ജോസ് കെ. മാണിയെ പുറത്താക്കി ദിവസങ്ങള്‍ക്കകം പി.ജെ ജോസഫിനും കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്! ജോസ് പക്ഷം ഒഴിഞ്ഞിട്ടിട്ടു പോയ സീറ്റുകള്‍ കാണിച്ച് നേതാക്കളെ രംഗത്തിറക്കേണ്ടതില്ലെന്ന് താക്കീത് ? പുതിയ നീക്കത്തിന് പിന്നില്‍ ജോസിനെ പുറത്താക്കാന്‍ പടനയിച്ച കോണ്‍ഗ്രസിലെ കോട്ടയം ലോബി?

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, July 2, 2020

കോട്ടയം: യുഡിഎഫില്‍ നിന്നും ജോസ് കെ. മാണിയെ പുറത്താക്കി ദിവസങ്ങള്‍ കഴിയും മുന്‍പേ പി.ജെ. ജോസഫിനും കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. ജോസ് പക്ഷം പുറത്തുപോയപ്പോള്‍ ഒഴിവുവന്ന യുഡിഎഫ് സീറ്റുകള്‍ കാട്ടി പാര്‍ട്ടിയിലേയ്ക്ക് നേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്നും അങ്ങനെ വന്നാല്‍ അതിന്‍റെ ഭവിഷ്യത്തുകള്‍ ജോസഫ് തനിയെ അനുഭവിക്കേണ്ടി വരുമെന്നുമാണ് ജോസഫിനുള്ള കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്.

ജോസഫിന് കെ.എം. മാണിയുടെ കാലത്ത് അനുവദിച്ച പരമ്പരാഗത സീറ്റുകളും വിഹിതവുമല്ലാതെ വേറെ സീറ്റുകള്‍ അനുവദിക്കില്ലെന്നും ജോസ് പക്ഷത്തിന്‍റെ ഒഴിവുകള്‍ ജോസഫ് വിഭാഗത്തിന് അനുവദിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നുമാണ് കോണ്‍ഗ്രസ് ഉന്നത നേതൃത്വം ജോസഫിനെ അറിയിച്ചിരിക്കുന്നത്.

ഏറ്റുമാനൂര്‍, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി സീറ്റുകള്‍ കാട്ടി ജോസഫ് ഗ്രൂപ്പ് ജോസ് പക്ഷ നേതാക്കളെ പാര്‍ട്ടിയിലേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജോസഫിന് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. ജോസ് കെ. മാണിയെ മുന്നണിയ്ക്ക് പുറത്താക്കണമെന്നതായിരുന്നു പി.ജെ. ജോസഫിന്‍റെ ആവശ്യം.

മതിയായ കാരണങ്ങളോ രേഖാമൂലമുള്ള കരാറോ ഇല്ലാത്ത ഒരു വിഷയത്തിന്‍റെ പേരു പറഞ്ഞാണെങ്കില്‍ പോലും കോണ്‍ഗ്രസ് അത് സാധിച്ചുകൊടുത്തു. കോട്ടയം, ഇടുക്കി ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളുടെ പരമ്പരാഗത കേരളാ കോണ്‍ഗ്രസ് വിരോധമാണ് അതിനു നിമിത്തമായി മാറിയത്.

പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനത്തില്‍ ഈ ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളും അണികളും ഏറെ ആഹ്ളാദത്തിലാണ്. എന്നാല്‍ ആ ആഹ്ളാദത്തിന്‍റെ രസം ആഘോഷിച്ചു തീര്‍ക്കുന്നതിനു മുമ്പെയാണ് ജോസ് പക്ഷത്തിന്‍റെ ഒഴിവുവന്ന സീറ്റുകളുടെ പേരില്‍ ജോസഫ് പാര്‍ട്ടിയിലേയ്ക്ക് നേതാക്കളെ കൂട്ടുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതോടെ ജോസ് കെ. മാണിയെ പുറത്താക്കുന്നതിന് വലം കൈയ്യായി ജോസഫിനൊപ്പം നിന്ന കോണ്‍ഗ്രസിലെ കോട്ടയം ലോബിതന്നെ ജോസഫിന്‍റെ പുതിയ നീക്കങ്ങളിലുള്ള അതൃപ്തി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളെ അറിയിക്കുകയായിരുന്നു.

സംഭവത്തിലെ അപകടം മനസിലാക്കിയ നേതാക്കള്‍ ഉടന്‍ തന്നെ ജോസഫിനെ വിളിച്ച് കര്‍ശന താക്കീതുതന്നെ നല്‍കുകയും ചെയ്തു. ജോസ് പക്ഷം പുറത്തുപോയ സാഹചര്യത്തില്‍ മുന്നണിയില്‍ ജോസഫിന്‍റെ വിലപേശല്‍ ശേഷി കുറഞ്ഞുവരുന്നതിന്‍റെ ആദ്യ സുചനയായി ഈ സംഭവം. ഇക്കാര്യത്തില്‍ തുടക്കത്തിലെ ഇടപെട്ടില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സീറ്റു വിഭജന ഘട്ടത്തില്‍ വിഷയം ജോസഫ് വീണ്ടും കീറാമുട്ടിയാക്കി മാറ്റും .

അത് മുന്നണിയുടെ കെട്ടുറപ്പിനെ മാത്രമല്ല വിജയ സാധ്യതയേയും പ്രതികൂലമായി ബാധിക്കും. അതു സംഭവിക്കാതിരിക്കാനുള്ള കരുതലാണ് നേതൃത്വം സ്വീകരിച്ചത്. ചങ്ങനാശ്ശേരി എംഎല്‍എ സി.എഫ് തോമസ് നിലവില്‍ ജോസഫിനൊപ്പമാണെങ്കിലും ആ സീറ്റിന്‍റെ കാര്യത്തില്‍ ജോസഫിന്‍റെ അവകാശവാദത്തിന് 2 പരിമിതികളുണ്ട്.

ഒന്ന്, ഇനി മത്സരിക്കില്ലെന്ന് ജനങ്ങള്‍ക്ക് പരസ്യമായി ഉറപ്പുകൊടുത്ത ശേഷമാണ് സി എഫ് മത്സരത്തെ നേരിട്ടത്. രണ്ട്, കെ.എം. മാണിയും ജോസഫും ഒന്നിച്ചശേഷവും അതിനുമുമ്പും ചങ്ങനാശ്ശേരി കെ.എം. മാണിയുടെ സീറ്റായിരുന്നു. അതിനാല്‍ തന്നെ ജോസ് പക്ഷത്തിന് അവകാശപ്പെട്ടതായിരുന്ന ചങ്ങനാശ്ശേരിയും കോണ്‍ഗ്രസ് ഏറ്റെടുക്കും.

ജോസഫിന്‍റെ പരമ്പരാഗത സീറ്റുകള്‍ തൊടുപുഴയും കടുത്തുരുത്തിയും കോതമംഗലവും കുട്ടനാടുമാണ്. അതിനു പുറമെ മലബാറില്‍ ഒന്നോ രണ്ടോ സീറ്റുകള്‍ കൂടിയാകും പരമാവധി ജോസഫിന് ലഭിക്കുക. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ അധിക സീറ്റുകള്‍ അനുവദിക്കില്ല. ഇതാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

ഇതോടെ ഏറ്റുമാനൂരില്‍ മത്സരത്തിനൊരുങ്ങി ജോസഫ് ഗ്രൂപ്പിലെത്തിയ പ്രിന്‍സ് ലൂക്കോസും പൂഞ്ഞാര്‍ ആഗ്രഹിക്കുന്ന സജി മഞ്ഞക്കടമ്പനും ഇതേ സീറ്റിലെ സിറ്റിംഗ് എംഎല്‍എയും യുഡിഎഫിലെത്താന്‍ കരുക്കള്‍ നീക്കുന്ന നേതാവുമായ പി.സി. ജോര്‍ജ്ജുമൊക്കെ പ്രതിസന്ധിയിലാകും.

×