നിസ്വാര്‍ത്ഥരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയെടുത്ത കൃഷിഭൂമിയില്‍ പിജെ ജോസഫിന് വിത്ത് വിതയ്ക്കാനും വിളവെടുക്കാനും അവസരം കൊടുക്കുന്ന നാണംകെട്ട നേതൃത്വം മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ചരമ അടിയന്തിരം നടത്തും. പരാജയത്തിന്‍റെ പിന്നാലെ ജോസഫിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കുറിപ്പ് !

സത്യം ഡെസ്ക്
Thursday, December 17, 2020

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. പൊതുവിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്ന് വ്യക്തമാണ്.

അനുകൂലമായ ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും യുഡിഎഫ് പൊതുവിലും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രത്യേകിച്ചും പരാജയം ഏറ്റുവാങ്ങിയത്, ചുരുങ്ങിയ പക്ഷം ആലോചനാശേഷി നഷ്ടപ്പെടാത്ത കോൺഗ്രസുകാരുടെ കണ്ണുകളെയെങ്കിലും തുറപ്പിക്കുമെന്ന് കരുതാം.

സ്വന്തം കക്ഷി ഏൽപ്പിച്ചു നൽകിയിരിക്കുന്ന സംഘടനാ ദൗത്യങ്ങൾ നിറവേറ്റാതെ, സ്വന്തം കക്ഷിയുടെ ആശയ പ്രചാരണം നടത്താതെ, ജനകീയ ഇടപെടലുകൾ നടത്താതെ, അടിമ മനോഭാവത്തിൽ നാണവും മാനവും അടിയറവച്ച് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, സംഘടനകൾക്കും ഏറാൻമൂളികളായി മാറിയ കോൺഗ്രസ് ആ അടിമത്തത്തിൽ നിന്നും പുറത്ത് വരേണ്ടിയിരിക്കുന്നു.

ഏതാനം മാസങ്ങൾക്ക് മുൻപ് ലോകവും, നമ്മുടെ കേരളവും കോവിഡ് ഭീതിയിൽ അടച്ചു പൂട്ടിയിരുന്നപ്പോൾ തൊടുപുഴ കേന്ദ്രീകരിച്ച് ചില ആസ്ഥാന പാദസേവകർ ‘ലോക്ക്ഡൗൺ അഗ്രി ചലഞ്ചിൽ’ ഏർപ്പെട്ടു.

ഗ്രാമസ്വരാജ്, സുസ്ഥിര വികസനം, സമഗ്രവികസനം, മാലിന്യമുക്ത കേരളം, മഴവെള്ളസംഭരണം തുടങ്ങി വായിലൊതുങ്ങാത്തതും, എളുപ്പത്തിൽ ദഹിക്കാത്തതുമായ വാക്കുകളാൽ, ഗാനാഞ്ജലി നടത്തുന്ന, ബിംബവൽകരണ ആരാധനയാൽ വിരാജിക്കുന്ന വ്യക്തിയാണ് ചലഞ്ചിന്റെ മുഖചിത്രമായി വന്നത്.

മേൽപറഞ്ഞ വികസന സൂക്തങ്ങളിൽ ഒന്നുപോലും താൻ 7 വർഷം പ്രതിനിധീകരിച്ച പഴയ തൊടുപുഴ നിയമസഭാ നിയോജക മണ്ഡലത്തിലും, പിന്നീട് 33 വർഷം പ്രതിനിധീകരിച്ച, പഴയ കരിമണ്ണൂർ നിയമസഭാ നിയോജക മണ്ഡലം ഉൾപ്പെടുന്ന പുതിയ തൊടുപുഴ നിയമസഭാ നിയോജക മണ്ഡലത്തിലും, നടപ്പിലാക്കുവാൻ സാധിച്ചിട്ടില്ല എന്ന നേർക്കാഴ്ച നമ്മുടെ മുന്പിൽ നിൽക്കുന്നു.

29 -ാം വയസ്സിൽ എംഎൽഎ ആയ താനൊഴിഞ്ഞാൽ, പാരമ്പര്യ വിധിപ്രകാരം വീരാരാധാകരുടെ കണ്ണിലുണ്ണിയാക്കി മകനെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വിവിധങ്ങളായ ചുവടുവയ്പുകളിൽ ഒന്ന് മാത്രമായാണ് പുതിയ ചലഞ്ച് വിലയിരുത്തപ്പെട്ടത്.

ഈ ചലഞ്ചിന് ഏതാനം നാളുകൾ മുന്പ് തൊടുപുഴ-കരിമണ്ണൂർ എന്നീ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന, അഖിലലോക കത്തോലിക്ക കോൺഗ്രസ് അടുക്കളത്തോട്ടം ചലഞ്ചും ഏദൻതോട്ട സമ്മാന അറിയിപ്പും നടത്തുകയുണ്ടയായി.

വീരാരാധനാമൂർത്തിയായ നേതാവ്, തന്റെ രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാർത്ഥി ആയി മൽസരിച്ചു ഒരിക്കൽ പരാജയപ്പെട്ട ഗ്ലോബൽ പ്രസിഡന്റിന്റെ ചലഞ്ച് മോഷ്ടിച്ചു സ്വന്തം പേരിലാക്കിയത് പോലെയാണ് പിന്നീടുള്ള കാര്യങ്ങൾ.

പലവിധങ്ങളായ പെറൊട്ടുനാടകങ്ങളും, സമരാഭാസങ്ങളും വഴി കേരള കോൺഗ്രസ് ജോസഫ് മുഖാന്തിരം സ്ഥാനാർത്ഥിത്വം ലക്ഷ്യമാക്കി ആണ് അടിസ്ഥാന ജന വിഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ചില മത സംഘടനാ നേതാക്കൾ കരുക്കൾ നീക്കുന്നത്.

ഇത്രയും ആമുഖമായി പറഞ്ഞ് വന്നത്, മണ്ടൻ താറാവുകളായി കുറുക്കന്റെ ഉപദേശ പ്രസംഗം കേൾക്കാൻ നിരന്നിരിക്കുകയും, അന്യ കക്ഷി നേതാവിന്റെ ചലഞ്ചിന് ഓശാന പാടുകയും ചെയ്ത കോൺഗ്രസ് അടിമകളുടെ നിലവാരത്തകർച്ചയും ബോധമില്ലായ്മയും വരച്ചുകാട്ടാനാണ്.

കേരള പ്രദേശ് കർഷക കോൺഗ്രസ്, അഖിലേന്ത്യാ കർഷക കോൺഗ്രസ് (All India Kissan Congress) , നിലവിലുള്ളപ്പോൾ, തൂമ്പയുമായി ഇറങ്ങി, കോൺഗ്രസ് അനുയായികളുടെയും, അണികളുടെയും ആത്മാഭിമാനത്തിന് വൃത്തിയായി വരപ്പ് വച്ച് പോട്ടം പിടിക്കുവാൻ, കോൺഗ്രസ് പാരമ്പര്യം മറന്ന ഇത്തരം അപൂർവ്വ ജനുസ്സുകൾക്കേ സാധ്യമാകൂ.

അക്കാലത്ത് നിര്യാതനായ കർഷക കോൺഗ്രസ് നേതാവ് സിബി ജോസഫ് മോനിപ്പള്ളിയുടെ സ്മരണാർത്ഥമെങ്കിലും പത്ത് മൂട് വാഴ വയ്ക്കാമായിരുന്നവരാണ് മണ്ടൻ താറാവുകളുടെ വേഷം കെട്ടിയാടി അപഹാസ്യരായത്.

പോകട്ടെ കേരളത്തിലെ മുൻ കൃഷി വകുപ്പ് മന്ത്രിമാരും മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ഇ. പി. പൗലോസ്, വക്കം പുരുഷോത്തമൻ, കെ. ശങ്കരനാരായണൻ, സിറിയക് ജോൺ, പി. പി. ജോർജ്ജ്, പി.പി.തങ്കച്ചൻ തുടങ്ങിയ കോൺഗ്രസ്സുകാരോടുള്ള ആദരമായോ, നന്ദിപ്രകാശനമായോ എങ്കിലും ഒരു മത്ത കുത്താൻ അറിയാത്ത ഈ മണ്ടൻ താറാവുകൾ കോൺഗ്രസ് വികാരത്തിനു പോലും അപമാനകരമാണ്.

ചോദ്യം പി. ടി. തോമസ്സിലേക്കും നീളുകയാണ്. തോമസ് അവറുകൾ നേതൃത്വം കൊടുക്കുന്ന മാനവസംസ്കൃതി ആണ്ടോടാണ്ട് പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടാറുള്ളതായും അതിന്റെ ചിത്രം എടുക്കാറുണ്ട് എന്നും കേട്ടും വായിച്ചും അറിഞ്ഞിട്ടുണ്ട്.

1991 മുതലെങ്കിലും ഇന്ന് വരെ മാനവസംസ്കൃതി വഴിയോ, വ്യക്തിപരമായോ, മറ്റ് ഏർപ്പെടുത്തിയ മാർഗ്ഗങ്ങളിലോ നട്ട് പിടിപ്പിച്ചിട്ടുള്ള വൃക്ഷത്തൈകളുടെ ഇന്നത്തെ ചിത്രം (അവസ്ഥ), ആണ്ട് ക്രമമനുസരിച്ച് അടുത്തടുത്തായി പ്രസിദ്ധീകരിച്ച് യഥാർത്ഥ ചലഞ്ചിൽ പങ്കെടുക്കുകയായിരുന്ന് പി. ടി. ചെയ്യേണ്ടിയിരുന്നത് എന്ന് സൂചിപ്പിക്കുയാണ്.

സമൂഹത്തിൽ പടർന്നു പിടിച്ച ഒരു മഹാവ്യാധി വന്നപ്പോൾ സാമൂഹ്യ സേവനത്തിന് മുന്നണിപ്പോരാളി ആകേണ്ടിയിരുന്ന സേവാദൾ എന്ന കോൺഗ്രസ് സംഘടനാ, മഷിയിട്ടു നോക്കിയാൽ കാണാൻ കിട്ടാത്ത അവസ്ഥയിലായി.

അതുപോലെ തന്നെയാണ് കേരള പ്രദേശ് കർഷക കോൺഗ്രസ്സിന്റയും, അഖിലേന്ത്യാ കർഷക കോൺഗ്രസ്സിന്റയും (All India Kissan Congress) അവസ്ഥ. യഥാർത്ഥ കോൺഗ്രസ് എന്നേ മരിച്ചു കഴിഞ്ഞു.

സ്വന്തം പ്രസ്ഥാനത്തിന്റെ പ്രാധാന്യം ഉപയോഗിച്ച് പ്രാദേശികമായി സ്വയംപ്രേരിതമായ നിരവധി കാര്യങ്ങൾ ചെയ്യാമെന്നിരിക്കേ, മറ്റു രാഷ്ട്രീയ കക്ഷികളുടെ അടിമകളായി മാറേണ്ട ആവശ്യം കോൺഗ്രസുകാർക്കില്ല.

സത്യസന്ധരും അധ്വാനികളും, സ്വാർത്ഥത ഇല്ലാത്തവരുമായ കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയെടുത്ത കൃഷിഭൂമിയിൽ, പി. ജെ. ജോസഫിന് വിത്ത് വിതയ്ക്കാനും, വിളവെടുക്കാനും അവസരം ഉണ്ടാക്കി കൊടുക്കുന്ന നാണംകെട്ട കോൺഗ്രസ് നേതൃത്വം കേരളത്തിൽ, പ്രത്യേകിച്ച് മധ്യകേരളത്തിൽ കോൺഗ്രസിന്റെ ചരമ അടിയന്തിരം നടത്തിയേ പിൻമാറാൻ സാധ്യതയുള്ളൂ.

മൈനോരിറ്റി ഡിപ്പാർട്ട്മെന്റ്, ഒബിസി ഡിപ്പാർട്ട്മെന്റ് തുടങ്ങിയ കോട്ടുവായ കമ്മിറ്റികളായും, കുറുക്കന്റെ ഉപദേശം കേൾക്കാൻ നിൽക്കുന്ന മണ്ടൻ താറാവുകൾ ആയും ചരിത്രം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വിലയിരുത്തും.

×