ഞാന്‍ മരിച്ചാല്‍ ശവപ്പെട്ടിക്ക് പകരം എന്നെ മെഴ്‌സിഡസ് ബെന്‍സില്‍ അടക്കം ചെയ്യണം ; വിചിത്ര ആഗ്രഹവുമായി രാഷ്ടീയ നേതാവ് ; ഒടുവില്‍ മരണശേഷം ആഗ്രഹം സഫലമാക്കി മക്കള്‍ ; സംഭവം ഇങ്ങനെ…

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, April 9, 2020

ഈസ്റ്റേൺ കേപ്പിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ (യുഡിഎം) മുൻ നേതാവായിരുന്ന ഷ്‌കെഡെ ബഫ്ടൺ പിറ്റ്‌സോ. കഴിഞ്ഞ ആഴ്ച അദ്ദേഹം നിർത്തിയിട്ടിരുന്ന വണ്ടിയുടെ അടുത്തേയ്ക്ക് നടന്നടുക്കുമ്പോഴാണ് കുഴഞ്ഞുവീണു മരിച്ചത്. അദ്ദേഹത്തിന്റെ പ്രതാപകാലത്ത് അനവധി ആഡംബര മെഴ്‌സിഡസ് കാറുകൾ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു.

എന്നാൽ, അടുത്ത കാലത്തായി അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യം തകർന്നതിനെ തുടർന്ന് അവ എല്ലാം അദ്ദേഹത്തിന് വിൽക്കേണ്ടി വന്നു. എന്നിരുന്നാലും ഒരു സെക്കൻഡ് ഹാൻഡ് മെഴ്‌സിഡസ് ബെൻസ് വാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞു. അത് ബ്രേക്ക് ഡൗൺ ആയിട്ടും, പണി മുടക്കിയിട്ടും അദ്ദേഹം അത് ഉപേക്ഷിച്ചില്ല. വീടിന്റെ ഓരത്ത് പാർക്ക് ചെയ്തിട്ടിരിക്കുന്ന തന്റെ പ്രിയപ്പെട്ട വണ്ടിയിൽ ഷ്കെഡെ ഒരുപാട് സമയം ചിലവഴിക്കുമായിരുന്നു. അതിൽ ഇരുന്ന് അദ്ദേഹം ഒരുപാട് നേരം കാർ റേഡിയോ കേട്ടുകൊണ്ടിരിക്കും.

തന്റെ ഏറ്റവും പ്രിയപ്പെട്ട മെഴ്‌സിഡസിൽ സമയം ചിലവഴിക്കുന്നത് അദ്ദേഹം ശരിക്കും ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന് ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ടത് ആ വാഹനമായിരുന്നു. ഒടുവിൽ സമയം വരുമ്പോൾ, തന്നെ അതിൽ അടക്കം ചെയ്യണമെന്ന് അദ്ദേഹം കുടുംബത്തോട് ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ അവർ അദ്ദേഹത്തിന്റെ ആഗ്രഹത്തെ മാനിച്ചു.

ഈസ്റ്റ് കേപ്പിലെ ഒരു ജനപ്രിയ നേതാവായിരുന്ന പിറ്റ്‌സോ യു‌ഡി‌എമ്മിന്റെ ധീരനും ശക്തനുമായ ഒരു പിന്തുണക്കാരനായിരുന്നു. കോവിഡ് -19 ലോക്ക്ഡൗൺ ആയിരുന്നിട്ടും അദ്ദേഹത്തിന്റെ അസാധാരണമായ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ആളുകൾ ചുറ്റും തടിച്ചുകൂടി. അദ്ദേഹത്തെ ഈ വിധം അടക്കുക എന്നത് വളരെ ശ്രമകരായ ഒന്നായിരുന്നു എന്ന് ശവസംസ്കാരത്തിന്റെ ചുമതലയുള്ള പാർലർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു

എട്ട് അടി താഴ്ചയുള്ള കുഴിയെടുത്താണ് അദ്ദേഹത്തെയും വണ്ടിയെയും അടക്കിയത്. നിരവധി ആളുകൾ ഒത്തുചേർന്നാണ് ആ വാഹനം കുഴിയിലേക്ക് ഇറക്കിയത്. വിചിത്രമായ ഈ ശവസംസ്കാര ചടങ്ങിൽ എടുത്ത ഫോട്ടോകൾ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. തന്റെ പ്രിയപ്പെട്ട മെഴ്‌സഡസിന്റെ ഡ്രൈവർ സീറ്റിൽ സീറ്റ് ബെൽറ്റും കൈകളിൽ സ്റ്റീയറിങ്ങുമായി അദ്ദേഹം ഇരിക്കുന്നത് ചിത്രങ്ങളിൽ കാണാം. പിറ്റ്സോ കുടുംബത്തിന്റെ ശ്മശാന സ്ഥലത്ത് തന്നെയാണ് അദ്ദേഹത്തിനും കുഴിയെടുത്തത്.

“എന്റെ പിതാവ് ഒരുകാലത്ത് സമ്പന്നനായ ഒരു ബിസിനസുകാരനായിരുന്നു, മെഴ്‌സ‌ിഡസ് കാറുകളുടെ ഒരു വലിയ ശേഖരം തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ, ഒടുവിൽ അതെല്ലാം നഷ്ടമായി” ഷ്കെഡെയുടെ 49 വയസ്സുള്ള മകൾ സെഫോറ ലെറ്റ്‌സ്വാക്ക മാധ്യമങ്ങളോട് പറഞ്ഞു. “ഏകദേശം രണ്ട് വർഷം മുമ്പാണ് അദ്ദേഹം ഒരു സെക്കൻഡ് ഹാൻഡ് മെഴ്‌സിഡസ് ബെൻസ് വാങ്ങിയത്.

അത് പണിമുടക്കിയിട്ടും, അദ്ദേഹം അത് കളയാൻ തയ്യാറായില്ല. അദ്ദേഹത്തിന് അത് ഓടിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഒരുപാട് സമയം അദ്ദേഹം അതിൽ ചെലവഴിക്കുമായിരുന്നു. സമയം വരുമ്പോൾ ആ വാഹനത്തിൽ തന്നെ അടക്കം ചെയ്യണമെന്ന് അദ്ദേഹം പറയുമായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ ആഗ്രഹത്തെ മാനിച്ചു. ഇപ്പോൾ അദ്ദേഹം മുകളിൽ ഇരുന്ന് സന്തോഷത്തോടെ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും” കണ്ണുനീർ തുടച്ചു കൊണ്ട് മകൾ കൂട്ടിച്ചേർത്തു.

×