പാക്കേജുകൾ കൊണ്ട് കാര്യമില്ല; ജനങ്ങളുടെ കയ്യിൽ നേരിട്ട് പണമെത്തിക്കുകയാണ് വേണ്ടത്; കാൽനടയായി കിലോമീറ്ററുകളോളം താണ്ടുന്ന അതിഥി തൊഴിലാളികളാണ് രാജ്യത്തിന്റെ യഥാർഥ ചിത്രം; ‘ആത്മനിര്‍ഭര്‍ അഭിയാൻ’ സാമ്പത്തിക പാക്കേജിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 16, 2020

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ അഭിയാൻ’ സാമ്പത്തിക പാക്കേജിനെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാക്കേജുകൾ കൊണ്ട് കാര്യമില്ലെന്നും ജനങ്ങളുടെ കയ്യിൽ നേരിട്ട് പണമെത്തിക്കുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു. ലോക്ഡൗണില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് നിലവിലെ പാക്കേജ് അപര്യാപ്തമാണ്.

അതിഥി തൊഴിലാളികൾക്ക് രാജ്യമൊന്നാകെ തുണയാകണം. കാൽനടയായി കിലോമീറ്ററുകളോളം താണ്ടുന്ന അതിഥി തൊഴിലാളികളാണ് രാജ്യത്തിന്റെ യഥാർഥ ചിത്രം. ഇവരിലാണ് രാജ്യത്തിന്റെ ഭാവി. ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ ചേർത്തു നിർത്തണം. വിദേശ ഏജൻസികളുടെ റേറ്റിങ്ങിനെ കുറിച്ചല്ല ഈ ഘട്ടത്തിൽ ആശങ്കപ്പെടേണ്ടത്.

കർഷകരും െതാഴിലാളികളുമാണു രാജ്യത്തെ നിർമിച്ചെടുക്കുന്നതെന്ന് പ്രധാനമന്ത്രി ഓർക്കണം. അക്കൗണ്ടുകളിലൂടെ നേരിട്ടു പണമെത്തിക്കാൻ നടപടി വേണം. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ജാഗ്രതയുണ്ടാകണം. കോവിഡിനെതിരെ കേരളത്തിന്‍റെ പ്രതിരോധം മാറിമാറി വന്ന സര്‍ക്കാരുകളുടെയും ജനങ്ങളുടെയും വിജയമാണെന്നും രാഹുല്‍ വ്യക്തമാക്കി.

×