തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന ബിജെപിക്കുള്ളില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. സംസ്ഥാന ബിജെപിയിലെ പ്രബല വിഭാഗത്തിന്റെ നേതാവായ പികെ കൃഷ്ണദാസിനെതിരെ പരോക്ഷ വിമര്‍ശനവുമായി പലയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്തും പരിസരങ്ങലിലുമാണ് പോസ്റ്ററുകള്‍.
വരുന്നതെരഞ്ഞെടുപ്പില്‍ പി.കെ കൃഷ്ണദാസിനെയും ആ വിഭാഗത്തെയും ഒഴിവാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് മറുവിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി ബിജെപിക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവച്ചിരുന്നു. ഇതിനുപിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കൃഷ്ണദാസിനെതിരെ പരോക്ഷ വിമര്‍ശനവുമായി മറുപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാട്ടാക്കട നിയോജക മണ്ഡലമാണ് പികെ കൃഷ്ണദാസ് പരിഗണിക്കുന്നത്. കാട്ടാക്കടയില്‍ നിന്ന് കൃഷ്ണദാസിനെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് മുരളീധര പക്ഷം. മണ്ഡലത്തില്‍ പലയിടങ്ങളിലും പേരെടുത്ത് വിമര്‍ശിക്കാതെ കൃഷ്ണദാസിനെതിരെ ഇതിനോടകം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
അഞ്ചുവര്‍ഷം കൂടുമ്പോള്‍ എത്തുന്ന ദേശീയ നേതാവിനെ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയായി വേണ്ട എന്നാണ് പോസ്റ്ററില്‍ പറയുന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റും മുരളീധര വിരുദ്ധ പക്ഷക്കാരനുമായ പി കെ കൃഷ്ണദാസിനെ നേരത്തെ തെലങ്കാനയുടെ ചുമതലയില്‍നിന്ന് ഒഴിവാക്കിയത് സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പുപോര് രൂക്ഷമാക്കിയിരുന്നു. അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തുനിന്നും കൃഷ്ണദാസിനെ ഒഴിവാക്കിയിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ പി കെ കൃഷ്ണദാസിനെ ഒതുക്കാനുള്ള നീക്കങ്ങളാണ് മുരളീധരപക്ഷം നടത്തുന്നതെന്നാണ് ആക്ഷേപം. ഇതിനിടെ സംസ്ഥാന തലത്തില്‍ സിപിഎമ്മിനെ സഹായിക്കാന്‍ മുരളീധര പക്ഷത്തിന് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൂടിയ ബിജെപിയുടെ സംസ്ഥാന തല യോഗത്തില്‍ ഈ തീരുമാനത്തെ കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്‍ പക്ഷങ്ങള്‍ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് മുരളീധരപക്ഷം ഈ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
അതേസമയം പി കെ കൃഷ്ണദാസ് പല ജില്ലകളിലും സമാന്തര കമ്മിറ്റികള്‍ രൂപീകരിക്കുന്നതായും മുരളീധര പക്ഷത്തിന് ആക്ഷേപമുണ്ട്. എന്നാല്‍ ആര്‍എസ്എസ് ഈ വിഷയത്തില്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. കേന്ദ്ര മന്ത്രി വി മുരളീധരപക്ഷത്തിനു മേല്‍ക്കെ ഉള്ള ബിജെപി കേരള ഘടകം മെല്ലെ ഒബിസി വിഭാഗത്തില്‍പ്പെട്ട ഒരു പ്രബല സമുദായത്തിന്റെ പൂര്‍ണമായ പിടിയില്‍ അകപ്പെടുമെന്ന ആശങ്ക ബിജെപിയിലെ മുന്നോക്ക വിഭാഗത്തിനുണ്ട്.