വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി യുവാവുമായി സൗഹൃദം സ്ഥാപിച്ചു; വാട്‌സാപ്പിലൂടെ പ്രലോഭിപ്പിച്ച് സ്വകാര്യചിത്രങ്ങള്‍ കരസ്ഥമാക്കി; തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടി: തിരുവനന്തപുരം സ്വദേശിയെ ഹണിട്രാപ്പില്‍ കുരുക്കിയ രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, November 26, 2020

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ കുരുക്കിയ പണം തട്ടിയ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. പ്രതികളെ രാജസ്ഥാനില്‍ ചെന്നാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്. രാജസ്ഥാനിലെ കാമൻ സ്വദേശികളായ നഹർസിങ്, സുഖ്ദേവ് സിങ് എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് പിടികൂടിയത്.

ഫേസ്ബുക്കില്‍ അങ്കിത് ശര്‍മ്മ എന്ന വ്യാജ പ്രൊഫൈലിലൂടെയാണ്‌ പ്രതികള്‍ യുവാവുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വാട്‌സാപ്പ് വഴി സൗഹൃദം തുടര്‍ന്നു. ഇതിനിടെ യുവാവിനെ പ്രലോഭിപ്പിച്ച് സ്വകാര്യചിത്രങ്ങളും കരസ്ഥമാക്കി.

ചിത്രങ്ങള്‍ ലഭിച്ചയുടനെ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ യുവാവില്‍ നിന്ന് പണം തട്ടുകയായിരുന്നു. ഇ-വാലറ്റുകള്‍ വഴി പതിനായിരത്തോളം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് യുവാവിന്റെ പരാതി.

പ്രതികളുടെ ഫേസ്ബുക്ക്, വാട്സാപ്പ്, ഇ-വാലറ്റ് വിലാസങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ പൊലീസ് കേസിൽ അന്വേഷണം നടത്തിയത്. രാജസ്ഥാനിലെ ഭരത്‌പുർ മേഖലയിലാണ് പ്രതികളുടെ താവളമെന്നും ഇവിടം കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ അരങ്ങേറുന്നതെന്നും കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെ അന്വേഷണസംഘം രാജസ്ഥാനിലെത്തി ജിയോ മാപ്പിങ് ഉൾപ്പെടെ ഉപയോഗിച്ച് രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

×