അഹമ്മദാബാദ്; മാതാവ് ഹീരാബെന്‍ മോദിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീണ്ടും ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ച് പ്രധാനമന്ത്രി. നേരത്തെ ചാര്‍ട്ട് ചെയ്തിരുന്ന ചടങ്ങുകള്‍ ഒന്നും നരേന്ദ്ര മോദി മുടക്കം വരുത്തിയില്ല. നിശ്ചയിച്ച പ്രകാരം രാവിലെ 11.30ന് പശ്ചിമബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. ഓണ്‍ലൈനായാണ് അദേഹം ഉദ്ഘാടനം ചെയ്തത്. ഏറ്റവും തിരക്കേറിയ റൂട്ടായ ഹൗറ-ന്യൂ ജല്‍പായ്ഗുരി റൂട്ടിലായിരിക്കും വന്ദേ ഭാരത് സര്‍വീസ് നടത്തുക.വന്ദേമാതരം എന്ന വാക്കുകള്‍ പിറന്ന നാടിന് കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനമാണ് വന്ദേഭാരതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചതോടെ വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള കവാടമായ കൊല്‍ക്കത്തയ്ക്കും സിലിഗുരിക്കുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയും.. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് ഉണ്ടാവുക. ഏഴരമണിക്കൂര്‍കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവും. രാവിലെ ആറുമണിക്ക് ഹൗറ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷനിലെത്തും, വടക്കന്‍ ബംഗാള്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ഹൗറയിലെത്തും.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അധ്യഷത വഹിച്ച ചടങ്ങില്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പങ്കെടുത്തു. 7.45 മണിക്കൂര്‍ കൊണ്ട് 564 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് ട്രെയിന്‍ റൂട്ടിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂര്‍ യാത്രാ സമയം ലാഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബര്‍സോയ്, മാള്‍ഡ, ബോള്‍പൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് സ്റ്റോപ്പുകളുണ്ടാകും.
വടക്കന്‍ ബംഗാളിലെയും സിക്കിമിലെയും ഹിമാലയത്തിലേക്ക് യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാര്‍, തേയില വ്യവസായ എക്‌സിക്യൂട്ടീവുകള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് പുതിയ ട്രെയിന്‍ ഉപകാരപ്പെടും. അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനില്‍ ഡ്രൈവര്‍മാര്‍ക്കുള്ള രണ്ട് കോച്ചുകള്‍ ഉള്‍പ്പെടെ 16 കോച്ചുകളാണുള്ളത്.
ഇന്നു പുലര്‍ച്ചെ അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററില്‍ വെച്ചാണ് പ്രധാനമന്ത്രിയുടെ മാതാവ് അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണവിവരമറിഞ്ഞ് ഡല്‍ഹിയിലായിരുന്ന പ്രധാനമന്ത്രി ഉടന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. തുടര്‍ന്ന് രാവിലെ പത്തോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് അദേഹം വീണ്ടും ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ചത്.
അമ്മയുടെ മരണത്തെക്കുറിച്ച് മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗര്‍ ആണ് സ്വദേശം. ചായ വില്‍പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ ചെറുപ്പത്തില്‍തന്നെ വിവാഹം കഴിച്ചു. ആറു മക്കളില്‍ മൂന്നാമാനാണ് മോദി.
നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകള്‍ വാസന്തിബെന്‍ ഹസ്മുഖ്ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്.