സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ആയിരം കോടിയുടെ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സ്റ്റാര്‍ട്ടപ്പ് രംഗത്ത് കുതിച്ചുച്ചാട്ടത്തിനൊരുങ്ങി രാജ്യം; വിശദാംശങ്ങള്‍ ഇങ്ങനെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 16, 2021

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി 1000 കോടി രൂപയുടെ പ്രാരംഭ മൂലധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രാരംഭ്-സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി’യിലാണ് പ്രധാനമന്ത്രി ആയിരം കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചത്.

” രാജ്യത്ത് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വളരാന്‍ സഹായിക്കുന്നതിനായി ആയിരം കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് (പ്രാരംഭ മൂലധനം) ആരംഭിക്കുന്നു. ‘ഓഫ് ദ യൂത്ത്, ബൈ ദ യൂത്ത്, ഫോര്‍ ദ യൂത്ത്’ എന്ന തത്വത്തില്‍ അധിഷ്ഠിതമായി ഒരു സ്റ്റാര്‍ട്ടപ്പ് സിസ്റ്റം സൃഷ്ടിക്കാനാണ് ശ്രമം’-പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ കമ്പനികള്‍ അതിജീവനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയെ സ്വയംപര്യാപ്തയ്ക്ക് പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് ഇന്ത്യ. 41,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ ഐടി മേഖലയില്‍ 5700 സ്റ്റാര്‍ട്ടപ്പുകളും, ആരോഗ്യമേഖലയില്‍ 3600-ഉം, കാര്‍ഷിക മേഖലയില്‍ 1700 സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തെ ബിസിനസുകളുടെ ഡെമോഗ്രാഫിക് സ്വഭാവം മാറ്റുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പണ്ട് സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ജോലിക്ക് ശ്രമിക്കാത്തതെന്ന് ആളുകള്‍ ചോദിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ജോലി ചെയ്യുന്നതിനെക്കുറിച്ച് പറയുമ്പോള്‍ എന്തുകൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ശ്രമിക്കുന്നില്ലെന്നായി ആളുകളുടെ ചോദ്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

”ഇത് ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലഘട്ടമാണ്. ഭാവിയിലെ സംരഭകര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കണമെന്നത് കാലത്തിന്റെ ആവശ്യമാണ്. ഭാവിയിലെ സാങ്കേതിക വിദ്യ രൂപപ്പെടുന്നത് ഏഷ്യന്‍ ലാബുകളില്‍ നിന്നായിരിക്കണം”-നരേന്ദ്ര മോദി പറഞ്ഞു.

വാണിജ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പ്രാരംഭ്-സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി’യുടെ രണ്ടാമത്തേയും അവസാനത്തേയും ദിവസമായിരുന്നു ഇന്ന്.

×