ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ ശക്തമായി പ്രതിരോധിക്കാന്‍ എന്‍.ഡി.എ എംപിമാരോടു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. നിയമത്തെ പ്രതിരോധിക്കാന്‍ യാതൊരു വിമുഖതയും കാണിക്കേണ്ട കാര്യമില്ല. നിയമം വിവേചനപരമാണെന്ന് അവകാശപ്പെടുന്ന എല്ലാവരെയും എതിര്‍ക്കണം.
സര്‍ക്കാര്‍ പൗരന്മാരെ വേര്‍തിരിക്കുന്നില്ലെന്ന് എല്ലാ അവസരങ്ങളിലും സ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടന്ന എന്‍.ഡി.എ നേതാക്കളുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
'പൗരത്വ ഭേദഗതി നിയമത്തില്‍ ചിലര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. മുസ്ലിംകള്‍ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ്, അവര്‍ക്ക് മറ്റുള്ളവരെപ്പോലെ തുല്യ അവകാശങ്ങളും കടമകളും ഉണ്ട്.' - മോഡി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം, ബോഡോ സമാധാനക്കരാര്‍, കര്‍താര്‍പുര്‍ ഇടനാഴി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നീ സര്‍ക്കാര്‍ നടപടികളെ പിന്തുണച്ചുകൊണ്ടു യോഗത്തില്‍ പ്രമേയം പാസാക്കി.
പൗരത്വ നിയമ ഭേദഗതിയിലൂടെ പ്രധാനമന്ത്രി മഹാത്മാ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിച്ചെന്നു പ്രമേയത്തില്‍ പറയുന്നു. എന്‍.ഡി.എ കക്ഷികളുടെ വിവിധ നേതാക്കളെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു.
പൗരത്വ നിയമത്തിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയെന്നു ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു. പ്രതിഷേധങ്ങളുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തും. വാഗ്വാദങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
ഏതെങ്കിലും മതവിഭാഗത്തെ മാറ്റിനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ച് പറയുമ്പോഴും വിവാദ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ്. പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞദിവസം ജാമിയ മില്ലിയ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്കു നടത്തിയ മാര്‍ച്ചിനു നേരേ പതിനേഴുകാരന്‍ വെടിയുതിര്‍ത്തിരുന്നു.