കൊച്ചി: സിറോ മലബാര്‍ സഭ 'വക്താവ്' ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയതിന് പാലാരിവട്ടം പോലീസിന്റെ പിടിയിലായ ബിനു പി ചാക്കോയെകുറിച്ച് പുറത്തുവരുന്നത് നിരവധി ആരോപണങ്ങള്‍. ജോലി വാഗ്ദാനം ചെയ്തും വിവിധ കോഴ്‌സുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്തും നിരവധി പേരെയാണ് ബിനു തട്ടിപ്പിന് വിധേയമാക്കിയത്. ബിനുവിന്റെ തട്ടിപ്പിനിരയായവരില്‍ സമൂഹത്തിന്റെ താഴേത്തട്ടുമുതല്‍ വലിയ പ്രമാണികള്‍വരെയുണ്ടെന്നതാണ് കൌതുകം.
റെയില്‍വേയുടെ വ്യാജരേഖയുണ്ടാക്കി വ്യാജകരാര്‍ നല്‍കി കോടികള്‍ തട്ടിപ്പു നടത്തിയ കേസില്‍ ബിനുവിന്റെ ഇരയായത് ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ അടുത്ത ബന്ധുവായിരുന്നു. റെയില്‍വേയിലെ ചില ജീവനക്കാരുടെ കൂടെ നടത്തിയ ഈ തട്ടിപ്പില്‍ ബിനു ചാക്കോയാണ് മുഖ്യപ്രതി. കരാര്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് നല്‍കി കരാറെടുത്ത ഉന്നതന്റെ കയ്യില്‍ നിന്നും ഇയാള്‍ കോടികളാണ് അടിച്ചെടുത്തത്.
ഈ കേസ് ഇപ്പോഴും കോടതിയില്‍ വിചാരണ നടക്കുന്നുണ്ട്. ഇതിനിടെ ബിനുവിന്റെ തട്ടിപ്പിനിരയായവരില്‍ മനോരമയില്‍ നിന്നും വിരമിച്ച ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമുണ്ട്. നിയമനിര്‍മ്മാണ സഭയില്‍ അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് അന്നു ബിനു അഞ്ചു ലക്ഷം രൂപയാണ് ഇദ്ദേഹത്തില്‍ നിന്നും തട്ടിയെടുത്തത്.
പണം പോയെങ്കിലും അതു പുറത്തറിഞ്ഞാല്‍ നാണക്കേട് ഭയന്ന് ഇദ്ദേഹം ഇക്കാര്യം ഇതുവരെ പരാതിയായി ഉന്നയിക്കാന്‍ തയ്യാറായിട്ടില്ല. കോഴിക്കോട് സ്വദേശിനിയായ ഒരാള്‍ക്ക് ഒരുലക്ഷം രൂപയാണ് ബിനുവുമായുള്ള സൗഹൃദത്തിന്റെ പേരില്‍ നഷ്ടപ്പെട്ടത്. സഭയിലെ വിഷയങ്ങള്‍ പറഞ്ഞ് അടുത്തുകൂടി ബന്ധം സ്ഥാപിച്ച ശേഷമാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്.
ആദ്യം വാങ്ങിയ പണം കൃത്യമായി തിരിച്ചു നല്‍കി. പിന്നീട് കൂടുതല്‍ തുക ചോദിക്കുകയും അതു കിട്ടിയ ശേഷം ഫോണെടുക്കാതെ ഇരിക്കുകയും ചെയ്തതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് ഇവര്‍ക്ക് മനസിലായത്. പണം നഷ്ടപ്പെട്ട വിവരം വീട്ടുകാരറിഞ്ഞാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകുമെന്ന് ഭയന്ന് ആരെയും ഇക്കാര്യം അറിയിക്കാതെ ഇരിക്കുകയാണ് രണ്ടു വര്‍ഷമായിട്ടും അധ്യാപികയായ ഈ സ്ത്രീ.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ പാവപ്പെട്ട ഒരു യൂത്ത്‌കോണ്‍ഗ്രസ് നേതാവില്‍ നിന്നും ബിനു പണം തട്ടിയിരുന്നു. പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയത്. തെരഞ്ഞെടുപ്പിന് മുമ്പ് അഡ്വാന്‍സ് ആയി 50000 രൂപയാണ് ഇയാള്‍ വാങ്ങിയെടുത്തത്.
പണം നഷ്ടപ്പെട്ട യുവാവ് പരാതി നല്‍കാന്‍ ഒരുക്കമല്ലെന്നാണ് വിവരം. സഭയിലെ വിവിധ കേസുകളില്‍ ഇടപെടുന്നയാളാണെന്ന നിലയില്‍ പല വൈദീകരോടും ബിനു ചെറിയ തുകകള്‍ മുതല്‍ വാങ്ങിയിരുന്നതായും വിവരമുണ്ട്. ബിനുവിന്റെ ചതിക്കുഴിയില്‍ വീണ നിരവധിപ്പേര്‍ ഇനിയും പരാതി നല്‍കാന്‍ ഒരുക്കമല്ലെന്നതാണ് പോലീസ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം.
അതിനിടെ ബിനുവിന്റെ സാമ്പത്തിക വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് ഇയാള്‍ പലയിടത്തു സ്ഥലം വാങ്ങികൂട്ടിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ധൂര്‍ത്തടിച്ചു ചിലവഴിച്ചതുകൊണ്ടു മാത്രം തീര്‍ന്ന് പോകുന്നത്രയല്ല ബിനു തട്ടിപ്പിലൂടെ നേടിയത്.
പോക്കറ്റ് ചോരുന്നതരം ചില ഇടപാടുകളും ബിനുവിന്‍റെ കൈവശം ഉണ്ടായിരുന്നുവെങ്കിലും അതുകൊണ്ടും ഇത്രമാത്രം പണം തീരില്ലെന്നാണ് പോലീസിന്‍റെ നിഗമനം. ഈ സാഹചര്യത്തില്‍ അടുത്ത ദിവസം ബിനുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ നീക്കം. ഇതിനിടെ ബിനു ചാക്കോ അറസ്റ്റിലാകുമ്പോള്‍ താമസിച്ച കോട്ടയത്തെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് ബിനുവിന് നല്കിയ ഉന്നതന്‍റെ ഇടപെടലുകളും സംശയത്തിന്റെ നിഴലിലാണ്.