയാണ് മറ്റ് മന്ത്രിമാരുടെ സംശയം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കാര്യമായ പൊളിച്ചെഴുത്ത് സി.പി.എമ്മിലുണ്ടാകുമെന്ന് വ്യക്തമാണ്. നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ പിണറായി വിജയന് അവധി നല്‍കണമെന്ന അഭിപ്രായം ശക്തമാണ്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് വരെ മൗനം തുടരാനാണ് പിണറായിയുടെ തീരുമാനം. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാനായല്‍ അത് തന്റെ നിലപാടിനുള്ള ലാഭമാണെന്ന് അവതരിപ്പിക്കാന്‍ പിണറായി വിജയന് സാധിക്കും. തിരിച്ചടിയാണ് സംഭവിക്കുന്നതെങ്കില്‍ അസുഖത്തിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും അവധി നല്‍കും.
അങ്ങനെ സി.പി.എമ്മിലെ പിണറായി ചേരിയും വിരുദ്ധ ചേരിയും ശക്തമായ നീക്കങ്ങളിലൂടെയാണ് തങ്ങളുടെ അധികാരം പാര്‍ട്ടിയില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് വ്യക്തമായ സിപിഎം നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. വരുംദിവസങ്ങളില്‍ ഈ ചേരിപ്പോര് ശക്തമാകുന്ന സന്ദേശമാണ് തോമസ് ഐസക്കിന്റെയും ആനത്തലവട്ടം ആനന്ദന്റെയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us