ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റാ കോപ്പിയടിച്ചു; പി.കെ.ബിജുവിന്റെ ഭാര്യയ്ക്കു കേരള സർവകലാശാലയിൽ ലഭിച്ച അസി.പ്രഫസർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

New Update

തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ബിജുവിന്റെ ഭാര്യയ്ക്കു കേരള സർവകലാശാലയിൽ ലഭിച്ച അസി.പ്രഫസർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. നിയമനം ലഭിക്കാൻ സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റാ പകർത്തിയതാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ സമിതി രേഖാമൂലം സമര്‍പ്പിച്ച പരാതി പറയുന്നു. യുജിസിക്കും പരാതി കൈമാറിയിട്ടുണ്ട്.

Advertisment

publive-image

കേരള സർവകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണു പി.കെ. ബിജുവിന്റെ ഭാര്യയ്ക്ക് അസി.പ്രഫസറായി നിയമനം നൽകിയത്. 2020ൽ അപേക്ഷിച്ച 140 പേരിൽ നിന്നാണ് ഓപ്പൺ തസ്തികയിൽ ഒന്നാം റാങ്ക് ലഭിച്ചത്.

ഉന്നത യോഗ്യതകളുള്ള ഉദ്യോഗാർഥികളെ ഒഴിവാക്കിയാണു നിയമനം നൽകിയതെന്ന് അന്നു തന്നെ പരാതി ഉയർന്നിരുന്നു. അപേക്ഷയോടൊപ്പം സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങൾക്കു ലഭിച്ച മാർക്കിന്റെകൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നൽകിയത്. പ്രബന്ധരചനക്ക് ആധാരമായ ഡേറ്റാ കോപ്പിയടിച്ചതാണെന്നാണ് സേവ് യൂണിവേല്സിറ്റി സമിതി ആരോപിക്കുന്നത്. ഇത്തരത്തിലൊരു പരാതി കേരള സർവകലാശാലയിൽ ആദ്യമാണ്.

രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട പബ്പീർ വെബ്സൈറ്റ് വഴിയാണ് ഡേറ്റയിലെ സാദൃശ്യവും സാമ്യവും കണ്ടെത്തിയത്. ഡേറ്റാ തട്ടിപ്പ് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്ന് ഗവര്‍ണരോടും യുജിസി അധ്യക്ഷനോടും വൈസ്ചാന്‍സലറോടും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രബന്ധങ്ങൾ കോപ്പിയടിച്ചതാണെന്ന ആക്ഷേപം പലര്‍ക്കെതിരെയും മുൻപ് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഡാറ്റയെ സംബന്ധിച്ചുള്ള പരാതി രാജ്യത്തുതന്നെ അപൂര്‍വമാണെന്ന ചൂണ്ടിക്കാണിക്കപ്പെടുന്നു. 2013ൽ സംവരണ തസ്തികയിലേക്കു നടന്ന നിയമനത്തിന് 18 അപേക്ഷകർ മാത്രം ഉണ്ടായിരുന്നപ്പോള്‍ പി.കെ ബിജുവിന്റെ ഭാര്യക്കു നിയമനം ലഭിച്ചിരുന്നില്ല.

pk biju
Advertisment