കോഴിക്കോട്: മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവയ്ക്കുന്നു. രാജി തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടാകും. ഇന്ന് ചേരുന്ന ലീഗ് നേതൃയോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചേക്കും.
സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം ഒഴിയുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ഉപതെരഞ്ഞെടുപ്പുകൂടി നടക്കുന്ന സാഹചര്യം ഒരുക്കാനാണ് ഇപ്പോഴത്തെ രാജി.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഒറ്റയ്ക്കുവരുമ്പോള്‍ അനവസരത്തില്‍ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കി എന്ന ആക്ഷേപം ഉണ്ടാകാതിരിക്കാനാണ് നേരത്തേ രാജിവച്ച് അസംബ്ലി തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകൂടി നടത്താനുള്ള കളമൊരുക്കുന്നത്.
ഇ അഹമ്മദിന്‍റെ മരണത്തെ തുടര്‍ന്നുള്ള ഒഴിവിലാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് ചുവടുമാറ്റിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മലപ്പുറത്ത് തുടര്‍ന്നു.
എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യം കൂടിയ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിന്‍റെ പൂര്‍ണ ചുമതലകളിലേയ്ക്ക് മടക്കി കൊണ്ടുവരാന്‍ തീരുമാനിച്ചത്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പൂര്‍ണ ചുമതലയും കുഞ്ഞാലിക്കുട്ടിക്ക് കൈമാറാന്‍ ഈ യോഗം തീരുമാനിച്ചിരുന്നു.
നേരത്തേ മലപ്പുറം ലോക്‌സഭാംഗമായി ഡല്‍ഹിക്കു പോയപ്പോഴും സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നും കുഞ്ഞാലിക്കുട്ടി പൂര്‍ണമായി മാറിനിന്നിരുന്നില്ല. പകരം എംകെ മുനീറും കെപിഎ മജീദും ഉള്‍പ്പെടെയുള്ള നേതൃത്വമാണ് കേരളത്തില്‍ ലീഗ് രാഷ്ട്രീയം നയിച്ചത്. എന്നാല്‍ അതുകൊണ്ട് കാര്യങ്ങള്‍ തൃപ്തികരമല്ലെന്ന പൊതു വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയെ തിരികെ വിളിച്ചത്.