കേരളം

പിണറായി വിജയൻ വീട്ടിൽ കിടന്നുറങ്ങില്ലെന്ന് എ.എന്‍. രാധാകൃഷ്ണന്റെ ഭീഷണി; ഭീഷണികൾ മുമ്പും വന്നിട്ടുണ്ടെന്നും അന്നെല്ലാം വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, June 15, 2021

തിരുവനന്തപുരം: ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല, കുട്ടികളെ ജയിലില്‍ പോയി കാണേണ്ടിവരും എന്ന പറയുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലേ? തെറ്റായ രീതിയില്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് അതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രമത്തില്‍ നടക്കുന്ന അന്വേഷണം ഗവണ്‍മെന്റ് ഇടപെട്ട് അവസാനിപ്പിച്ചോണം അല്ലെങ്കില്‍ വരുന്നത് ഇതാണ് എന്നാണ് അവര്‍ പറയുന്നത്. ഇതാണ് ഭീഷണി. മക്കളെ ജയിലില്‍ പോയി കാണേണ്ടിവരും എന്നത് കൊണ്ട് നല്‍കുന്ന സന്ദേശമാണ് ഗൗരവകരമായി കാണേണ്ടത്.

രാധാകൃഷ്ണന്റെ ആളുകള്‍ ഇങ്ങനെയുള്ള പല ഭീഷണികളും വളരെക്കാലം മുന്നേ തനിക്ക് നേരേ ഉയര്‍ത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ജയിലില്‍ കിടക്കലല്ല, അതിനപ്പുറവുമുള്ളത്. അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അതിലൊരു പ്രയാസവുമുണ്ടായിട്ടില്ല. അതൊര്‍ക്കുന്നത് നല്ലത്. ഈ തരത്തിലുള്ള ഭീഷണികള്‍ കടന്നുവന്നയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാകരുതെന്നും അത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ കാര്യത്തില്‍ എന്തുവേണമെന്ന് ഞാനങ്ങ് തീരുമാനിക്കും അങ്ങ് നടപ്പാക്കും എന്ന കരുതുകയാണെങ്കില്‍ അതൊന്നും നടപ്പാകില്ല എന്ത് നമ്മുടെ നാട് തെളിയിച്ചില്ലേ ? എന്തെല്ലാമായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

×