Advertisment

കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചു പി. ജെ. ജോസഫിന്റെ സൈബർ അണികൾ തെറിവിളി തുടരുന്നു; ഇല്ലാത്ത ശക്തിയുടെ മുഴുപ്പും, മതജാതിവർഗ്ഗീയതയും പറഞ്ഞു നടക്കുന്ന ഈ കിങ്ങിണിക്കൂട്ടം തെരഞ്ഞെടുപ്പിൽ യുഡിഎഫ് സാധ്യതകൾ ഇല്ലാതെയാക്കും; സോഷ്യൽ മീഡിയയിൽ കണ്ട ഈ പുനർവായന വൈറൽ !

New Update

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും, മുന്നണികളിൽ സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. തൊടുപുഴയിൽ കോൺഗ്രസിനോട് മൽസരിച്ചാൽ തോൽക്കും എന്നുറപ്പായപ്പോൾ കെ. എം. മാണി വഴി യുഡിഎഫ് മുന്നണിയിൽ എത്തിയ പി. ജെ. ജോസഫിന്റെ പിടിവാശി യുഡിഎഫ് സംവിധാനത്തെ അസ്വസ്ഥമാക്കിരിക്കുന്നു. ഇതിന്റെ പ്രതിഫലനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വളരെ പ്രകടമാണ്.

Advertisment

publive-image

മുവാറ്റുപുഴ എന്ന മുഴുപ്പ് പറച്ചിൽ

കേരള കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണ് മുവാറ്റുപുഴ എന്നും ആ മണ്ഡലത്തിൽ മൽസരിക്കുവാൻ ഏറ്റവും യോഗ്യൻ കെ. ഫ്രാൻസിസ് ജോർജ്ജ് ആണെന്നുമാണ് പി. ജെ. ജോസഫിന്റെ സൈബർ വിംഗിൽ പ്രവർത്തിക്കുന്നവരുടെ വീമ്പു പറച്ചിൽ. അതിനായി അവർ സമർത്ഥിക്കുന്നത് തെരഞ്ഞെടുപ്പ് ചരിത്രം ആണ്. വായനക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ, ഇക്കാലമത്രയും പി. ജെ. ജോസഫ് അനുയായികൾ ആണ് മുവാറ്റുപുഴയിൽ ജയിച്ചത് എന്നതാണ് അവരുടെ വാദം.

മുന്നണി സംവിധാനത്തിന്റെ രൂപത്തിൽ 1980,1982 വർഷങ്ങളിൽ യുഡിഎഫ് എന്ന കോൺഗ്രസ് മുന്നണിയിൽ ആണ് കേരള കോൺഗ്രസ് (ജെ) സ്ഥാനാർത്ഥി മുവാറ്റുപുഴയിൽ ജയിച്ചത് എന്ന് കാണാതിരിക്കാൻ കഴിയില്ല. 1987 ൽ പി.ജെ. ജോസഫിന്റെ യുഡിഎഫ് സ്ഥാനാർത്ഥി തോറ്റു.

1991,1996, 2001 വർഷങ്ങളിൽ ശ്രീ ജോണി വർക്കി നെല്ലൂർ മുവാറ്റുപുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയി ജയിച്ചത് പി. ജെ. ജോസഫും കൂട്ടരും ഇല്ലാതെയാണെന്ന് മനസ്സിലാക്കേണ്ടത് ചരിത്രത്തോട് ചെയ്യേണ്ടുന്ന നീതിയാണ്. ശ്രീ. ജോണി വർക്കി നെല്ലൂർ 1980 ൽ ഇടതുമുന്നണി സ്ഥാനാർത്ഥി ആയും മുവാറ്റുപുഴയിൽ മൽസരിച്ചിരുന്നു.

പി. ജെ. ജോസഫ് വിഭാഗം കേരള കോൺഗ്രസിന്റെ ശക്തി പരീക്ഷണം യഥാർത്ഥത്തിൽ നടന്നത് 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. അന്ന് യുഡിഎഫ് മുന്നണിയെ തോൽപ്പിക്കാൻ ഇറങ്ങിയ ജോസഫിന് മുവാറ്റുപുഴ നിയമസഭ മണ്ഡലത്തിൽ ലഭിച്ച വോട്ടുകൾ പരസ്യപ്പെടുത്തിയാൽ മുഴുപ്പ് പറച്ചിൽ തീരും.

പിന്നീട് ഇരുപത് വർഷങ്ങൾക്ക് ശേഷം 2009ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ കീഴിൽ വരുന്ന മുവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.ടി. തോമസ് കേരള കോൺഗ്രസ് (ജെ) സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജിനെ വലിയ ഭൂരിപക്ഷത്തിൽ മറികടന്ന് ലീഡ് നേടിയത്, ജോസഫിന്റെ സൈബർ അണികൾ മനസ്സിലാക്കിയാൽ നന്ന്.

ഏറ്റവും രസകരമായുള്ളത് മുവാറ്റുപുഴ നിയമസഭ മണ്ഡലത്തിൽ അഞ്ച് തവണ മൽസരിച്ച ജോണി വർക്കി നെല്ലൂരിനെ സ്ഥാനാർത്ഥി ആക്കണം എന്ന ആവശ്യം ജോസഫിന്റെ സൈബർ അണികൾക്കില്ല എന്നതാണ്. അവരുടെ ആവശ്യം, ആണ്ട് തോറും മുന്നണി മാറുന്ന, കോൺഗ്രസിനോട് പലകുറി തോറ്റ, ഫ്രാൻസിസ് ജോർജ്ജിനെ സ്ഥാനാർത്ഥി ആക്കി കേരള കോൺഗ്രസ് അഭിമാനം വീണ്ടെടുക്കണം എന്നതാണ്.

കത്തോലിക്കാ സഭയുടെ അട്ടിപ്പേറവകാശം

കത്തോലിക്കരുടെ പേര് പറഞ്ഞ് യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ രക്തമൂറ്റി കുടിക്കുന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരനാണ് പി.ജെ. ജോസഫ്. യാഥാർത്ഥ്യം പരിശോധിച്ചാൽ മഹാഭൂരിപക്ഷം വരുന്ന റോമൻ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനികളും കോൺഗ്രസ് അണികളോ, അനുഭാവികളോ ആണ്. അവർ ദേശീയവാദികളും മതജാതി ചിന്തകൾക്ക് അതീതമായി രാഷ്ട്ര നിർമ്മിതിയിൽ വിശ്വസിക്കുന്നവരുമാണ്. അതിനാൽ അവർ എക്കാലത്തും കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയെ പിന്തുണച്ചു വരുന്നു.

മെത്രാന്റെ തീട്ടൂരങ്ങളെ എതിർത്തും റോമൻ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനികൾ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട്. കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ മകന്റെ പേര് വിഷ്ണു എന്നാണെന്ന് പറഞ്ഞ് വർഗ്ഗീയമായി വോട്ട് നേടാൻ, പുരോഹിതരുടെയുൾപ്പെടെയുള്ള ഇടപെടലുകളിലൂടെ ശ്രമിച്ചതിന് കേരള കോൺഗ്രസിനെ തൊടുപുഴയിലെ വോട്ടർമാർ പ്രഹരിച്ചത് മറക്കാറായിട്ടില്ല.

സാധാരണക്കാരും, ഇടത്തരക്കാരുമായ റോമൻ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനികൾ ആണ് കൂടുതലായി കോൺഗ്രസിലുള്ളത്. എന്നാൽ സമ്പന്നരും ഭൂപ്രഭുക്കളും പ്രമാണിമാരുമായുള്ള കത്തോലിക്കർ കൂടുതൽ പി. ജെ. ജോസഫിനൊപ്പമാണ് എന്നതിൽ തർക്കമില്ല.

1989 ആവർത്തിക്കുവാൻ അപേക്ഷ

ഇന്റർനെറ്റ് സാധ്യതകളും കോൺഗ്രസ് പ്രവർത്തകരുടെ ക്ഷമയും ചൂഷണം ചെയ്ത് സൈബർ ചട്ടമ്പിത്തരം കാണിച്ച് ഇളിഭ്യരാകാതെ, നേതാവിനിനെ ചൂട് കയറ്റി 1989 മോഡൽ മൽസരത്തിന് തയ്യാറാവുകയാണ് ജോസഫ് ഗ്രൂപ്പ് ചെയ്യേണ്ടത്. അങ്ങനെ മതജാതി പിന്തുണയും, പൊതുജന സ്വീകാര്യതയും നാടിനെ ബോധ്യപ്പെടുത്തുകയും ആകാം.

1996-2001 കാലഘട്ടത്തിൽ കോൺഗ്രസ് പ്രസ്ഥാനം നടത്തിയ പി. ജെ. ജോസഫ് അഴിമതി വിരുദ്ധ പോരാട്ട കഥകൾ നാളെകളിൽ തെരഞ്ഞെടുപ്പ് ചർച്ചയാകും എന്നുറപ്പാണ്. കോൺഗ്രസ് കക്ഷിയുടെയും പ്രവർത്തകരുടെയും ഔദാര്യം കൊണ്ട് എംഎൽഎ യും മന്ത്രിയും ആവുകയും , ഇല്ലാത്ത ശക്തിയുടെ മുഴുപ്പ് പറഞ്ഞ് സൈബർ അണികളെ കൊണ്ട് കോൺഗ്രസിനെ ആക്ഷേപിക്കുകയും ചെയ്താൽ, കിട്ടുന്ന സീറ്റകളും ജയിക്കുവാൻ ജോസഫ് അനുകൂല കേരള കോൺഗ്രസ് ബുദ്ധിമുട്ടും.

pj joseph
Advertisment