കുഞ്ഞാലിക്കുട്ടിയുടെ കേക്കും ആശംസയും ഫലിച്ചില്ല ! കത്തോലിക്കാ സഭ ഇപ്പോഴും മുസ്ലീംലീഗിനെതിരെന്ന് സൂചന. മുന്നാക്ക സംവരണ നിലപാട് പരസ്യമായി തിരുത്താതെ നിലപാടില്‍ അയവുവേണ്ടെന്നു സഭ. കുഞ്ഞാലിക്കുട്ടിയെ കാണാന്‍ കൂട്ടാക്കാതെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും. സാമുദായിക നേതാക്കളെ അനുനയിപ്പിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രം പാളി !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, January 13, 2021

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സാമുദായിക നേതാക്കളെ കണ്ട് അനുനയിപ്പിക്കാനുള്ള മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രം പാളുന്നു. വിവിധ ക്രൈസ്ത സഭാ മേലധ്യക്ഷന്‍മാരുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയെങ്കിലും ഇതു വിജയിച്ച മട്ടില്ല.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എല്ലാ അരമനകളിലും കുഞ്ഞാലിക്കുട്ടി സന്ദര്‍ശനം നടത്തിയെങ്കിലും തണുത്ത പ്രതികരണമായിരുന്നു. ക്രിസ്മസ് കാലത്ത് കേക്കും ആശംസയുമായിട്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ സന്ദര്‍ശനം. പക്ഷേ കത്തോലിക്കാസഭയുടെ ലീഗ് വിരോധം മാറ്റാന്‍ ഇതിനൊന്നും കഴിഞ്ഞിട്ടില്ല.

കത്തോലിക്കാ സഭ എക്കാലവും ആവശ്യപ്പെട്ടിരുന്ന മുന്നാക്ക സംവരണത്തിനെതിരെ ലീഗ് രംഗത്തുവന്നതും ന്യൂനപക്ഷ സംവരണത്തിലെ 80:20 അനുപാതവുമൊക്കെയാണ് സഭക്ക് എതിര്‍പ്പുയര്‍ന്നത്. ലീഗ് നിലപാടിനെതിരെ ദീപികയില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ പരസ്യമായി നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമായിരുന്നു.

സംവരണത്തിന്റെ പേരില്‍ ലീഗ് കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തുവെന്നായിരുന്നു സഭയുടെ വിമര്‍ശനം. പിന്നീട് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന്റെ പേരിലും ലീഗിനെയും കോണ്‍ഗ്രസിനെയും സഭ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി കിട്ടിയത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വലിയ തിരിച്ചടിയാണ് കിട്ടിയത്.

യുഡിഎഫിന്റെ പരമ്പരാഗത വോട്ടു ബാങ്കില്‍ വിള്ളല്‍ വീണതായി പാര്‍ട്ടികള്‍ നടത്തിയ വിലയിരുത്തലിലും കണ്ടെത്തിയിരുന്നു. ഇതോടെയാണ് കുഞ്ഞാലിക്കുട്ടി നേരിട്ട് നയതന്ത്രം പ്രയോഗിക്കാനിറങ്ങിയത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവരെ അദ്ദേഹം കണ്ടിരുന്നു. മലബാര്‍ മേഖലയിലെ ചില മെത്രാന്‍മാര്‍ കുഞ്ഞാലിക്കുട്ടിയെ സ്വീകരിച്ചെങ്കിലും മറ്റുള്ളവര്‍ സന്ദര്‍ശനം ഗൗരവമായി എടുത്തില്ല.

ഇതിനു പിന്നാലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കാണാന്‍ കുഞ്ഞാലിക്കുട്ടി ശ്രമം നടത്തിയത്. എന്നാല്‍ തല്‍ക്കാലം രാഷ്ട്രീയ നേതാക്കളെ കാണാനില്ലെന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സ്വീകരിച്ചത്. ഇതോടെ കുഞ്ഞാലിക്കുട്ടിക്ക് അദ്ദേഹത്തെ കാണാന്‍ പോലും കഴിയാതെ വരികയായിരുന്നു.

അതിനിടെ ഇടഞ്ഞുനില്‍ക്കുന്ന സാമുദായിക നേതാക്കളെ തിരികെയെത്തിക്കാന്‍ വലിയ ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. ചെന്നിത്തലയുടെ കേരള യാത്രയ്ക്ക് മുമ്പായി ഇവരെ അനുനയിപ്പിക്കാനാവുമെന്നും മുന്നണി പ്രതീക്ഷ വയ്ക്കുന്നു.

×