പിഎം കെയറില്‍ നിന്ന് ലഭിച്ച വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യം; നൂറുകണക്കിന് വെന്റിലേറ്ററുകള്‍ കെട്ടിക്കിടക്കുന്നെന്ന് പഞ്ചാബിലെ ഡോക്ടര്‍മാര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, May 13, 2021

ഡല്‍ഹി: പിഎം കെയേഴ്‌സ് ഫണ്ടിനു കീഴില്‍ ലഭിച്ച നൂറുകണക്കിന് വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്ന ആരോപണവുമായി പഞ്ചാബിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ലഭിച്ച വെന്റിലേറ്ററുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണെന്നും നന്നാക്കാനാകുന്ന അവസ്ഥയിലുള്ളവയല്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അമൃത്‌സര്‍, പട്യാല, ഫരീദ്‌കോട്ട് എന്നിവിടങ്ങളിലെ മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലഭിച്ച വെന്റിലേറ്ററുകളാണ് ഉപയോഗിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. സ്ഥിതി കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടും അവ പരിശോധിക്കേണ്ട ആദ്യത്തെ സെറ്റ് എഞ്ചിനീയര്‍മാര്‍ വരും ദിവസങ്ങളില്‍ എത്തുമെന്ന് മാത്രമേ അറിയിപ്പ് ലഭിച്ചിട്ടുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗികളില്‍ ഉപയോഗിക്കുന്നതിനിടെ സ്വന്തമായി ഓഫാകുന്ന അനുഭവങ്ങളുണ്ടായിട്ടുള്ളതിനാല്‍ പ്രവര്‍ത്തിക്കുന്ന വെന്റിലേറ്ററുകള്‍ പോലും ഉപയോഗിക്കാന്‍ ജീവനക്കാര്‍ മടിക്കുകയാണെന്ന് ഈ മൂന്ന് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ബാബ ഫരീദ് മെഡിക്കല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലര്‍ ഡോ. രാജ് ബഹാദൂര്‍ ദി പ്രിന്റിനോട് പറഞ്ഞു.

ഫരീദ്‌കോട്ട് മെഡിക്കല്‍ കോളേജിന് 113 വെന്റിലേറ്ററുകള്‍ ലഭിച്ചതില്‍ 23 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു, അമൃത്‌സര്‍ മെഡിക്കല്‍ കോളേജിന് 109 വെന്റിലേറ്ററുകള്‍ ലഭിച്ചു, അതില്‍ 12 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

പട്യാല മെഡിക്കല്‍ കോളേജിന് 98 വെന്റിലേറ്ററുകള്‍ ലഭിച്ചു, അതില്‍ 48 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നും ബാക്കിയുള്ളവ പ്രവര്‍ത്തനരഹിതമാണെന്നും ഡോ. രാജ് ബഹാദൂര്‍ പറയുന്നു.

×