ഡല്‍ഹി : ഭീകരതയുടെ കരുത്തില്‍ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങള്‍ ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ഭീകരതയ്ക്ക് കഴിയില്ല. താലിബാന്റെ പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
/sathyam/media/post_attachments/SAueCI3TVezi7M8CKN8I.jpg)
നശീകരണശേഷിയുടെ കരുത്തില്‍ സാമ്രാജ്യം കെട്ടിപ്പടുക്കാമെന്നാണ് ഭീകരസംഘടനകള്‍ വിചാരിക്കുന്നത്. എന്നാല്‍ അതിന് ഏതാനും കാലം മാത്രമേ നിലനില്‍പ്പുള്ളൂ. എല്ലാക്കാലവും മനുഷ്യനെ അടിച്ചമര്‍ത്തി നിര്‍ത്താനാകില്ലെന്നും നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍കാര്‍ പരിശോധന നടത്തി. കാണ്ഡഹാറിലെയും ഹെരാത്തിലേയും അടഞ്ഞുകിടന്ന കോണ്‍സുലേറ്റ് ഓഫീസുകളിലാണ് താലിബാന്‍കാരെത്തിയത്. ഓഫീസില്‍ ഇവര്‍ രേഖകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി. ഓഫീസ് വളപ്പിലുണ്ടായിരുന്ന വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ആഗോളതലത്തില്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി വേണമെന്നും യുഎന്‍ രക്ഷാസമിതി സംഘചിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കവെ ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.
ഭീകരവാദത്തെ ന്യായീകരിക്കരുത്. കോവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഭീകരവാദം. എന്നാല്‍ ചില രാജ്യങ്ങളുടെ നിലപാട് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരര്‍ക്ക് ചിലര്‍ സുരക്ഷിത താവളം ഒരുക്കുന്നുണ്ടെന്നും പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് വിദേശകാര്യമന്ത്രി പറഞ്ഞു.
താലിബാന്‍ പ്രതികാര നടപടികള്‍ തുടങ്ങിയതായി യു എന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍, നാറ്റോ സേനകള്‍ക്ക് സഹായം നല്‍കിയവരെ കണ്ടെത്താന്‍ താലിബാന്‍ ഭടന്മാര്‍ വീടുതോറും കയറി പരിശോധന ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവര്‍ക്കും പൊതു മാപ്പ് നല്‍കുന്നതായും, ആര്‍ക്കെതിരെയും പ്രതികാര നടപടി ഉണ്ടാകില്ലെന്നുമാണ് കാബുള്‍ പിടിച്ചതിന് പിന്നാലെ താലിബാന്‍ പ്രഖ്യാപിച്ചിരുന്നത്.