പ്രധാനമന്ത്രി നരേന്ദ്ര മോദി റിയാദിലെത്തി, റിയാദ് ഗവര്‍ണറും, അംബാസിഡറും ചേര്‍ന്ന് സീകരിച്ചു. ഇന്ന്‍ നടക്കുന്ന മൂന്നാമത്  ഫൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കും.

author-image
admin
Updated On
New Update

റിയാദ്-  പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റിയാദിലെത്തി  സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ ഊഷ്മള സ്വീകരണം നല്‍കി . ഇന്നലെ രാത്രി റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിലെത്തിയ മോഡിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

Advertisment

publive-image

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രധാനമന്ത്രി ഇന്ന് ചർച്ചകൾ നടത്തുകയും റിയാദിൽ നടക്കുന്ന മൂന്നാമത്  ഫൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കും.

ഫൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുക്കുന്നതിന് നിരവധി രാഷ്ട്ര നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ഇന്നലെ രാത്രിയോടെ റിയാദിലെത്തിയിട്ടുണ്ട്.
ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ സ്ഥാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പുതിയ തലങ്ങളിലേക്ക് ഉയർത്തുമെന്ന് സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു തൊട്ടുമുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.

publive-image

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചും മൂന്നാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിന്റെ പ്ലീനറി സെഷനിൽ പങ്കെടുക്കുന്നതിനുമാണ് നരേന്ദ്ര മോഡി സൗദി അറേബ്യ സന്ദർശിക്കുന്നത്. സൽമാൻ രാജാവുമായി ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും.

ഉഭയകക്ഷി സഹകരണത്തെ കുറിച്ചും പൊതുതാൽപര്യമുള്ള മേഖലാ, ആഗോള പ്രശ്‌നങ്ങളും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തുന്ന ചർച്ചക്കിടെ വിശകലനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഊർജം, സുരക്ഷ, വ്യാപാരം, സാംസ്‌കാരികം അടക്കമുള്ള വിശാലമായ മേഖലകളിൽ സൗദി അറേബ്യയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിച്ചു വരികയാണ്. ഈ സന്ദർശനം ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കും.

publive-image

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ പരമ്പരാഗതമായി അടുത്ത സൗഹൃദ ബന്ധമുണ്ട്. ഇന്ത്യയുടെ ഊർജാവശ്യങ്ങൾക്ക് അവലംബിക്കാവുന്ന ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നാണ് സൗദി അറേബ്യ. 2019 ഫെബ്രുവരിയിൽ നടത്തിയ ന്യൂദൽഹി സന്ദർശനത്തിനിടെ ഇന്ത്യയിലെ മുൻഗണനാ മേഖലകളിൽ പതിനായിരം കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പ്രതിബദ്ധത സൗദി കിരീടാവകാശി പ്രകടിപ്പിച്ചിരുന്നു.

publive-image

പ്രതിരോധം, സുരക്ഷ, വ്യാപാരം, സംസ്‌കാരം, വിദ്യാഭ്യാസം, ജനകീയ തലത്തിലുള്ള ആശയ വിനിമയങ്ങൾ എന്നിവ സൗദി അറേബ്യയുമായുള്ള ഉഭയകക്ഷിബന്ധത്തിലെ പ്രധാന മേഖലകളാണ്. 2024 ഓടെ അഞ്ചു ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ പ്രയാണം നടത്തി വരികയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വർധിച്ചുവരുന്ന വ്യാപാര, നിക്ഷേപ അവസരങ്ങളെ കുറിച്ച് ആഗോള നിക്ഷേപകരുടെ മുന്നിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ താൻ സംസാരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഇന്ത്യന്‍ റുപേ കാര്‍ഡ്‌ പുറത്തിറക്കും നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്നും അറിവായിട്ടുണ്ട്.

Advertisment