വിട്ടേക്കൂ

Tuesday, March 16, 2021

ഗിരീഷ് മാരേങ്ങലത്ത്

ചില നദികൾ അങ്ങനെയാണ്.
സ്വച്ഛന്ദമായൊരൊഴുക്ക്
അതിനൊരിക്കലും സാധ്യമല്ല.

സ്വന്തം വഴികളിൽനിന്ന്
പലപ്പോഴുമത്
തെന്നിമാറിയൊഴുകുന്നതുകണ്ട്
പലരും
വാ പൊളിച്ചു നിന്നിട്ടുണ്ടാവണം.
മനസ്സുകൊണ്ടുറക്കെ
പ്രാകിയിട്ടുണ്ടാവണം.
നേരം വെളുക്കുന്നതുവരെ
കുറ്റം പറഞ്ഞിട്ടുണ്ടാവണം.

ഒരിക്കലും ആഗ്രഹമുണ്ടായിട്ടല്ലെന്നും
മലമുകളിൽനിന്ന്
ഉറവയെടുത്തപ്പോഴേ
ഒപ്പം കൂടിയ
ചുഴികളിൽപ്പെട്ടു
നട്ടം തിരിയുകയാണ്
നദിയുടെ ഹൃദയമെന്നും
നാം കാണാതെ പോകരുത്.
നദി തഴുകി സമ്പന്നമാക്കിയ
കരകളുടെ പച്ചപ്പ്
നാം മറന്നു പോകരുത്.

ഒരുപക്ഷേ,
ചുഴിയടങ്ങുമ്പോൾ
നദി വീണ്ടും
നേർവഴിയിൽ
ഒഴുകിത്തുടങ്ങിയേക്കാം.
അല്ലെങ്കിൽ,
പുതിയ വഴികൾ തീർത്ത്
അതങ്ങനെ
ഒഴുകിയകന്നേക്കാം.
വിട്ടേക്കൂ…

×