Advertisment

പൊന്നാനിയില്‍ പി നന്ദകുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തം: സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചു.

New Update

publive-image

Advertisment

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി നന്ദകുമാറിനെ സിപിഎം സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ പാർട്ടിയിൽ പ്രതിഷേധം ശക്തം. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പാർട്ടി അംഗങ്ങൾ രാജിവെച്ചു.

പൊന്നാനി ലോക്കൽ കമ്മിറ്റിയിലെ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി കെ മഷ്ഹൂദ്, ലോക്കൽ കമ്മിറ്റിയംഗം എം നവാസ്, എരമംഗലം ലോക്കൽ കമ്മിറ്റിയിലെ നാക്കോല ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവുമായ നവാസ് നാക്കോല, താഴത്തേൽപടി ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധൻ കുവ്വക്കാട്ട്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി അശോകൻ, ബിജു കോതമുക്ക്, വെളിയങ്കോട് ലോക്കൽ കമ്മിറ്റിയിലെ പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം എം ബാദുഷ, തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വി എം റാഫി തുടങ്ങിയവരാണ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്.

പൊന്നാനി നഗരസഭയിലെ 22 പാർട്ടി അംഗങ്ങളും പെരുമ്ബടപ്പ് ലോക്കൽ കമ്മിറ്റിയിലെ 11, മാറഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ നാല് പാർട്ടി അംഗങ്ങളും രാജിസമർപ്പിച്ചിട്ടുണ്ട്. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്ബടപ്പ്, മാറഞ്ചേരി മേഖലയിൽനിന്നുള്ള പാർട്ടി ജനപ്രതിനിധികളും രാജിവെക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം താഹിർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

സിഐടിയു നേതാവ് പി നന്ദകുമാറിനെ പൊന്നാനിയിൽ സ്ഥാനാർത്ഥി ആക്കിയതിനെതിരെയാണ് പ്രതിഷേധം. പൊന്നാനിക്കാരനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ടി എം സിദ്ധിഖിനെ സ്ഥാനാർത്ഥി ആക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. അതേസമയം പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

Advertisment