കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിന്റെ ചിഹ്ന പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരം; മത്സരിക്കുന്ന 10 സീറ്റിലും ‘ട്രാക്ടർ ഓടിക്കുന്ന കർഷകൻ’ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, March 21, 2021

കോട്ടയം: കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിന്റെ ചിഹ്ന പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരം. മത്സരിക്കുന്ന 10 സീറ്റിലും ‘ട്രാക്ടർ ഓടിക്കുന്ന കർഷകൻ’ കിട്ടുമെന്ന് ഏതാണ്ട് ഉറപ്പായി. ചങ്ങനാശേരിയിൽ ട്രാക്ടർ ചിഹ്നം സ്വതന്ത്ര സ്ഥാനാർത്ഥി ബേബിച്ചൻ മുക്കാടൻ ആവശ്യപ്പെട്ടെങ്കിലും അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയിൽ ജോസഫ് വിഭാഗത്തിന് മുൻ​ഗണന നൽകുകയായിരുന്നു. ബേബിച്ചൻ മുക്കാടന്റെ പത്രിക സ്വതന്ത്ര വിഭാഗത്തിലാണ് പരിഗണിച്ചത്.

സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കാനിരിക്കെ, പാർട്ടി നേതൃത്വം ചിഹ്ന വിഷയത്തിൽ ആശങ്കയിലായിരുന്നു. ചങ്ങനാശ്ശേരിയിൽ സ്ഥാനാർത്ഥി വിജെ ലാലിയുടെ പത്രികയിൽ നോട്ടറി നമ്പറിന്റെ കുറവ് കണ്ടെത്തിയത് ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് സ്വീകരിച്ചു.

കേരള കോൺഗ്രസെന്ന ലേബലിലായിരിക്കും ഇനി ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ അറിയപ്പെടുക. പിസി തോമസിന്റെ അതേ പേരിലുള്ള പാർട്ടിയിൽ ലയിച്ചതിനാലാണിത്. ഇവർക്ക് ദേശീയ തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ച ചിഹ്നം ഇല്ലാത്തതുകൊണ്ടാണ് സ്ഥാനാർത്ഥികൾക്ക് പൊതു ചിഹ്നമെന്ന കടമ്പ വന്നത്.

പിജെ ജോസഫ് വിഭാഗത്തിന് ചങ്ങനാശേരി സീറ്റ് വിട്ട് നൽകിയതിനെ തുടർന്നാണ് ഡിസിസി അംഗമായിരുന്ന ബേബിച്ചൻ മുക്കാടൻ കോൺഗ്രസിൽ നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിക്കാനിറങ്ങുന്നത്.

×