ചെയര്‍മാന്റെ മരണം മൂലമുണ്ടാകുന്ന ഒഴിവ് ആബ്‌സെന്‍സല്ലെന്നും കണ്‍സെന്‍സസ് എന്നതു ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണെന്നുമുള്ള കട്ടപ്പന കോടതി വിധിയെക്കുറിച്ച് പിജെ ജോസഫ് തെറ്റിധാരണ പരത്തുന്നുവെന്ന് ജോസ് കെ മാണി. ജോസഫ് യുഡിഎഫിനെ വഞ്ചിക്കുന്നു

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, November 8, 2019

കോട്ടയം : പി.ജെ.ജോസഫ് വഞ്ചിക്കുന്നതു കേരളാ കോണ്‍ഗ്രസിനെ മാത്രമല്ല യുഡിഎഫിനെ തന്നെയാണെന്നു കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി.

കേരളാ കോണ്‍ഗ്രസിന്റെ ഭരണഘടനയനുസരിച്ചു ചെയര്‍മാന്റെ മരണം മൂലമുണ്ടാകുന്ന ഒഴിവ് ആബ്‌സെന്‍സല്ല എന്നും കണ്‍സെന്‍സസ് എന്നു പറയുന്നതു ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണെന്നും കട്ടപ്പന  കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നതു പി.ജെ. ജോസഫ് ബോധപൂര്‍വം മറച്ചു വച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന യാതൊരു പ്രവര്‍ത്തനവും നടത്തരുതെന്നു യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ ഉപദേശിച്ചിരുന്നതുകൊണ്ടാണ് ഞങ്ങള്‍ ജോസഫിന്റെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്കാതിരുന്നത്-ജോസ് കെ.മാണി പറഞ്ഞു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം, മണ്ഡലം, വാര്‍ഡ് ജനറല്‍ ബോഡികള്‍ കൂടി തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം ജില്ലയിലെ പാര്‍ട്ടി മണ്ഡലം, നിയോജകമണ്ഡലം പ്രസിഡണ്ടുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി.

ജില്ലാ പ്രസിഡണ്ടു സണ്ണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.

ഈ.ജെ. ആഗസ്തി, പി.ടി.ജോസ്, അഡ്വ.ജോസ് ടോം, പി.എം.മാത്യു എക്‌സ് എംഎല്‍എ, എം.എസ്.ജോസ്, ബേബി ഉഴുത്തുവാല്‍, അഡ്വ. പ്രിന്‍സ് ലൂക്കോസ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാല, അബേഷ് അലോഷ്യസ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോസ് കല്ലക്കാവുങ്കല്‍, സണ്ണി പാറേപ്പറമ്പില്‍, പ്രദീപ് വലിയപറമ്പില്‍, ജോമി മാത്യു, രാജേഷ് വാളിപ്ലാക്കല്‍, ബിജു ചെങ്ങളം, ഷീലാ തോമസ്, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, പി.എം.മാത്യു, എ.എം.മാത്യു, ജോസ് ഇടവഴിക്കന്‍, മാത്തുക്കുട്ടി ഞായര്‍കുളം, അഡ്വ. സാജന്‍ കുന്നത്ത്, ജോയി ചെറുപുഷ്പം, പ്രേംചന്ദ് മാവേലി, പാലാ നിയോജകമണ്ഡലം സെക്രട്ടറി തോമസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

×