പത്ത് കിലോ മാങ്ങ മോഷ്ടിച്ച പോലീസ് നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതി

author-image
Charlie
Updated On
New Update

publive-image

വിശപ്പകറ്റാന്‍ ഭക്ഷണം മോഷ്ടിച്ച ആദിവാസി യുവാവിനെ സദാചാര പൊലീസുകാര്‍ തല്ലിക്കൊന്ന കേരളത്തില്‍ പൊലീസ് സേനയ്ക്ക് മാനക്കേടുണ്ടാക്കിയ മാങ്ങാ കള്ളനായ പൊലീസുകാരനെ പത്തുദിവസമായിട്ടും പിടിക്കാന്‍ മഷിയിട്ടു നോക്കിയിട്ടും കഴിയുന്നില്ല.

ഏതു പ്രതിയെയും രാക്കുരാമാനം പൊക്കാന്‍ കഴിവുള്ള പൊലീസുകാരുള്ള നാട്ടില്‍ കള്ളന്‍ പൊലീസ് ഒളിവില്‍ വിലസുന്നത് ചില ഏമാന്‍മാരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്ബോള്‍ പൊടിപോലും കണ്ടു പിടിക്കാനില്ലെന്നാണ് വല്യ ഏമാന്‍മാരുടെ ഭാഷ്യം. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ മാങ്ങാകള്ളന്‍ ഉടന്‍ പൊങ്ങും അതുവരെ അണ്ടര്‍ഗ്രൗണ്ടില്‍ വിലസുകയാണ്.

Advertisment

'വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ നിങ്ങള്‍ കള്ളനെന്ന് വിളിച്ചില്ലേ .. എന്ന അയ്യപ്പപ്പണിക്കരുടെ കവിത പോലെ ആളും പേരുമില്ലാത്ത പൊതുവഴിയില്‍ കുട്ടയില്‍ മൂടിയിട്ടിരുന്ന പത്തുകിലോ മാങ്ങാ നട്ടപ്പാതിരാക്ക് സ്കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ചു വീട്ടില്‍ കൊണ്ടു പോയ പാവം കാക്കികുപ്പായക്കാരനെ കള്ളനെന്ന് വിളിക്കാമോ എന്നാണ് പൊലീസ് ഭാഷ്യം. കോഴിയെ കട്ടത് പൊരിച്ചു തിന്നാനായിരുന്നുവെന്ന് അയ്യപ്പപ്പണിക്കരുടെ കള്ളന്‍ പറയുന്നത് പോലെ മാങ്ങാ കട്ടത് പൂളി തിന്നാനായിരുന്നുവെന്നണ് മറുപടി.

കട ഉടമ വച്ച സി.സി ടി.വി കാമറയില്‍ നട്ടപ്പാതിരായ്ക്ക് നടത്തിയ മോഷണം പതിഞ്ഞതു കൊണ്ട് ഏമാന്‍ പിടിയിലായി. കാമറാ ഇല്ലായിരുന്നെങ്കില്‍ വല്ല പാവങ്ങളെയും കള്ളനാക്കി ഇടിച്ചു ഇഞ്ച പരുവമാക്കിയേനേ. മാങ്ങാമോഷണം ജാമ്യമില്ലാ വകുപ്പ് ചാര്‍ത്താവുന്ന കുറ്റമല്ല . സ്റ്റേഷന്‍ ജാമ്യത്തില്‍ എളുപ്പത്തില്‍ പുറത്ത് ഇറങ്ങാമെന്ന കുറ്റമേയുള്ളൂവെങ്കിലും നിയമപാലകന്‍ കള്ളന് കഞ്ഞിവച്ചവനായി മാറിയത് തെളിവ് സഹിതം സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് പ്രശ്നമായി സസ്പെന്‍ഷനില്‍ കലാശിക്കാന്‍ കാരണം.

മാങ്ങാ മോഷണം നടത്തിയ ഏമാന്‍ ആള്‍ ചില്ലറക്കാരനൊന്നുമല്ല . കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ നഴ്സിനെ വിവാഹ വാഗ്ദാന നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു. റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഇവരെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനും ശ്രമിച്ച കേസിലും പ്രതിയാണ് .

ഡ്യൂട്ടിയിലല്ലാത്തപ്പോഴും പൊലീസ് വേഷത്തില്‍ നാട്ടുകാരെ വിരട്ടല്‍. സകല മാഫിയകളുടെയും ഉറ്റബന്ധു, ശബരിമല അയ്യപ്പനെ കാണാന്‍ ക്യൂവില്‍ നില്‍ക്കാതെ വി.ഐ.പി ദര്‍ശനം നടത്താന്‍ പിരിവു നടത്തിയ വീരന്‍ തുടങ്ങി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും അന്വേഷണം മുന്നോട്ടു നീക്കാതെ പൊലീസ് സേനയിലെ ചില ഉന്നതര്‍ സംരക്ഷിച്ചു പോന്ന ഏമാനാണ് ഇപ്പോള്‍ മാങ്ങാ മോഷണകുറ്റത്തിന് ഒളിവില്‍ പോയത്.

കള്ളനെ കുറുക്കന് കാവല്‍ ഏല്‍പ്പിച്ചതു പോലെ , വേലി തന്നെ വിളവ് തിന്നതു പോലെ തുടങ്ങിയവ നാടന്‍ പഴംചൊല്ലാണെങ്കിലും പൊലീസ് സേനയില്‍ പലപ്പോഴും ഇതാണ് നടക്കാറുള്ളത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് സേനയില്‍ കൂടതലെന്ന് ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തന്നെ അടുത്ത നാളില്‍ പറഞ്ഞിരുന്നു.

ഇത്തരംക്രിമിനലുകളുടെ എണ്ണം കൂടിയതുകൊണ്ടാകാം ആരെയും പിരിച്ചു വിടാതെ നാട്ടുകാരുടെ നെഞ്ചത്ത് ലെഫ് റൈറ്റ് അടിക്കാന്‍ സേനയില്‍ വച്ചുപൊറുപ്പിക്കുന്നത് . തൂറിയവനെ ചുമന്നാല്‍ ചുമന്നവനും നാറുമെന്ന പഴംചൊല്ല് വല്യ ഏമാന്‍മാര്‍ ഓര്‍ത്താല്‍ നന്ന്..

Advertisment