മതി ഇനിയീ ചോരകുടിയൻ രാഷ്ട്രീയം;ആത്മീയ-രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുമിച്ചിറങ്ങണം

Thursday, April 15, 2021

സിറിയക് ചാഴികാടൻ

(സംസ്ഥാന ജനറൽ സെക്രട്ടറി, കേരളാ യൂത്ത് ഫ്രണ്ട് എം)

പൊതുപ്രവർത്തകനെന്ന നിലയ്ക്ക് ഉള്ളുനീറുന്ന മറ്റൊരു ദിവസംകൂടി. രാഷ്ട്രീയത്തെക്കുറിച്ചും അതിലെ മൂല്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞുകൊടുത്ത് വളർത്തിയെടുക്കേണ്ടവരായ ബാലതലമുറയിൽപ്പെട്ട ഒരു തരുണനെ രണ്ട് കഠാരക്കുത്തുകൾകൊണ്ട് തീർത്തിരിക്കുന്നു.

പതിവുപോലെ, ചോരക്കൊതിയിൽ അറപ്പു തീർന്ന സംഘംതന്നെയാണ് പ്രതികൾ. അവരുടെ തീരാത്ത രക്തദാഹത്തെക്കുറിച്ച് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാൽ, അതു മതിയോ നമുക്കിനി? കൊല്ലപ്പെട്ടിരിക്കുന്നത് പതിനഞ്ചുകാരനായ ഒരു ബാലനാണ്!

രാഷ്ട്രീയവൈരവും അതിന്റെ തുടർച്ചയായ സംഘർഷങ്ങളും ജീവൻ പൊലിയുന്നതിലേക്ക് എത്തുന്നത് കേരളത്തിന് അസ്വാഭാവികമായി തോന്നാത്ത വാർത്തയായിരിക്കുന്നു. അതേയൊരു നിർവികാരത നമ്മുടെ കുട്ടികളുടെ ജീവൻ പൊലിയുന്ന കാര്യത്തിലും പതിയെ വന്നുചേർന്നേക്കാം എന്നത് നമ്മുടെയൊക്കെയും ഉറക്കം കെടുത്തിയേ പറ്റൂ. അപ്പോഴപ്പോൾ നടക്കുന്ന മുറിവുണക്കലുകളും സമാധാനം പുനസ്ഥാപിക്കലും മാത്രം പോരാ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിലെന്ന് ഏറ്റവും ഉച്ചത്തിൽ പറയേണ്ടിയിരിക്കുന്നു.

ഒരു നിമിഷംപോലും ഇനി അക്കാര്യത്തിൽ അറച്ചുനിൽക്കാനില്ല. പരസ്പരം സ്കോർബോർഡ് നിരത്തി ന്യായീകരിക്കാൻ ഇനിയൊരു പക്ഷത്തിനും അവസരം ഉണ്ടായിക്കൂടാ. കാരണം, ജീവനുമേൽ തൊട്ടു കളിക്കാനും അതിൻമേൽ കണക്കുപറയാനുമുള്ള അവകാശമോ കഴിവോ നമുക്കില്ല; അത് സർവ്വശക്തന്റെ കരങ്ങളിൽ മാത്രം നിക്ഷിപ്തമാണ്. ഏതു ദൈവങ്ങളുടെ പേരിൽ പ്രവർത്തിക്കുന്നവരായാലും, ഏതു രാഷ്ട്രീയത്തിന്റെ പേരിൽ ആണയിടുന്നവരായാലും, ജീവനുമേൽ കൈവെയ്ക്കുന്നവർ, അതിനെ പരസ്പരം കൈചൂണ്ടി ന്യായീകരിക്കുന്നവർ, ജനാധിപത്യവിരോധികളാണ്; ദൈവനിഷേധികളുമാണ്.

ഇത്രയും വരെയൊക്കെ ആരും തലകുലുക്കി സമ്മതിക്കുമായിരിക്കും, ചിലപ്പോൾ. പക്ഷെ, മില്യൺഡോളർ ചോദ്യം വരുമ്പോൾ നമ്മൾ ഉത്തരമില്ലാത്തവരാണ് – പൂച്ചയ്ക്ക് ആര് മണികെട്ടുമെന്ന ചോദ്യം വരുമ്പോൾ.

ഉള്ളിൽ ജനസേവന രാഷ്ട്രീയമോ, ജീവൻ നൽകാനും എടുക്കാനും അവകാശമുള്ള ഈശ്വരനിൽ ഉള്ളുതൊട്ടുള്ള വിശ്വാസമോ ഇല്ലാത്ത പ്രാകൃതന്മാരുടെ ചെയ്തികൾക്ക് ആര് കടിഞ്ഞാണിടും? ആർ അതിന് മുൻകയ്യെടുക്കും?

കക്ഷിഭേദമില്ലാതെ രാഷ്ട്രീയനേതൃത്വങ്ങൾ അതിന് മുൻകയ്യെടുത്തേ പറ്റൂ. നമ്മുടെ രാഷ്ട്രീയപ്രവർത്തനമേഖലയിലെ ഒന്നാം അജണ്ടയായി ഇത് ഏറ്റെടുക്കലാവണം മെയ് രണ്ടിന് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ സർക്കാരിന്റെ ആദ്യ ഉത്തരവാദിത്തം. വികസനപ്രശ്നങ്ങളും ഭരണാസൂത്രണങ്ങളുമൊക്കെ പിന്നാലെ മാത്രം വരട്ടെ. ചിത്രമെഴുതാൻ ചുവർ വേണമല്ലോ!

ഒരു കൊലപാതകത്തിന്റെ പേരിലുള്ള ആവേശപ്രകടനമായി ഈ എഴുത്തിനെ കാണണ്ട. കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാറ്റം വലിയ സംഘർഷങ്ങളിലേക്ക് കേരളജനതയെ വലിച്ചുകൊണ്ടുപോകാൻ ഇടയുണ്ടെന്ന് എന്റെ രാഷ്ട്രീയബോദ്ധ്യം ഉറപ്പിച്ചു പറയുന്നു. അതുകൊണ്ടാണ് ഇതിനിയുമൊരു ജീവൻ പൊലിഞ്ഞുകൂടെന്നും, നിശ്ചയദാർഢ്യത്തോടെ നീങ്ങണമെന്നും, ശക്തമായി പറഞ്ഞുപോവുന്നത്.

ഒരു കാര്യംകൂടിയുണ്ട്. രാഷ്ട്രീയനേതൃത്വത്തിന്റെയും ഭരണനേതൃത്വത്തിന്റെയും കയ്യിൽമാത്രമായി ഒതുങ്ങുന്നൊരു ടാസ്ക് അല്ലെന്നും കാണണം.

അവിടെ സവിശേഷമായ റോളുള്ളവരായി ആത്മീയനേതൃത്വത്തെ ഞാൻ കാണുന്നു. മതനേതൃത്വമെന്ന് മനപ്പൂർവ്വം ഉപയോഗിക്കാത്തതാണ്. ശരിയായാലും തെറ്റായാലും, രാഷ്ട്രീയനേതൃത്വംപോലെതന്നെ പക്ഷം പിടിക്കുന്നവരായി മതനേതൃത്വത്തെയും ജനങ്ങൾ കണ്ടുപോരുന്ന ദുസ്ഥിതി നിലവിലുണ്ട്. എന്നാൽ, മതവ്യത്യാസം ഓർമ്മ വരാതെ ഏതാണ്ട് എല്ലാ വിഭാഗം ജനതയും വിശ്വാസത്തിലെടുക്കുന്ന , എല്ലാ മതത്തിലുംപെട്ടവരായ, അന്യമതവിദ്വേഷപ്രചാരകരല്ലാത്ത മതനേതൃത്വങ്ങളെ പൊതുവിലാണ് ആത്മീയനേതൃത്വമെന്ന് പറഞ്ഞത്.

ജനങ്ങൾക്കും ജനങ്ങളെയും വിശ്വാസമുള്ള അവർക്കൊപ്പം, അതേപോലെ കക്ഷിരാഷ്ട്രീയവ്യത്യാസം നോക്കാതെ ജനങ്ങൾ ബഹുമാനിക്കുന്ന രാഷ്ട്രീയനേതാക്കളും ചേർന്ന് ഈയൊരു മാനവസ്നേഹപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണം. അധികാരമേൽക്കുന്ന സർക്കാരിനെയും സർക്കാർസംവിധാനത്തിന്റെ ഭാഗംതന്നെയായ പ്രതിപക്ഷനേതൃത്വത്തെയും ഒരു മേശയ്ക്ക് ചുറ്റും കൊണ്ടുവരാനവർ എല്ലാ ധാർമ്മികബലവും പ്രയോഗിക്കണം.

നടക്കും. നടക്കുമെന്നുതന്നെയാണ് എന്റെയും, ഞാൻ പ്രതിനിധാനംചെയ്യുന്ന യുവജനപ്രസ്ഥാനത്തിന്റെയും പ്രതീക്ഷ. മറ്റ് യുവജനസംഘടനകളെയും മുൻവിധികൂടാതെ ഈയൊരു അജണ്ട പുഷ് ചെയ്യാൻ മുന്നോട്ടുവരട്ടെയെന്ന് താഴ്മയോടെ ആശിക്കുന്നു; ക്ഷണിക്കുന്നു.

ഒരു ജനതയെന്ന നിലയ്ക്ക് നമുക്കും നമ്മുടെ പുതുതലമുറയ്ക്കും ഇവിടെ അതിജീവിക്കണമല്ലോ

×