പൊന്നാനി: വർഷാവർഷങ്ങളിൽ കടൽക്ഷോഭം ഉണ്ടാവുകയും കടൽകയറി കിടപ്പാടവും ജീവനോപാധികളും ഒലിച്ചു പോകുന്ന ദുരന്താനുഭവം ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പൊന്നാനി തീരദേശ സംരക്ഷണ സമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വേനൽകാലം ഉപയോഗപ്പെടുത്തി ശാസ്ത്രീയമായ വിധത്തിൽ കടൽഭിത്തി നിർമിക്കുകയാണ് കടൽക്ഷോഭം മൂലം ഉണ്ടാവാറുള്ള ദുരിതപ്രവാഹത്തിനുള്ള ശാശ്വത പരിഹാരമെന്ന് സർക്കാരിന് നേരിട്ട് സമർപ്പിച്ച നിവേദനം സമർപ്പിച്ച നിവേദനത്തിലൂടെ തീരദേശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പൊന്നാനിയിൽ വർഷം തോറും മഴക്കാലമായാൽ തീരത്ത് അവർണനീയമായ ദുരിതപ്പെയ്ത്താണ്. കിടപ്പാടം ഒളിച്ചു പോയ നൂറുകണക്കിന് കടലിന്റെ മക്കളും അവരുടെ കുടുംബങ്ങളും താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പാർപ്പിക്കാറാണ് പതിവ്. കടൽക്ഷോഭത്തിന്റെ ഇരകളെ നഗരത്തിലെ സ്‌കൂളുകളിൽ സജ്ജീകരിക്കുന്ന അഭയ ക്യാമ്പുകളിൽ ദിവസങ്ങളോളം പാർപ്പിക്കുകയും കടലിറങ്ങുന്നതോടെ തീരത്തേക്ക് തന്നെ തിരികെയെത്തിക്കുകയും ചെയ്യാറാണ് പതിവ്. അതോടെ ഇവരുടെ ദുരിതങ്ങളും അവയ്ക്കുള്ള ശാശ്വത പരിഹാരവും എല്ലാവരും മറക്കുകയും ചെയ്യും.
ഈ പതിവ് ഇനിയുണ്ടാവരുതെന്ന നിർബന്ധ ബുദ്ധിയോടെയാണ് തീരദേശ സംരക്ഷണ സമിതിയുടെ നീക്കം. ഇടതുപക്ഷ സർക്കാർ കടലിന്റെ മക്കളെ ചേർത്തുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സമിതി പ്രവർത്തകർ. ഇക്കാര്യത്തിലുള്ള പൊന്നാനി ജനങളുടെ നിവേദനം തീരദേശ സമിതി പ്രവർത്തകർ കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ന്യൂനപക്ഷ - വഖഫ് - കായിക മന്ത്രി വി അബ്ദുൾറഹ്മാൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ. പി ശശി എന്നിവരുടെ ഓഫീസുകളിൽ നേരിട്ട് ചെന്ന് സമർപ്പിക്കുകയുണ്ടായി.
പൊന്നാനിയിൽ കടൽഭിത്തി എന്ന കാര്യം ഗൗരവത്തിലും അടിയന്തര സ്വഭാവത്തോടെയും പരിഗണിക്കുമെന്ന ഉറപ്പിൽ പ്രതീക്ഷ ഉള്ളതായി നിവേദന സമർപ്പണ ശേഷം പൊന്നാനി തീരദേശ സംരക്ഷണ സമിതി അദ്ധ്യക്ഷൻ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ വിവരിച്ചു. തീരപ്രദേശത്തെ സന്തോഷമാണ് പൊന്നാനിയുടെ പൊതുവായ പുരോഗതിയ്ക് വഴിവെക്കുന്നതെന്നും കടലും കടൽക്കരയിലെ മനുഷ്യരുമാണ് നാടിന്റെ സർവ്വതോമുഖമായ അഭിവൃദ്ധിയുടെ നിതാനമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ ഖാസിം കോയ തുടർന്നു.
പൊന്നാനിയിലെ മൽസ്യബന്ധന വ്യവസായത്തിലെ പൊന്നാനിയിലെ പ്രധാന കേന്ദ്രമായ മറക്കടവ്, മുക്കാടി ഭാഗങ്ങൾക്ക് പഴയ പ്രതാപം തിരിച്ചു കിട്ടാനും കടൽഭിത്തിയും കടൽക്ഷോഭ പ്രതിരോധവും അത്യാവശ്യമാണ്. കടലിൽ പോകുന്ന ആയിരക്കണക്കിന് തൊഴിലാളികളും കച്ചവടക്കാരും താമസിക്കുന്ന അഴീക്കൽ ഉൾപ്പെടെയുള്ള ഈ പ്രദേശങ്ങൾ ഉണർന്നാലാണ് തീരദേശ പട്ടണമായ പൊന്നാനിയുടെ മൊത്തമായി ഉണർവ്. ഇടതു പക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ പണി പൂർത്തിയായിവരുന്ന പൊന്നാനി ഹാർബർ, കർമറോഡ് സംരംഭങ്ങൾ തുടങ്ങിയവയുടെ ഫലം നാട്ടിന് പൂർണാർത്ഥത്തിൽ ലഭിക്കുന്നതിനും തീരത്തിന്റെയും തീര ത്ത് ജീവിക്കുന്നവരുടെയും സംരക്ഷണം അനിവാര്യമാണ്.