ഫ്ലൈ ഓവർ നിർമാണത്തിൽ 225 കോടിയുടെ അഴിമതി; സിപിഎം കേന്ദ്രകമ്മിറ്റി അംഗം അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, October 23, 2019

അഗർത്തല: ഫ്ലൈഓവർ നിർമാണവുമായി ബന്ധപ്പെട്ട് ത്രിപുരയിലെ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ബാദൽ ചൌധരി അറസ്റ്റിലായി. ഹൃദ്രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ എംഎൽഎയാണ് ബാദൽ ചൌധരി. അതേസമയം പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്‍റെ ഭാഗമാണ് കേസെന്നാണ് സിപിഎം ആരോപിക്കുന്നത്.

2008-09ൽ ഫ്ലൈഓവർ നിർമാണത്തിന് 638 കോടിയുടെ പദ്ധതിക്കുവേണ്ടി 225 കോടി രൂപ അധികമായി ചെലവിട്ടതായാണ് കേസ്. മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് അധിക തുക ചെലവഴിച്ചതെന്നാണ് ആരോപണം. ഇതേ കേസിൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയർ സുനിൽ ഭൌമിക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറി യശ്പാൽ സിങും കേസിൽ പ്രതിയാണ്.

×