തിരുവനന്തപുരം: കായംകുളം എം.എസ്.എം കോളേജിൽ ബികോം പഠിച്ചു തോറ്റശേഷം ഛത്തീസ്ഗഡിലെ കലിംഗ യൂണിവേഴ്സിറ്റിയുടെ ബികോം സർട്ടിഫിക്കറ്റുമായി എം.എസ്.എം കോളേജിൽ തന്നെ പ്രവേശനം നേടിയ എസ്.എഫ്.ഐ മുൻനേതാവ് നിഖിൽ തോമസ് അറസ്റ്റിലേക്ക്.
ഏതാനും ദിവസമായി ഒളിവിലുള്ള ഇയാളെ കണ്ടെത്താൻ 3 പോലീസ് സംഘങ്ങൾ സംസ്ഥാനമാകെ തിരച്ചിൽ നടത്തുകയാണ്. കായംകുളം ഡിവൈ.എസ്.പി അജയനാഥിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. സമാനമായ വ്യാജരേഖാ കേസിൽ എസ്.എഫ്.ഐ നേതാവായിരുന്ന വിദ്യ ചൊവ്വാഴ്ചയാണ് കസ്റ്റഡിയിലായത്.
കലിംഗ സർവ്വകലാശാലയുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കി കബളിപ്പിച്ചതിന് കോളേജിന്റെ പരാതിയിൽ കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എഫ്.ഐ കായംകുളം ഏരിയാകമ്മിറ്റിയംഗമായിരുന്ന നിഖിൽതോമസിനെതിരേ 7വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വ്യാജരേഖ ചമയ്ക്കലിനുള്ള ഐ.പി.സി 465 വകുപ്പ് പ്രകാരം ശിക്ഷ രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്. വഞ്ചനയ്ക്കായി വ്യാജ രേഖ ചമയ്ക്കൽ കുറ്റത്തിനുള്ള ഐ.പി.സി 468 വകുപ്പനുസരിച്ച് 7 വർഷം തടവും പിഴയുമാണ് ശിക്ഷ. വ്യാജ രേഖ യഥാർത്ഥമായി ഉപയോഗിച്ചതിനുള്ള ഐ.പി.സി 471 വകുപ്പിലും തടവുശിക്ഷ കിട്ടാം.
കഴിഞ്ഞ ഞായറാഴ്ചവരെ കായംകുളത്തെ വീട്ടിലുണ്ടായിരുന്ന നിഖിൽ തോമസ് തിങ്കളാഴ്ച പുലർച്ചെ എസ്.എഫ്.ഐ സംസ്ഥാന നേതാവ് പി.എം ആർഷോയെ കാണാനായി തിരുവനന്തപുരത്ത് പോയതായും പിന്നീട് യാതൊരു വിവരവും തങ്ങൾക്ക് ഇല്ലെന്നുമാണ് വീട്ടുകാർ പോലീസിനെ അറിയിച്ചത്. നിഖിലിന്റെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഫോൺ സൈബർ പൊലീസ് മുഖാന്തിരം നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ തിരുവനന്തപുരത്താണ്.
കായംകുളം എം.എസ്.എം കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് മുഹമ്മദ് താഹയുടെ പരാതിയിലാണ് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജമെന്ന് അറിയാവുന്ന രേഖ ഒറിജിനലാണെന്ന വ്യാജേന ബികോം പരീക്ഷയിൽ തോറ്റ നിഖിൽ തോമസ് കോളേജിൽ എം.കോം പ്രവേശനത്തിനായി സമർപ്പിച്ച് കബളിപ്പിച്ചതായാണ് എഫ്.ഐ.ആറിൽ പറയുന്നത്.
കലിംഗ സർവ്വകലാശാലയുടെതായ ട്രാൻസ്ഫർ /മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, കേരള സർവ്വകലാശാലയിൽ നിന്നുള്ള ഇക്വലന്റ് സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിച്ചിട്ടുള്ളതായി എഫ്.ഐ.ആർ വ്യക്തമാക്കുന്നു. ആർഷോയെ കാണാൻ തിരുവനന്തപുരത്ത് നിഖിലിനൊപ്പം പോയ ഡി.വൈ.എഫ്.ഐ നേതാവിനെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖിൽ ഒളിവിൽ പോയത് എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
അതേസമയം കോളേജ് അധികൃതർ നൽകിയ പരാതിയുടെയും സമർപ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാൻ കായംകുളം എസ്.ഐയുടെ നേതൃത്വത്തിലുള്ള രണ്ടംഗ പൊലീസ് സംഘം കലിംഗ സർവ്വകലാശാലയിലെത്തി. കലിംഗ സർവ്വകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരുമായി ബന്ധപ്പെട്ട് നിഖിൽ അവിടെ പഠനം നടത്തിയിരുന്നോയെന്നും പരീക്ഷ പാസായോയെന്നും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് കലിംഗ സർവ്വകലാശാല അധികൃതരുടെ മൊഴിയും തെളിവിനായി രേഖപ്പെടുത്തും.
അതേസമയം, അഡ്മിഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിൽ സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പ് വരുത്താൻ ചുമതലപ്പെട്ട എം.എസ്.എം കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് താഹ, കോമേഴ്സ് വകുപ്പ് മേധാവി സോണി.പി.ജോൺ അടക്കമുള്ള അധ്യാപകരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്