ഇടുക്കിയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി എട്ടുവയസുകാരി മരിച്ച സംഭവം കൊലപാതകം ; തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് , പ്രതിയെന്ന് സംശയിക്കുന്ന മദ്ധ്യവയസ്കന്‍ നിരീക്ഷണത്തില്‍ 

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, September 17, 2019

ഇടുക്കി: ഇടുക്കിയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി എട്ടുവയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെന്ന് സംശയിക്കുന്ന മദ്ധ്യവയസ്കന്‍ പൊലീസിന്റെ നിരീക്ഷണത്തില്‍.

ഡോഗ്സ്വാകഡും വിരലടയാള വിദഗ്ധരും കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സാഹചര്യതെളിവുകള്‍ ശേഖരിച്ച മൂന്നാര്‍ പൊലീസ് പ്രതിയെ കണ്ടെത്തി കഴിഞ്ഞതായാണ് സൂചന. ഇയാളെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘം എസ്റ്റേറ്റില്‍ ക്യാമ്പ് ചെയ്യുകയാണ്. ദ്യക്സാക്ഷികളില്ലാത്ത കേസായതിനാല്‍ സാഹചര്യതെളിവുകള്‍ ശേഖരിച്ചാവും പ്രതിയെ അറസ്റ്റ് ചെയ്യുക.

ഗുണ്ടുമല എസ്റ്റേറ്റ് അപ്പര്‍ ഡിവിഷനിലുള്ള എസ്റ്റേറ്റ് ലയത്തിലെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയ്ക്കുള്ളിലെ കട്ടിലില്‍ കഴുത്തില്‍ കുരുക്ക് മുറുകിയ നിലയിലായിരുന്നു മൃതദേഹം. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നു മുത്തശ്ശി അടുത്ത വീട്ടിലായിരുന്നു.

കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മടങ്ങിയെത്തിയ മുത്തശ്ശി കട്ടിലില്‍ നിശബ്ദയായി കിടന്ന കുട്ടിയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ സംഭവം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ കയര്‍ കുരുക്കിയതായി കണ്ടെത്തിയത്.

ഊഞ്ഞാലാടുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയതാണെന്ന് അയല്‍വാസികളും ബന്ധുക്കളും അറിയിച്ചെങ്കിലും മരണത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയതോടെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്.

×